കേന്ദ്രം ഭരിക്കുന്നവരുടെ കോടാലിക്കൈയായിരുന്നു പണ്ടേ സിബിഐ. അതും കടത്തിവെട്ടുകയാണ് ഇപ്പോൾ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ് (ഇഡി). കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയചട്ടുകമായി മാറുന്നുവെന്ന ആരോപണം ഇപ്പോൾ ഏറ്റവും കൂടുതൽ നേരിടുന്ന ഏജൻസി കൂടിയാണ് ഇഡി. കോൺഗ്രസും ബിജെപിയും തരംപോലെ ഇഡിയെ ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി നിരവധി കേസും കോലാഹലങ്ങളും വരും; പിന്നീട് അന്വേഷണം പാതിവഴിയിൽ നിലയ്‌ക്കും.
ബിജെപിയിലേക്ക് ചാടിയാൽ കേസ് സ്വാഹ...
ശാരദ ചിട്ടിതട്ടിപ്പ് കേസിൽ ആരോപണവിധേയരായ രണ്ട് നേതാക്കളാണ് മുകുൾ റോയിയും ഹിമാന്ത ബിസ്വ സാർമയും. തൃണമൂൽ കോൺഗ്രസിൽനിന്ന് റോയി ബിജെപിയിൽ എത്തിയതോടെ ഇഡി അന്വേഷണം ഒഴിവായി. റോയി ബിജെപി ദേശീയ സെക്രട്ടറിയുമായി. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയതോടെ സാർമയ്‌ക്കും ക്ലീൻചിറ്റ്. അസമിൽ സാർമ ധനമന്ത്രിയുമായി.
രാജ്യസഭാംഗങ്ങളായ വൈ എസ് ചൗധരിയുടെയും നാരായൺ റാണയുടെയും പേരിൽ ഇഡി അന്വേഷണം തുടങ്ങി. ചൗധരി തെലുഗുദേശത്തിൽനിന്ന് ബിജെപിയിൽ എത്തിയപ്പോൾ അന്വേഷണം നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അഖിലേഷ് യാദവിന്റെയും മായാവതിയുടെയും പേരിൽ കേസെടുത്തു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിനെതിരെയും അന്വേഷണം തുടങ്ങി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
കേസ് 2500 ശിക്ഷിച്ചത് 15 മാത്രം
രാഷ്ട്രീയതാൽപ്പര്യം മുൻനിർത്തി ചാർത്തുന്ന ഇഡിയുടെ പല കേസും ലക്ഷ്യം കാണാറില്ല. കൊട്ടിഘോഷിക്കുന്ന കേസുകളിൽ ശിക്ഷ ഒന്നുമുണ്ടാകില്ല. 2005–-2019ൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമെടുത്ത രണ്ടായിരത്തഞ്ഞൂറിൽപ്പരം കേസിൽ ശിക്ഷിച്ചത് 15 മാത്രം. 2400 കേസ് അനന്തമായി നീളുന്നു.
ഇഡിക്ക് സ്വന്തമായി കേസെടുക്കാൻ അധികാരമില്ല. മറ്റേതെങ്കിലും ഏജൻസികളെടുക്കുന്ന കേസിന്റെ തുടർച്ചയെന്ന നിലയിലാണ് ഇഡി അന്വേഷണം. ഇഡിക്ക് നേരിട്ട് പരാതി ലഭിച്ചാലും പ്രാഥമിക പരിശോധനയ്‌ക്കുശേഷം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണം. സഹ ഏജൻസിയുടെ കേസ് പരാജയപ്പെട്ടാൽ ഇഡി കേസും ദുർബലമാകും.
ഇഡി കഥ എഴുതുകയാണ് ; ഇന്ന് ബിജെപി പറയുന്നത് നാളെ ഇഡി ചെയ്യും
നയതന്ത്രബാഗേജിലെ സ്വർണക്കടത്ത് കേസിൽ ഏറ്റവുമൊടുവിൽ അന്വേഷണമേറ്റെടുത്ത കേന്ദ്ര ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മറ്റ് ഏജൻസികളെ അപേക്ഷിച്ച് യജമാനന്റെ ആഗ്രഹത്തിനനുസരിച്ച് മുന്നേ ഓടുന്നതും ഇഡിതന്നെ. ഇന്ന് ബിജെപി പറയുന്നത് നാളെ ഇഡി ചെയ്യും എന്നാണ് കാര്യങ്ങൾ. ആരെയൊക്കെ എപ്പോഴൊക്കെ ചോദ്യംചെയ്യണം, ആരെ പ്രതിചേർക്കണം, ഒഴിവാക്കണം, ആരുടെയൊക്കെ മൊഴി, ഏതൊക്കെ പേജ് ചോർത്തണമെന്നെല്ലാം ഇഡിക്കറിയാം. ഏറ്റവുമൊടുവിൽ അവരന്വേഷിക്കുന്ന കേസ് ഏതെന്നുപോലും കോടതിക്ക് ഓർമിപ്പിക്കേണ്ടിവന്നു. സ്വർണക്കടത്തുകേസ് അന്വേഷണത്തിനാണ് വന്നതെങ്കിലും ആസൂത്രിതമായി ചിലരെയെല്ലാം പ്രതിചേർക്കേണ്ടതുള്ളതിനാൽ സംഭവിച്ചതാണ്.
