Friday, January 22, 2021

സിഎജി റിപ്പോർട്ട്‌ സ്വാഭാവിക നീതി ലംഘിക്കുന്നത്‌; നിയമസഭ പ്രമേയം പാസാക്കി

 സി ആൻഡ്‌ എജിയുടെ തെറ്റായ കീഴ്‌വഴക്കം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ വ്യക്തമാക്കി റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ സി&എജി റിപ്പോർട്ട് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്‌.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം:

സി&എജി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചിലവുകളുടെയും വരുമാനത്തിന്റെയും ആഡിറ്റ് നടത്തുന്ന ഭരണഘടനാ സ്ഥാപനമാണ്. ഈ ആഡിറ്റ് നടത്തുന്നതിന് നിയമവും കീഴ്‌വഴക്കവും ചട്ടവും നിലവിലുണ്ട്. കാലങ്ങളായി നിലവിലുള്ള നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം മറികടന്നാല്‍ എന്താണ് ഉണ്ടാവുക.?

സി&എജി ആഡിറ്റ് നടത്തുമ്പോള്‍ കരട് റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പിന് നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്യുന്ന രീതിയുണ്ട്. അതിനുശേഷം ഈ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് ഭരണഘടനാ സ്ഥാപനമായ സി&എജിയുടെ ഒപ്പോടുകൂടി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയും കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു.

ഇവിടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ചില ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു കാര്യം തീരുമാനിക്കുന്നതിനു മുമ്പ് ബാധിക്കപ്പെടുന്ന ആളിന്റെ/സ്ഥാപനത്തിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് സ്വാഭാവിക നീതി അഥവാ natural justice ന്റെ പ്രാഥമിക തത്വം. ഇത് ലംഘിക്കപ്പെട്ടതിനാല്‍ സി&എജി റിപ്പോര്‍ട്ടിന്റെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്.

ഈ തെറ്റായ കീഴ്‌വഴക്കം അംഗീകരിച്ചു പോയാല്‍ എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മില്‍ നിലവിലുള്ള checks and balances അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നു എന്ന അപഖ്യാതി ഈ സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. അതിനാലാണ് ഈ പ്രമേയം.

കേരളത്തെ തകർക്കാൻ സിഎജിക്കൊപ്പം യുഡിഎഫും ; കിഫ്‌ബിക്കെതിരായ ഗൂഢനീക്കം തുറന്നുകാട്ടി സഭ

കേരളത്തിന്റെ വികസനത്തിന്‌ കരുത്ത്‌ പകരുന്ന കിഫ്‌ബിയെ തകർക്കാനുള്ള സിഎജിയുടെ ഗൂഢനീക്കം തുറന്ന്‌ കാട്ടി നിയമസഭ. സംഘപരിവാർ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഏജൻസികൾ പറയുന്ന അതേകാര്യം യുഡിഎഫ് സഭയിൽ അടിയന്തരപ്രമേയ ചർച്ചയിലും ആവർത്തിച്ചു. 

വി ഡി സതീശനാണ്‌ കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി നിയമസഭയിൽ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌.  വിഷയം സഭയിൽ ചർച്ചചെയ്യില്ലെന്ന പ്രതീക്ഷയിലാണ്‌ നോട്ടീസ്‌ നൽകിയത്‌. എന്നാൽ ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ അറിയിച്ചു. കിഫ്ബി വികസനം വേണോയെന്ന കാര്യത്തിൽ എവിടെ നിൽക്കുന്നുവെന്ന്‌ പ്രതിപക്ഷം ചർച്ചയിൽ തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ 12ന്‌‌ സഭാ നടപടി നിർത്തിവച്ച്‌ അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുത്തു. 

