Friday, March 18, 2011

വായ്പാ-നിക്ഷേപ അനുപാതത്തില്‍ വര്‍ധന; പ്രവാസി നിക്ഷേപം കുറഞ്ഞു

സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ നേരിയ വര്‍ധനവുണ്ടായതായി സംസ്ഥാനതല ബാങ്കിങ് അവലോകന സമിതിയോഗം വിലയിരുത്തി. 2010 ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ വായ്പാ- നിക്ഷേപ അനുപാതം 72.29 ശതമാനമായാണ് വര്‍ധിച്ചത്. 2010 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ചു 4.66 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 മാര്‍ച്ചില്‍ ഇതു 67..63 ശതമാനമായിരുന്നു. 2010 ജൂണ്‍ ആയപ്പോള്‍ ഇതു 67.78 ശതമാനമായി. സെപ്തംബറില്‍ എത്തിയപ്പോള്‍ വായ്പാ- നിക്ഷേപ അനുപാതം വര്‍ധിച്ചു 70.82 ശതമാനമായെന്നും യോഗം വിലയിരുത്തി. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ വായ്പാ-നിക്ഷേപ അനുപാതം 72.10 ശതമാനവും ദേശസാല്‍കൃത ബാങ്കുകളില്‍ 81.25 ശതമാനവും പ്രാദേശിക ബാങ്കുകളിലേത് 121.59 ശതമാനവും സ്വകാര്യ ബാങ്കുകളിലേതു 61.05 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക്, ദേശസാല്‍കൃത ബാങ്ക്, പ്രാദേശിക ബാങ്ക് എന്നിവയുടെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു നേരിയ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ സ്വകാര്യബാങ്കുകളുടെ അനുപാതത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ വായ്പാനിക്ഷേപം 71.14 ശതമാനവും നഗര പ്രദേശത്തേത് 87.03 ശതമാനവുമാണ്.

2010 ഡിസംബറില്‍ അവസാനിച്ച വര്‍ഷം സംസ്ഥാനത്തെ ആകെ നിക്ഷേപം 1,58,306 കോടി രൂപയായി വര്‍ധിച്ചു. 2010 മാര്‍ച്ചില്‍ ആകെ നിക്ഷേപം 1,43,404 കോടിയായിരുന്നു. 2010-11 സാമ്പത്തികവര്‍ഷത്തിലെ ആദ്യ മൂന്നു പാദം പരിശോധിക്കുമ്പോള്‍ 14,902 കോടി രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ പ്രവാസി നിക്ഷേപത്തില്‍ 347 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി. 2009 ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 37,412 കോടിയായിരുന്ന നിക്ഷേപം 2010 ഡിസംബര്‍ ആയപ്പോഴേയ്ക്കും 37,065 കോടിയായി കുറഞ്ഞു. അതേസമയം 2010 മാര്‍ച്ചിനുശേഷം പ്രവാസി നിക്ഷേപത്തില്‍ നേരിയ വര്‍ധനവുണ്ടായതായും ബാങ്കിങ് സമിതി വിലയിരുത്തി. 2010 മാര്‍ച്ചിലെ പ്രവാസി നിക്ഷേപം 36,886 കോടിയായിരുന്നു. 2010 മാര്‍ച്ചില്‍ 74.28 ശതമാനമായിരുന്ന ആഭ്യന്തര നിക്ഷേപം 2010 ഡിസംബര്‍ ആയപ്പോഴേയ്ക്കും 76.59 ശതമാനമായി ഉയര്‍ന്നതായും ബാങ്കിങ് അവലോകന യോഗം വിലയിരുത്തി.

സംസ്ഥാനത്തെ വാണിജ്യബാങ്കുകള്‍ മുന്‍ഗണനാ മേഖലയില്‍ 42,558 കോടി രൂപ വിനിയോഗിച്ചു. ഇതില്‍ 20,492 കോടി രൂപ കാര്‍ഷിക മേഖലയിലും 2112 കോടി രൂപ സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയിലും 19,954 കോടി രൂപാ മറ്റു മുന്‍ഗണനാ മേഖലകളിലുമാണ് വിനിയോഗിച്ചത്.