ഇഡി വരുന്നു
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ ജൂലൈ ആറിന് കസ്‌റ്റംസും ഒമ്പതിന് എൻഐഎയും കേസെടുത്തു. 22നാണ് ഇഡി അന്വേഷണമാരംഭിച്ചത്. ഫൈസൽ ഫരീദ് ഒഴികെയുള്ള പ്രധാന പ്രതികളുൾപ്പെടെ 17 പേരെ പിടികൂടി. അവരെയെല്ലാം കസ്‌റ്റംസും എൻഐഎയും വിശദമായി ചോദ്യംചെയ്‌ത്‌തെളിവുകൾ ശേഖരിച്ചിരുന്നു. പി എസ് സരിത്, സ്വപ്‌ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവരെ പ്രതികളാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തു. ഇതിനെല്ലാം മുന്നോടിയായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി. പകരം വന്നത് ‘ജന്മഭൂമി’യുടെ ലീഗൽ അഡ്വൈസർ.
യജമാനന്റെ നായ
ഇഡി എത്തിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെയും പ്രത്യേക ശ്രദ്ധ സ്വർണക്കടത്ത് കേസിലേക്ക്. അവരുടെ നിർദേശപ്രകാരം ഇഡി സ്‌പെഷ്യൽ ഡയറക്ടർ സുശീൽകുമാർ കൊച്ചിയിലെത്തി കേസ് വിലയിരുത്തി. അതിന് പിന്നാലെ ഇഡി മന്ത്രി കെ ടി ജലീലിനെതിരായ നീക്കം ആരംഭിച്ചു. സെപ്‌തംബർ 11ന് ജലീലിനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി. പിന്നാലെ ജലീലിന്റെ മൊഴിയെടുക്കാൻ കസ്‌റ്റംസ്, എൻഐഎ തീരുമാനം.
തിരക്കഥ തയ്യാർ
കള്ളപ്പണം വെളുപ്പിക്കൽ കേസാണ് അന്വേഷിക്കുന്നതെങ്കിലും സ്വർണക്കടത്തിലെ പ്രധാനപ്രതികളിൽ ഒരാളായ കെ ടി റമീസിനെ ഇഡി പ്രതിചേർത്തിട്ടില്ല. എൻഐഎ പ്രതികളാക്കിയ പതിനഞ്ചോളം പേരെയുംചോദ്യംചെയ്‌തിട്ടില്ല. എന്നിട്ടും ഒക്‌ടോബർ ഏഴിന് ആദ്യ കുറ്റപത്രം നൽകി. 303 പേജുള്ള കുറ്റപത്രത്തിൽ സ്വപ്‌ന സുരേഷും കേസിൽ പ്രതിയായിട്ടില്ലാത്ത ശിവശങ്കറും നിറഞ്ഞുനിന്നു. സ്വർണക്കടത്തിന് പുറമെ ‘ലൈഫ്’ പോലുള്ള സർക്കാർ പദ്ധതികളും.
വേണ്ടിടത്തെല്ലാം ചോർത്തൽ
കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ‘മൊഴികളും റിപ്പോർട്ടുകളും’ മാധ്യമങ്ങളിൽ നിറഞ്ഞു. സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, മുഖ്യമന്ത്രിയുമായി സ്വപ്‌നയ്‌ക്ക് പരിചയം, സ്വപ്‌നയെ ശിവശങ്കറുമായി പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി, സ്വപ്‌നയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം തുടങ്ങിയ വാർത്തകളുടെ ഉറവിടം ഇഡിയിൽനിന്ന് ‘ചോർന്ന’ പകർപ്പുകൾ. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയുടെ മൊഴി പ്രധാനവാർത്തയായി ആദ്യം പ്രസിദ്ധീകരിച്ചത് ജന്മഭൂമിയിൽ.