വി ഡി സതീശനാണ്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. പ്രതിപക്ഷം പറയാത്തതൊന്നും സിഎജി റിപ്പോർട്ടിലില്ലെന്ന്‌ അദ്ദേഹം തുറന്ന്‌ പറഞ്ഞു. തങ്ങൾ പലപ്പോഴായി പറഞ്ഞതിന്റെ ആവർത്തനം  മാത്രമാണ്‌ സിഎജി എഴുതിയത്‌. പിന്നീടാണ്‌ ഈ തുറന്ന്‌ പറച്ചിൽ അബദ്ധമായതെന്ന് യുഡിഎഫിന്‌ മനസ്സിലായത്‌. യുഡിഎഫ്‌ സഭയിൽ പറയുന്നവ അതേപോലെ സിഎജി റിപ്പോർട്ടിൽ സ്ഥാനം പിടിക്കുന്നതായി നേരത്തെ വിമർശനമുണ്ട്‌. പൊലീസ്‌ വകുപ്പ്‌മായി ബന്ധപ്പെട്ട കഴിഞ്ഞ സിഎജി റിപ്പോർട്ടിലെ പരാമർശം, റിപ്പോർട്ട്‌ വരുംമുമ്പേ പി ടി തോമസ്‌ സഭയിൽ അവതരിപ്പിച്ചിരുന്നു. എക്‌സിറ്റ്‌ യോഗത്തിന്റെ   മിനിറ്റ്‌‌സ്‌ ധനവകുപ്പിന്‌ കിട്ടിയിരുന്നുവെന്ന സതീശന്റെ ആരോപണവും തിരിച്ചടിച്ചു. എവിടെനിന്നാണ്‌ ഈ വിവരം കിട്ടിയതെന്ന്‌ ധനമന്ത്രി ചോദിച്ചു. അതിന്‌ വിവരാവകാശം പോലെ പല വഴികളുമുണ്ടെന്നായി സതീശൻ. എന്നാൽ അങ്ങനെ ഒരു റിപ്പോർട്ട്‌ കിട്ടിയിട്ടില്ലെന്ന്‌ പറഞ്ഞ മന്ത്രി അത്‌ തെളിയിക്കാൻ സതീശനെ വെല്ലുവിളിച്ചു.  

കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ അടക്കം 60,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന കിഫ്‌ബിയുടെ ഗുണം ജനങ്ങൾ അനുഭവിച്ചിട്ടുണ്ട്‌. അതിനാൽ പ്രതിപക്ഷത്തിന്റെ കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം തങ്ങൾ ജനങ്ങൾക്ക്‌ മുമ്പിൽ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജയിംസ്‌ മാത്യു, എം സ്വരാജ്‌,  മുല്ലക്കര രത്‌നാകരൻ, സി കെ നാണു, എം  ഉമ്മർ,  വി ടി ബൽറാം, മോൻസ്‌ ജോസഫ്‌ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന്‌ അടിയന്തര പ്രമേയം സഭ തള്ളി.

സിഎജി വെല്ലുവിളിച്ചത്‌ കേരളത്തെ: ഐസക്‌

കിഫ്‌ബിയെ തകർക്കാനുള്ള സിഎജിയുടെ നീക്കം കേരളത്തോടുള്ള വെല്ലുവിളിയാണെന്നും അവ അംഗീകരിക്കാനാകില്ലെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്‌ നിയമസഭയിൽ പറഞ്ഞു. കിഫ്‌ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജിയുടെ റിപ്പോർട്ട്‌ തെറ്റാണ്‌. കിഫ്‌ബി വിദേശത്തു‌നിന്ന്‌ എടുത്ത വായ്‌പ മാത്രമല്ല, എല്ലാ വായ്‌പയും  ഭരണഘടനാ വിരുദ്ധമാണെന്നാണ്‌ സിഎജി പറഞ്ഞത്‌. ഇതാണ്‌ പ്രതിപക്ഷം ഏറ്റുപിടിച്ചത്‌.

