Monday, December 14, 2020

നടപടിയെല്ലാം സുതാര്യം - പി ശ്രീരാമകൃഷ്ണൻ എഴുതുന്നു

കേരള നിയമസഭയുടെ ഇ–-നിയമസഭാ പദ്ധതി സംബന്ധിച്ചും സഭയിലെ നിർമാണപ്രവൃത്തി, സഭാ ടിവി തുടങ്ങിയവ സംബന്ധിച്ചുമെല്ലാം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ചില ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങളുടെയെല്ലാം നിജസ്ഥിതി കണക്കുകളും രേഖകളും ഹാജരാക്കിക്കൊണ്ടുതന്നെ വ്യക്തമാക്കുകയാണ്‌. ദേശീയ ഐടി നയത്തിന്റെ ഭാഗമായി 13–-ാം കേരള നിയമസഭയുടെ കാലഘട്ടത്തില്‍ത്തന്നെ നിയമസഭയുടെ നടപടിക്രമങ്ങളും നിയമസഭാ സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനവും സമ്പൂര്‍ണമായി കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ശ്രമമാരംഭിച്ചിരുന്നു. കടലാസ് രഹിത ഇ–-നിയമസഭ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളായിരുന്നു.

2015ല്‍ പദ്ധതിക്ക് ഇ–-നിയമസഭാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി 2016 ഒക്‌ടോബറില്‍ സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. 2017 ജൂണിൽ വീണ്ടും കൂടിയാലോചന നടത്തി. പദ്ധതി വിജയകരമായി നടപ്പാക്കിയ ഹിമാചല്‍ പ്രദേശ് ഇ വിധാന്‍സഭ നിയമസഭാ സെക്രട്ടറിയറ്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

വിപുലമായ ഒരു സംവിധാനമാണ് കേരള നിയമസഭ. മുപ്പത്താറോളം നിയമസഭാ സമിതി, രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്മേളനം ചേരുന്ന സഭ, സബ്ജക്ട് കമ്മിറ്റികളുടെ ഇടപെടലുകള്‍ രാജ്യത്തിനുതന്നെ മാതൃകയായ രീതികള്‍ ഇങ്ങനെയുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ കേരള നിയമസഭയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോൾ വിദഗ്ധ പഠനവും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുമുണ്ടെന്ന് ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറാ (ടിഎസ്‌പി)യി കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയെ വിദഗ്‌ധപഠനം നടത്താനും ഡിപിആർ തയ്യാറാക്കാനുമായി ചുമതലപ്പെടുത്തി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയെ ടിഎസ്‌പി  ആയി അംഗീകരിച്ച് ഉത്തരവിറക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

ഇ നിയമസഭാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് എൻഐസിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്‌ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും അതിന് ദീര്‍ഘകാലമെടുക്കുമെന്നും മുഴുവന്‍ തുകയും മുന്‍കൂറായി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ച സാഹചര്യത്തിലാണ് ഊരാളുങ്കലിനെ ഏല്‍പ്പിച്ചത്. 2019 ജനുവരിയിൽ പ്രോജക്ട്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐടി വിദഗ്ധര്‍ അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി.

രൂപീകരിച്ച കമ്മിറ്റികള്‍

ഉന്നതതല സമിതി: മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സ്പീക്കര്‍ അധ്യക്ഷനായി വിവിധ കക്ഷികളില്‍നിന്ന് നാമനിര്‍ദേശം ചെയ്ത സാമാജികർ ഉള്‍പ്പെടുന്ന  ഉന്നതതലസമിതി രൂപീകരിച്ചു. സ്റ്റിയറിങ്‌ കമ്മിറ്റി:  മേല്‍നോട്ടത്തിനായി നിയമസഭാ സെക്രട്ടറി ചെയര്‍മാനായ സ്റ്റിയറിങ്‌ കമ്മിറ്റി 2019- മെയ്‌ 30ന് രൂപീകരിച്ചു. ഐടി മിഷന്‍ ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയോഗിക്കുകയും സ്റ്റിയറിങ്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ടെക്നിക്കല്‍ കമ്മിറ്റി: ഡിപിആർ പരിശോധിച്ച്  പദ്ധതി നടപ്പാക്കുന്നതിനായി  കേരള ഐടി മിഷനില്‍നിന്നുള്ള ഒരു പ്രതിനിധി ഉള്‍പ്പെടെയുള്ള  ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഉപദേശക സമിതി: മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നിയമസഭാ സെക്രട്ടറി ചെയര്‍മാനായ  ഉപദേശക സമിതി രൂപീകരിച്ചു.

