സിബിഐ അന്വേഷണത്തിന് സംസ്ഥാനസർക്കാരുകളുടെ അനുമതി നിർബന്ധമാണെന്ന് സുപ്രീംകോടതി. അനുമതി നൽകാത്ത സംസ്ഥാനങ്ങളിലേക്ക് സിബിഐയുടെ അധികാരപരിധി വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ അഴിമതിക്കേസിൽ പ്രതികളായ സർക്കാർ ഉദ്യോഗസ്ഥർ അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരെ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്‌റ്റാബ്ലിഷ്‌മെന്റ് നിയമം (ഡിഎസ്‌പിഇ) ആറാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തേയ്ക്ക് സിബിഐയുടെ അധികാരപരിധി വ്യാപിപ്പിക്കണമെങ്കിൽ ആ സംസ്ഥാനത്തിന്റെ അനുമതി തേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഭൂഷൺ ഗവായ് എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ കേന്ദ്രസർക്കാരിന് സിബിഐയുടെ അധികാരപരിധി വ്യാപിപ്പിക്കാൻ കഴിയില്ല. ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ ഘടന സംരക്ഷിക്കാനാണ് ഈ നിയമവ്യവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി.
മോഡിസർക്കാർ കേന്ദ്രഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ആയുധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഢ്, കേരളം, പഞ്ചാബ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ സിബിെഐ അന്വേഷണത്തിനുള്ള പൊതുഅനുമതി പിൻവലിച്ചിരുന്നു.
ഈ സംസ്ഥാനങ്ങളിലെ ഒരോ കേസും അന്വേഷിക്കുന്നതിന് സിബിഐ സംസ്ഥാനസർക്കാരിന്റെ അനുമതിക്ക് അപേക്ഷിക്കണം. സുപ്രീംകോടതി, ഹൈക്കോടതി നിർദേശാനുസരണം ഏറ്റെടുക്കുന്ന കേസുകളിൽ അനുമതി ആവശ്യമില്ല.
ഡിഎസ്‌പിഇ നിയമപ്രകാരം ഡൽഹിയിലെ പ്രത്യേക പൊലീസ്‌സേന എന്ന നിലയിലാണ് സിബിഐക്ക് രൂപംനൽകിയത്. കേന്ദ്രഭരണപ്രദേശങ്ങളിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് പ്രത്യേക സേന രൂപീകരിച്ചത്.
എം അഖിൽ
No comments:
Post a Comment