കിഫ്‌ബിക്ക്‌ മസാലബോണ്ടിലുടെ സഹായം വാങ്ങാൻ അവകാശമുണ്ട്‌. അത്‌  ഭരണഘടനാ വിരുദ്ധമല്ല. സംസ്ഥാന സർക്കാരല്ല,  കോർപറേറ്റ്‌‌ ബോഡിയാണ് കിഫ്‌ബി. ഫെറ നിയമപ്രകാരം ഇത്തരം സ്ഥാപനങ്ങൾക്ക്‌ വിദേശ വായ്‌പയെടുക്കാം.

റിസർവ്‌ ബാങ്ക്‌ ഈ വായ്‌പയെ എതിർത്തിട്ടില്ല.  കേന്ദ്ര നിയമം  കൃത്യമായി പാലിച്ചാണ്‌ വായ്പ എടുത്തത്‌.  കിഫ്ബിയെടുത്ത വായ്പ സംസ്ഥാനം  എടുക്കുന്നതിന്‌ തുല്യമല്ല.  ലണ്ടൻ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിൽനിന്ന്‌ വായ്‌പ എടുത്തത്‌ തങ്ങൾക്ക്‌ ഇതിനൊക്കെ പ്രാപ്‌തിയുണ്ടെന്ന സന്ദേശം അന്താരാഷ്‌ട്ര കമ്പോളത്തിന്‌ നൽകുന്നതിനാണ്.  

ബജറ്റിന്‌ പുറത്തുനിന്നുള്ള വായ്‌പയാണെന്നാണ് സിഎജി വാദം. എന്നാൽ  ബജറ്റിൽ വച്ച പദ്ധതികൾക്കു വേണ്ടിയല്ല കിഫ്‌ബി വായ്‌പ.  

7300 കോടി ചെലവിട്ടു

കിഫ്‌ബി ഇതുവരെ 7300 കോടിരൂപ ചെലവഴിച്ചു. ദേശീയ പാത സ്ഥലമെടുപ്പിനുള്ള 700 കോടിരൂപ അടുത്ത ദിവസം നൽകും. അടുത്ത മാർച്ചോടെ 10000 മുതൽ 12,000 കോടി രൂപവരെ കേരളത്തിൽ കിഫ്‌ബി വഴി ചെലവഴിക്കും.  ഉദാരവൽക്കരണം നടപ്പാക്കിയ കോൺഗ്രസുകാർ ഇപ്പോൾ വിദേശ വായ്‌പയെ എതിർക്കുന്നത്‌ കാണുമ്പോൾ  ഒന്നും പറയാനില്ല.  

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അജൻഡയുടെ ഭാഗമായാണ്‌ സിഎജി റിപ്പോർട്ടിൽ കിഫ്‌ബിക്കെതിരായ പരാമർശങ്ങൾ കൂട്ടിച്ചേർത്തത്‌.  സിഎജിയുടെ തലപ്പത്ത്‌ ആരൊക്കെയാണ്‌ ഇരുത്തുന്നതെന്ന്‌ പരിശോധിക്കുന്നത്‌ നല്ലതാണെന്നും  മന്ത്രി ഐസക്‌ പറഞ്ഞു.

കേരളത്തിനെതിരായ രാഷ്‌ട്രീയ നീക്കം

ഇതരസംസ്ഥാനങ്ങൾക്കുള്ള അവകാശം കേരളത്തിന്‌ നിഷേധിക്കുന്നത്‌ രാഷ്‌ട്രീയ നീക്കമാണെന്ന്‌ പിന്നീട്‌ മന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ പുകമറ സൃഷ്ടിക്കാനാണ്‌ സി‌എജി ശ്രമിക്കുന്നത്‌. കരട്‌ റിപ്പോർട്ടിൽ ഇല്ലാത്ത കാര്യം അന്തിമ റിപ്പോർട്ടിൽ തിരുകി കയറ്റി. ഇതാകട്ടെ സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെയും. ഇത്‌ നിയമവിരുദ്ധമാണ്‌. നടപടിക്രമങ്ങൾ ലംഘിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ചെയ്തതെന്നും ഐസക്‌ പറഞ്ഞു.

No comments:

Post a Comment