ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ച നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ വനം-പരിസ്ഥിതി മന്ത്രാലയം കേവല പരാമര്‍ശമാണ് നടത്തിയതെന്നാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്. എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജ് പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച് 2013 നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതായി വനം-പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ജനുവരി 28ന് വ്യക്തമായി അറിയിച്ചു. ട്രിബൂണലിന്റെ അന്നത്തെ ഉത്തരവില്‍ ഇക്കാര്യം സംശയാതീതമായി എടുത്തുപറയുന്നുണ്ട്.
ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ഹരിത ട്രിബ്യൂണല്‍ ജനുവരി 28ന് പുറപ്പെടുവിച്ച ഉത്തരവിലെ വാചകം ഇങ്ങനെ: ""2013 നവംബര്‍ 13ന് ഇറക്കിയ ഉത്തരവും അതിലെ നിര്‍ദേശങ്ങളും നിലനില്‍ക്കുന്നതായാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് വിശദീകരിച്ചതെന്ന് മനസിലാക്കുന്നു"". ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടത്തോടെ നവംബര്‍ 13ന്റെ ഉത്തരവ് അപ്രസക്തമായെന്ന് ട്രിബ്യൂണല്‍ മുമ്പാകെ ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷന്റെ അഭിഭാഷകന് വാദിച്ചപ്പോഴാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്. 20ന്റെ മെമ്മോറാണ്ടം ആഭ്യന്തര നടപടിമാത്രമാണെന്നും മന്ത്രാലയത്തിനുവേണ്ടി ഹാജരായ നീലം റാത്തോഡ് അറിയിച്ചു. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്. താന്‍ വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയുമായി ബന്ധപ്പെട്ടുവെന്നും കേരളത്തിന്റെ അഭിപ്രായവും ആരാഞ്ഞശേഷമേ ഹരിതട്രിബ്യൂണലില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കൂ എന്ന് മൊയ്ലി ഉറപ്പുനല്‍കിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്തിയപ്പോഴാണ് ആശങ്കയ്ക്ക് വകയില്ലെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന് പരാമര്‍ശം മാത്രമാണ് നടത്തിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടത്.
സാജന് എവുജിന്‍
No comments:
Post a Comment