കേസ് മറന്ന് ഇഡി
ബാങ്ക് ലോക്കറിൽനിന്ന് പിടിച്ച ഒരുകോടിയോളം രൂപയും സ്വർണാഭരണങ്ങളും ‘ലൈഫി’ൽനിന്നുള്ള കമീഷനാണെന്ന് ‘അവകാശപ്പെട്ടത്’ സ്വപ്‌നയാണ്. പണം പിടികൂടിയ എൻഐഎ ഇത് നിഷേധിച്ചു. ലോക്കർ സമ്പാദ്യം സ്വർണക്കടത്തിൽനിന്നുള്ളതാണെന്ന് കോടതിയിൽ റിപ്പോർട്ടും നൽകി.
ലൈഫിൽ കമീഷൻ നൽകിയയാളുടെ മൊഴിയും ഹാജരാക്കി. ഇത് സർക്കാർ പദ്ധതികളിൽനിന്നുള്ള സമ്പാദ്യമാണെന്നാണ് ഇഡിയുടെ ‘കണ്ടെത്തൽ’. സ്വപ്‌നയെ ശിവശങ്കറുമായി ബന്ധിപ്പിക്കാനാണ് ഇഡി കഥ മെനഞ്ഞത്. ഇത് ഇഡി അന്വേഷിക്കുന്ന കേസിന് വിരുദ്ധമാകില്ലേയെന്ന് ചോദിച്ച കോടതി മറ്റ് പദ്ധതികളിൽ കമീഷൻ കിട്ടിയത് ഈ കേസിൽ ബാധകമാകില്ലെന്നും പറഞ്ഞു.
എം എസ് അശോകൻ
നേതാക്കളുടെ പേര് പറയാൻ സമ്മർദം: ശിവശങ്കർ
എൻഫോഴ്‌സ്‌മെന്റിന് ആവശ്യമുള്ള രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ വിസമ്മതിച്ചതിനാണ് തന്നെ കള്ളപ്പണക്കേസിൽ പ്രതിചേർത്ത് അറസ്‌റ്റ് ചെയ്‌തതെന്ന് എം ശിവശങ്കർ. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾക്കുള്ള കൊച്ചിയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദത്തിനായി സമർപ്പിച്ച കുറിപ്പിലാണ് ഇക്കാര്യം. വലിയ സമ്മർദം ചെലുത്തുന്ന ഇഡി കഥകൾ മെനഞ്ഞുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിൽ ആക്കാനുമാണ് ശ്രമിക്കുന്നതെന്നും കുറിപ്പിൽ വിശദീകരിച്ചു.
സ്വർണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ശിവശങ്കർ പ്രതികളെ സഹായിച്ചെന്നാണ് ഒക്‌ടോബർ 28ന് ഇഡി നൽകിയ അറസ്‌റ്റ് റിപ്പോർട്ട് (ഖണ്ഡിക 7). ബാങ്ക് ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരുകോടിയിലേറെ രൂപ സമ്പാദിക്കാൻ സ്വപ്‌നയെ സഹായിച്ചു (ഖണ്ഡിക 10).
എന്നാൽ, നവംബർ അഞ്ചിന് ഇഡി സമർപ്പിച്ച കസ്‌റ്റഡി നീട്ടൽ അപേക്ഷയിൽ ഈ വാദങ്ങളില്ല. ലൈഫ് പദ്ധതിയിൽനിന്ന് സ്വപ്‌നയ്‌ക്ക് കോഴ കിട്ടിയെന്നും അതിൽ ശിവശങ്കറിന്റെ സഹായം അന്വേഷിക്കണം (ഖണ്ഡിക10) എന്നുമാണുള്ളത്. നവം. 11ന് ജാമ്യാപേക്ഷയെ എതിർത്ത് ഇഡി പറഞ്ഞത്, ലോക്കറിലെ പണം ലൈഫിലെ കോഴയാണെന്നാണ്. ഒരാഴ്‌ച വ്യത്യാസത്തിലാണ് ഇഡി സ്വന്തം വാദം മാറ്റിയത്. കസ്‌റ്റംസിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന് അറസ്‌റ്റ് റിപ്പോർട്ടിലുണ്ട്. എന്നാൽ ഉദ്യോഗസ്ഥനാരെന്നോ എന്തിന് വിളിച്ചെന്നോ പറയുന്നില്ല.