ടെക്നിക്കല്‍ വെരിഫിക്കേഷന്‍ കമ്മിറ്റി: ഊരാളുങ്കൽ ലഭ്യമാക്കുന്ന വിവിധ കമ്പോണന്‍സിന്റെ സ്പെസിഫിക്കേഷന്‍ സാക്ഷ്യപ്പെടുത്തുന്നതിനും ഹാര്‍ഡ് വെയര്‍ പാര്‍ട്ടുകള്‍, ഇലക്ട്രിക്കല്‍ കേബിളുകള്‍/ഡിവൈസുകള്‍, എസി, മറ്റ് മെക്കാനിക്കല്‍ വര്‍ക്കുകള്‍, സിവില്‍ വര്‍ക്കുകള്‍ തുടങ്ങിയവയുടെ സ്പെസിഫിക്കേഷന്‍ ഡിപിആര്‍ പ്രകാരമാണോ എന്നും സമര്‍പ്പിക്കുന്ന ഇന്‍വോയിസ് പ്രകാരമുള്ള സാമഗ്രികളാണോ ലഭ്യമാക്കിയിട്ടുള്ളത് എന്നുമുള്ള കാര്യങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിന്‌ പിഡബ്ല്യുഡിയിലെ എക്സിക്യൂട്ടീവ് എൻജിനിയര്‍, അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വെരിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

വിദഗ്ധ സമിതി: നിയമസഭാ സെക്രട്ടറിയറ്റിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആവശ്യമായ വിവരവും നിര്‍ദേശങ്ങളും നല്‍കുന്നതിനായി വിദഗ്ധസമിതി രൂപീകരിച്ചു.

മൊബിലൈസേഷന്‍ അഡ്വാന്‍സ്

സാധാരണയായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിർവഹണത്തുക നൂറു ശതമാനം മുന്‍കൂറായി നല്‍കുകയെന്ന രീതിയാണ് അവലംബിക്കുന്നത്‌.  കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നതു പ്രകാരം മൊബിലൈസേഷന്‍ അഡ്വാന്‍സായി പ്രോജക്ട്‌ തുകയുടെ 30 ശതമാനം നല്‍കിയിട്ടുണ്ട്. ഇത് സ്പീക്കറുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായിട്ടല്ല. കരാറിന്റെ ഭാഗമാണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുകയില്ലെന്ന് ടെൻഡറില്‍ വ്യവസ്ഥ ചെയ്യുകയും അതിന്റെ ഭാഗമായി ടെൻഡറില്‍ പങ്കെടുത്തവര്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ആക്ഷേപം.

ഇബ്രാഹിം കുഞ്ഞുമായി ഇക്കാര്യം താരതമ്യം ചെയ്യുന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതി സംബന്ധിച്ച് എൻഐസിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്‌ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും മുഴുവന്‍ തുകയും മുന്‍കൂറായി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ച സാഹചര്യത്തിലാണ് എൻഐസിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ച് നവീകരണം

ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തോട്‌ അനുബന്ധിച്ച് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ലോഞ്ചിനോട്‌ അനുബന്ധിച്ചുള്ള ടോയ്‌ലെറ്റ്, വാഷ് റൂം പ്രവൃത്തികള്‍ക്കായി ഏകദേശം 52 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആദ്യത്തെ  കസേരകള്‍ തന്നെയാണ് രണ്ടാംഘട്ട നവീകരണത്തിലും ഉപയോഗിച്ചിട്ടുള്ളത്. കസേരയുടെ മാത്രം വില  1,31,53,181 രൂപയും പ്രവൃത്തി തുക 51,78,834 യും ആകെ  1,83,32,015 യുമാണ്‌ ചെലവ്‌.

2020 ജനുവരിയില്‍ നടന്ന രണ്ടാം സമ്മേളനത്തിനു മുന്നോടിയായി ലോഞ്ചിന്റെ നവീകരണം പൂര്‍ണമായും നടപ്പാക്കുന്നതിനായി 16 കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. 10 കോടി 99 ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ് രൂപയുടെ സാങ്കേതികാനുമതി നല്‍കി. അന്തിമ ബില്‍ത്തുക ഒമ്പതു കോടി പതിനേഴ് ലക്ഷത്തി മുപ്പത്തെണ്ണായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയേഴു രൂപ  മാത്രമാണ്.  ഈ രീതിയിലാണ്  ഊരാളുങ്കൽ ഏറ്റെടുക്കുന്ന ജോലികളുടെ അനുഭവം. എസ്റ്റിമേറ്റില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്.

സഭാ ടിവി

ബഹുമുഖമായ മാധ്യമ ഇടപെടൽ നടത്തുന്നതിനും സഭാ നടപടികളുമായും  പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിനും ഓണ്‍ലൈന്‍ സ്ട്രീമിങ്‌ നടത്തുന്നതിനുമായാണ് സഭാ ടിവി  എന്ന സംരംഭത്തിന് തുടക്കംകുറിച്ചത്. പദ്ധതിയുടെ മീഡിയ കണ്‍സള്‍ട്ടന്റായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനെയാണ് നിയോഗിച്ചിരിക്കുന്നത്. സൗജന്യമായാണ് അദ്ദേഹം ഈ ഉത്തരവാദിത്തം നിർവഹിക്കുന്നത്.

