പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ പ്രദേശത്തെ കേന്ദ്ര സഹകരണ സംഘത്തിന്റെ ബിസിനസ് ഏജന്റ് എന്ന നിലയില്‍മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നബാര്‍ഡിന്റെ വിവാദ ഉത്തരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. വിവാദ സര്‍ക്കുലര്‍ ഗ്രാമീണമേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ എംപി രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ കിസാന്‍സഭയും നബാര്‍ഡിന്റെ കര്‍ഷകവിരുദ്ധ- ജനവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുന്ന കാര്യം കെ എന്‍ ബാലഗോപാലിനെ കത്തുമുഖേന അറിയിച്ചത്. നബാര്‍ഡിന്റെ ഉത്തരവ് സഹകരണമേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയമാണ് നിര്‍ണായക തീരുമാനമെടുക്കേണ്ടതെന്നും ശരദ് പവാര്‍ കത്തില്‍ പറഞ്ഞു. ധനമന്ത്രാലയത്തോട് ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാല്‍ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കാമെന്ന് ധനമന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്ന് പവാര്‍ കത്തില്‍ അറിയിച്ചു.
ജൂലൈ 22നാണ് നബാര്‍ഡ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രാഥമിക കാര്‍ഷിക സഹകരണബാങ്കുകളെ കേന്ദ്ര സഹകരണ സംഘത്തിന്റെ ബിസിനസ് ഏജന്റ് എന്ന നിലയിലാക്കി മാറ്റാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു നബാര്‍ഡ്. ഇത് നടപ്പാക്കിയാല്‍ പ്രാഥമിക സഹകരണ-കാര്‍ഷിക ബാങ്കുകളുടെ സ്വതന്ത്ര പദവി ഇല്ലാതാകും. ഈ ബാങ്കുകളുടെ സ്വത്തുക്കള്‍ കേന്ദ്ര സഹകരണബാങ്കിലോ സംസ്ഥാന ബാങ്കിലോ ലയിപ്പിക്കണം. പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ സ്വരൂപിച്ച നിക്ഷേപങ്ങളെല്ലാം മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലേക്ക് മാറ്റണം. വായ്പ നല്‍കാനുള്ള അധികാരവും ഇല്ലാതാകും. കേരളത്തില്‍ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍, വിശേഷിച്ച് ഗ്രാമീണമേഖലയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സഹകരണസ്ഥാപനങ്ങളെ ഇല്ലാതാക്കി ജനങ്ങളെ വീണ്ടും കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്നതാണ് പുതിയ സര്‍ക്കുലറെന്ന് ബാലഗോപാല്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.
deshabhimani
No comments:
Post a Comment