സ്വർണക്കടത്തിനെപ്പറ്റി ശിവശങ്കറുമായി സ്വപ്‌ന സംസാരിച്ചിട്ടില്ലെന്ന് നവം.11ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. ഇഡി പരിശോധിച്ച വാട്‌സാപ് സന്ദേശങ്ങളിലും നിരപരാധിത്തം തെളിവാണ്. എന്നാൽ, സന്ദേശങ്ങൾ അടർത്തിമാറ്റി പുകമറ സൃഷ്‌ടിക്കുകയാണ്.
താൻ ലൈഫ് മിഷന്റെ ചുമതലവഹിച്ചത് 2018 ജൂൺ ആറുമുതൽ ഡിസംബർ 16 വരെയുള്ള ആറ് മാസവും 2019 മാർച്ച് 26 മുതൽ ഒരുമാസത്തോളവുമാണ്. അതിനുശേഷമാണ് ലൈഫ് കരാർ. ലൈഫിന്റെ പ്രത്യേക ചുമതലയില്ലാത്തയാൾക്ക് യൂണിടാക് കമീഷൻ നൽകിയെന്നത് വിചിത്രമാണെന്നും കുറിപ്പിൽ പറയുന്നു.
സ്വർണക്കടത്തിൽ മലക്കംമറിഞ്ഞ് ഏജൻസികൾ ; വെട്ടിലായപ്പോള്‍ കളംമാറ്റി മാധ്യമങ്ങൾ
സ്വർണക്കടത്ത് കേസിൽ വിരുദ്ധവാദങ്ങളുമായി അന്വേഷണ ഏജൻസികൾ മലക്കംമറിയുമ്പോൾ അവർ പറഞ്ഞതെല്ലാം അതേപടി വിഴുങ്ങിയ മാധ്യമങ്ങള്‍ വെട്ടിലായി. ഇതോടെ കേസിൽ കളംമാറ്റി ചവിട്ടുകയാണ് മനോരമയും മാതൃഭൂമിയുടക്കമുള്ള മാധ്യമങ്ങള്‍.
അന്വേഷണം നാല് മാസം പിന്നിട്ടിട്ടും സ്വപ്‌നയുടെ ലോക്കറിലെ പണത്തെച്ചൊല്ലി ഇഡിയും എൻഐഎയും കസ്റ്റംസും പരസ്‌പരബന്ധമില്ലാത്ത വാദമാണ് നിരത്തുന്നത്. ഈ വൈരുധ്യം നിസ്സാരമല്ലെന്നാണ് മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. ലോക്കറിലെ ഒരു കോടി രൂപ സ്വർണക്കടത്ത് പ്രതിഫലമെന്നാണ് കസ്റ്റംസും എൻഐഎയും പറയുന്നത്.
എന്നാൽ, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കോഴയെന്നാണ് ഇഡി റിപ്പോർട്ട്. ഇത് അംഗീകരിക്കേണ്ടി വന്നാൽ ശിവശങ്കറിന് കേസിൽ ബന്ധമില്ലാതാകുമെന്ന് മനോരമ ആശങ്കപ്പെടുന്നു. ഒരു കോടി യഥാർഥത്തിൽ ആരുടേത് എന്ന ചോദ്യവും പത്രം ഉയർത്തുന്നു.
അത് ഇനി കസ്റ്റംസ് കണ്ടെത്തണമെന്നാണ് നിർദേശം. സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമാണ് എം ശിവശങ്കറെങ്കിൽ ഒരു രൂപപോലും പ്രതിഫലം കിട്ടിയില്ലേ. സംസ്ഥാന പദ്ധതിയിലെ കമീഷൻ എങ്ങനെയാണ് സ്വർണക്കടത്തുമായി ബന്ധിപ്പിക്കുക. ഇനി ഇതെല്ലാം കസ്റ്റംസ് കണ്ടെത്തട്ടേ എന്നും പത്രം പറയുന്നു. കസ്റ്റംസിനും എൻഐഎയ്‌ക്കും ഇതുവരെ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളാണ് ഇഡി സത്യവാങ്‌മൂലമായി നൽകിയത്. അതിൽ പലതും കഴമ്പില്ലെന്ന വാദം ശക്തമാകുമ്പോഴാണ് ഏജൻസികൾതന്നെ പരസ്‌പരം തർക്കിക്കുന്നത്. ഇതോടെയാണ് സ്വർണക്കടത്ത് സംബന്ധിച്ച് ഇതുവരെ നൽകിയ വാർത്തകൾ മനോരമയെ അടക്കം തിരിഞ്ഞുകുത്തുന്നത്.
No comments:
Post a Comment