മേല്‍നോട്ടം വഹിക്കുന്നതിനായി ഭരണ–-പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ട 16 അംഗങ്ങള്‍ അടങ്ങുന്ന ഉന്നതതല സമിതിയും  ഏഴ്‌ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കണ്ടന്റ്‌ ഡെവലപ്മെന്റ്‌ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. വകയിരുത്തിയിട്ടുള്ള തുക വ്യവസ്ഥാപിതമായ രീതിയില്‍ മാത്രമാണ് ചെലവഴിക്കുന്നത്. എല്ലാ ചെലവും സിഎജിയുടെ ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്. സാങ്കേതിക ജോലികള്‍ക്കായി സ്ഥിരംനിയമനം നടത്തിയിട്ടില്ല. താല്‍ക്കാലികമായി അഞ്ചു പേരെ നിയോഗിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട അംഗങ്ങളുമായും മുന്‍ നേതാക്കളുമായും ബന്ധപ്പെട്ട വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് സഭാ ടിവിയിലൂടെ പുറത്തുവരുന്നത്. നല്ല പ്രതികരണമാണ് പൊതുസമൂഹത്തില്‍നിന്നും ലഭിക്കുന്നത്.

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി

രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കുകയും സംസ്ഥാനത്തെ എല്ലാ നിയമസഭാ അംഗങ്ങളും സജീവമായി പങ്കെടുക്കുകയും ചെയ്ത ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ചെലവുകള്‍ക്കായി 2018–-19 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെയുള്ള ആകെ ചെലവ് രണ്ടു കോടി എണ്‍പത്തഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയാണ്. കൂടാതെ സ്പോണ്‍സര്‍ഷിപ്പായി 33 ലക്ഷത്തോളം രൂപയും ലഭിച്ചിട്ടുണ്ട്. ദേശീയ വിദ്യാര്‍ഥി പാര്‍ലമെന്റില്‍ പങ്കെടുത്ത രണ്ടായിരത്തോളം കുട്ടികളില്‍നിന്ന്‌ 250 രൂപ വീതം രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ലഭിച്ചിട്ടുണ്ട് (ഏകദേശം അഞ്ചു ലക്ഷം രൂപ).  സാങ്കേതിക ജോലികള്‍ നിര്‍വഹിക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ അഞ്ചുപേരെ നിയോഗിച്ചിരുന്നു. മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. എഡിറ്റോറിയല്‍ അസിസ്റ്റന്റായി രണ്ടുപേര്‍  പ്രവര്‍ത്തിക്കുന്നു.

നിയമസഭാ മ്യൂസിയം

മ്യൂസിയത്തിന്റെ വിപുലീകരണത്തിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മന്ദിരത്തിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുട്ടികളുടെ ലൈബ്രറി സജ്ജീകരിച്ചത്. യാത്രാസൗകര്യം, സ്ഥലപരിമിതി, നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാക്രമീകരണം എന്നിവ പരിഗണിക്കുമ്പോള്‍ ഈ സ്ഥലം കുട്ടികളുടെ ലൈബ്രറിക്ക് ഒട്ടും യോജിച്ചതായിട്ടില്ല. നിയമസഭാ ലൈബ്രറി പ്രവര്‍ത്തിക്കുന്ന മന്ദിരത്തിലെ പ്രധാന കെട്ടിടത്തിലാണ് കുട്ടികളുടെ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. മ്യൂസിയം മന്ദിരത്തില്‍ സജ്ജീകരിച്ച അടിസ്ഥാനസൗകര്യമൊന്നും ഇളക്കിമാറ്റുകയോ പൊളിച്ചുകളയുകയോ ചെയ്തിട്ടില്ല.

ഇ എം എസ് സ്മൃതി തയ്യാറാക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ലമെന്റ്‌ മ്യൂസിയത്തെയാണ് സമീപിച്ചത്. ഈ തീരുമാനവും ഭരണ–- പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന മ്യൂസിയം ഉപദേശകസമിതിയുടെ അംഗീകാരത്തോടെയാണ് കൈക്കൊണ്ടത്. എന്നാല്‍, പാര്‍ലമെന്റ്‌ മ്യൂസിയത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയ  ഉദ്യോഗസ്ഥർ സമര്‍പ്പിച്ച ഡിപിആർ അംഗീകരിക്കാവുന്ന നിലവാരത്തിലായിരുന്നില്ല. അവർ പുതുക്കിത്തന്ന ഡിപിആറും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല.

ഇ എം എസ് സ്മൃതി തയ്യാറാക്കാന്‍ ഈ ഘട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. ഇത് അദ്ദേഹം സ്വന്തം നിലയ്ക്ക് തയ്യാറാക്കി നല്‍കിയതാണ്. ഈ പ്രൊപ്പോസലിന്മേല്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ല. കേരള സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ കേരളാ മ്യൂസിയത്തെയാണ് ഈ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഡിപിആർ തയ്യാറാക്കി വരുന്നതേയുള്ളൂ.

പി ശ്രീരാമകൃഷ്ണൻ

No comments:

Post a Comment