Monday, January 25, 2021

പ്രയോഗിച്ചത്‌ സഭയുടെ അധികാരം

സിഎജി റിപ്പോർട്ടിൽ കിഫ്‌ബിക്കെതിരെ രാഷ്ട്രീയ ലക്ഷ്യംവച്ച്‌ നടത്തിയ പരാമർശങ്ങൾ തള്ളിക്കളയുന്ന പ്രമേയം കേരള നിയമസഭ പാസാക്കിയിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഏതറ്റംവരെയും പോകുമെന്നതിന്റെ പ്രഖ്യാപനമാണിത്‌. കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകുന്ന സ്ഥാപനമാണ്‌ കിഫ്‌ബി. വരുമാനക്കുറവ്‌ ഒരു തരത്തിലും സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് തടയിടരുത്‌ എന്ന സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തിന്റെ ഉത്തരം കൂടിയാണത്‌. കേന്ദ്ര സർക്കാരിന്റെയും റിസർവ്‌ ബാങ്കിന്റെയും മറ്റും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ ധനസ്ഥാപനത്തെ കരിവാരിത്തേച്ച്‌ ദുർബലമാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഭരണഘടനാ സ്ഥാപനമായ സിഎജി മാറിയപ്പോഴാണ്‌ അത്‌ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടാൻ കേരള നിയമസഭ തയ്യാറായത്‌. വിദേശത്തുനിന്ന്‌ കിഫ്‌ബി വഴി മസാലബോണ്ടിലൂടെ 2150 കോടി രൂപ സമാഹരിച്ചത്‌ നിയമവിരുദ്ധമാണെന്നും കേന്ദ്രാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നുമുള്ള അഭിപ്രായമാണ്‌ സിഎജി ഏകപക്ഷീയമായി നടത്തിയത്‌. കിഫ്‌ബിയുടെ വിശ്വാസ്യതയെയും ഭാവി പ്രവർത്തനത്തെയും അതുവഴി കേരളത്തിന്റെ വികസനത്തെയും സാരമായി ബാധിക്കുന്ന പരാമർശമാണ്‌ സിഎജിയിൽനിന്നുണ്ടായത്‌. ഈ പരാമർശത്തെ തള്ളിക്കളയുന്നതിൽ എന്താണ്‌ തെറ്റ്‌?.

കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ചെലവുകളുടെയും വരുമാനത്തിന്റെയും ഓഡിറ്റ്‌ നടത്തുന്ന സമിതിയാണ്‌ സിഎജി. അതിലപ്പുറമുള്ള അധികാരമുണ്ടെന്ന്‌ വരുത്തിത്തീർത്ത്‌ ചില വിധിപ്രഖ്യാപനം നടത്താൻ സിഎജി തയ്യാറായപ്പോഴാണ്‌ നിയമസഭയ്‌ക്ക്‌ ഇടപെടേണ്ടിവന്നത്‌. അതൊരിക്കലും ഭരണഘടനയെയോ ഭരണഘടനാ സ്ഥാപനത്തെയോ അവഹേളിക്കലല്ല. ചില മാധ്യമങ്ങൾ വിലയിരുത്തുന്നതുപോലെ അനുചിതമായ നടപടിയുമല്ലിത്‌. ഒരു ഭരണഘടനാ സ്ഥാപനം സാധാരണ രീതിയും നിഷ്‌‌പക്ഷതയും കൈവെടിഞ്ഞ്‌ പ്രവർത്തിച്ചപ്പോൾ മറ്റൊരു ഭരണഘടനാ സ്ഥാപനം അത്‌ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്‌തു. ജനാധിപത്യത്തിന്റെ മഹത്തായ രീതിയാണ്‌ ഇവിടെ ആവർത്തിക്കപ്പെട്ടത്‌. അത്‌ അസാധാരണവും കേട്ടുകേൾവിയില്ലാത്തതുമായ നടപടിയായത്‌ ഇത്തരം നിഷ്‌പക്ഷതാ ലംഘനങ്ങളെ ചൂണ്ടിക്കാട്ടാനും സംസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കാനും പിണറായി വിജയൻ സർക്കാർ തയ്യാറായതുകൊണ്ടാണ്‌. തെറ്റുകൾ തിരുത്താനുള്ള ഇച്ഛാശക്തിയാണ്‌ ഇവിടെ കണ്ടത്‌. അല്ലാതെ ഭരണഘടനാസ്ഥാപനങ്ങളെ  തകർക്കാനുള്ള ശ്രമമല്ല. ആ ശ്രമം രാജ്യത്ത്‌ ഏറ്റവും കൂടുതൽ നടത്തുന്നത്‌ കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെയാണെന്ന്‌ ആർക്കാണ്‌ അറിയാത്തത്‌. ഇതറിഞ്ഞിട്ടും സംഘപരിവാർ വാദങ്ങൾ സംസ്ഥാനത്ത്‌ ഉയർത്തുന്നത്‌ കോൺഗ്രസും യുഡിഎഫുമാണ് എന്നതാണ്‌ ഏറെ ഗൗരവതരം. ബിജെപിയുടെ മെഗാഫോണായി കേരളത്തിലെ യുഡിഎഫ്‌ അധഃപതിച്ചിരിക്കുന്നു.

പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കിയശേഷം ബന്ധപ്പെട്ട ഭരണവകുപ്പിന്റെ വിശദീകരണം തേടി മാത്രമേ സിഎജി അന്തിമ റിപ്പോർട്ട്‌ വയ്‌ക്കാവൂ എന്നാണ്‌ രീതി. ഇതാണ്‌ കിഫ്‌ബിയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടത്‌. അസാധാരണവും കേട്ടുകേൾവിയില്ലാത്തതുമായ ഈ നടപടി ഉണ്ടായതാണ്‌ സിഎജിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങൾക്കും കാരണം. കേന്ദ്ര അന്വേഷണ ഏജൻസികളെ പോലെതന്നെ സിഎജി പോലുള്ള സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ ലക്ഷ്യത്തിന്‌ ഉപയോഗിക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷി തയ്യാറാവുകയാണെന്ന വിമർശനം സ്വാഭാവികമായും ഉയർന്നു. നിയമസഭാ ചട്ടം 118 അനുസരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും സിഎജി പരാമർശങ്ങൾ നിരാകരിക്കാൻ സഭയ്‌ക്ക്‌ അധികാരമില്ലെന്നുമാണ്‌ കോൺഗ്രസ്‌ അംഗങ്ങൾ ഉയർത്തിയ വാദം. സിഎജി റിപ്പോർട്ട്‌ പരിശോധിക്കാനുള്ള അധികാരം പബ്ലിക് അക്കൗണ്ട്‌സ്‌ കമ്മിറ്റിക്ക്(പിഎസി)‌ മാത്രമാണത്രെ. തീർത്തും തെറ്റായ വാദമുഖങ്ങളാണ്‌ ഇതെന്ന്‌ പാർലമെന്ററി നടപടിക്രമങ്ങൾ അറിയുന്ന ആർക്കും മനസ്സിലാകും. നിയമസഭ രൂപീകരിക്കുന്ന സമിതി മാത്രമാണ്‌ പിഎസി. അതായത്‌ പിഎസിക്കുള്ള അധികാരങ്ങളുടെയും അവകാശങ്ങളുടെയും ഉറവിടം സഭതന്നെയാണെന്ന്‌ സാരം.

മാത്രമല്ല പിഎസിയിലേക്ക്‌ പോകുന്നതിനുമുമ്പ്‌ സിഎജി റിപ്പോർട്ട്‌ ചർച്ച ചെയ്യാനുള്ള അധികാരം സഭയ്‌ക്ക്‌ ഉണ്ടെന്ന്‌ 1960ൽ അന്നത്തെ സ്‌പീക്കറായിരുന്ന അനന്തശയനം അയ്യങ്കാർ തന്നെ റൂളിങ് നൽകിയിട്ടുണ്ട്‌. കൂടാതെ സുപ്രീംകോടതിയും (2013 ലെ അരുൺകുമാർ അഗർവാൾ–-ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ കേസ്‌) സഭാ ചർച്ചയിൽ സർക്കാരിന്‌ തങ്ങളുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കാൻ അധികാരമുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. നിയമനിർമാണമാണ്‌ സഭകളുടെ പ്രധാന ചുമതലയെങ്കിലും ആത്യന്തികമായി അതൊരു രാഷ്ട്രീയ വേദിയാണെന്ന കാര്യം ആരും മറന്നുകൂടാ.  ഇവിടെ സർക്കാർ തങ്ങളുടെ അഭിപ്രായം ശക്തമായി അവതരിപ്പിച്ചത്‌ പ്രമേയത്തിലൂടെയാണെന്നുമാത്രം. ഇത്തരമൊരു പ്രമേയാവതരണം ആദ്യത്തേതാണെന്നതുമാത്രമാണ്‌ ഇതിലെ പുതുമ. സർക്കാർ പ്രമേയത്തിലൂടെ മുന്നോട്ടുവച്ചത്‌ അവരുടെ രാഷ്ട്രീയ അഭിപ്രായം തന്നെയാണ്‌. അത്‌ പ്രകടിപ്പിക്കാനുള്ള എല്ലാ അധികാരങ്ങളും ഭരണഘടനാപരമായി തന്നെ നിയമസഭയ്‌ക്കുണ്ട്.‌ അത്‌ മാത്രമാണ്‌ പിണറായി സർക്കാർ ഉപയോഗിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ഭരണഘടനയെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്‌തിട്ടില്ല

ദേശാഭിമാനി മുഖപ്രസംഗം 25012021

No comments:

Post a Comment