കാര്‍ഷികമേഖലയുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഫാര്‍മേഴ്‌സ് ക്ലബ് പദ്ധതി ഏറെ ശ്രദ്ധേയമായതായി യോഗം വിലയിരുത്തി. എസ് ബി ടി, എസ് ബി ഐ എന്നിവയുടെ സഹായത്തോടെ നടപ്പാക്കിയ പാഡി ഇന്‍ഷ്വറന്‍സ് പദ്ധതി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പ്രീമിയം സമാഹരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് നബാര്‍ഡിന്റെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക ഉല്‍പന്നങ്ങളായ നാളികേരം, കുരുമുളക്, ഏലം, റബ്ബര്‍ എന്നിവയെ ദേശീയ കാര്‍ഷിക ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. കൃഷി ആവശ്യത്തിനായി ഭൂമി പാട്ടത്തിനെടുക്കാന്‍ കര്‍ഷകര്‍ക്ക്  ഉദാര വ്യവസ്ഥയില്‍ വായ്പകള്‍ ലഭ്യമാക്കും. ഇതിനായി നിലവിലുള്ള നിയമങ്ങലും ചട്ടങ്ങളും ലഘൂകരിക്കും. ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ദാരിദ്ര്യം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം രാജ്യത്ത് കൂടുതലാകുമെന്ന് യോഗത്തില്‍ പങ്കെടുന്ന വിവിധ ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. ഇതിന്റെ  ഫലമായി അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില ഉയരാനും സാധ്യതയുണ്ട്. ഇത് പരിഹരിക്കാനായി കാര്‍ഷിക മേഖലയിലെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ ധാരണയായി. കാനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് എസ് ഉപേന്ദ്ര കമ്മത്ത്, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ നിവേദിത പി ഹരന്‍, കെ ജയകുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധര്‍ എന്നിവര്‍ പങ്കെടുത്തു.

janayugom 180311

1 comment:

  1. സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ നേരിയ വര്‍ധനവുണ്ടായതായി സംസ്ഥാനതല ബാങ്കിങ് അവലോകന സമിതിയോഗം വിലയിരുത്തി. 2010 ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ വായ്പാ- നിക്ഷേപ അനുപാതം 72.29 ശതമാനമായാണ് വര്‍ധിച്ചത്. 2010 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ചു 4.66 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 മാര്‍ച്ചില്‍ ഇതു 67..63 ശതമാനമായിരുന്നു. 2010 ജൂണ്‍ ആയപ്പോള്‍ ഇതു 67.78 ശതമാനമായി. സെപ്തംബറില്‍ എത്തിയപ്പോള്‍ വായ്പാ- നിക്ഷേപ അനുപാതം വര്‍ധിച്ചു 70.82 ശതമാനമായെന്നും യോഗം വിലയിരുത്തി. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ വായ്പാ-നിക്ഷേപ അനുപാതം 72.10 ശതമാനവും ദേശസാല്‍കൃത ബാങ്കുകളില്‍ 81.25 ശതമാനവും പ്രാദേശിക ബാങ്കുകളിലേത് 121.59 ശതമാനവും സ്വകാര്യ ബാങ്കുകളിലേതു 61.05 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക്, ദേശസാല്‍കൃത ബാങ്ക്, പ്രാദേശിക ബാങ്ക് എന്നിവയുടെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു നേരിയ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ സ്വകാര്യബാങ്കുകളുടെ അനുപാതത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ വായ്പാനിക്ഷേപം 71.14 ശതമാനവും നഗര പ്രദേശത്തേത് 87.03 ശതമാനവുമാണ്.

    ReplyDelete