Wednesday, October 21, 2020

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

 ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ. ഇക്കാര്യം വ്യക്തമാക്കുന്ന കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഖജനാവിന് 127 കോടി രൂപ നഷ്ടം വരുത്തിയ കേസാണ് ടൈറ്റാനിയം അഴിമതി. യു ഡി എഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണത്തിന് സി ബി ഐ വൈമുഖ്യം കാണിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് ഇടയിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.

വിജിലന്‍സ് കേസിന്റെ മുഴുവന്‍ രേഖകളും കഴിഞ്ഞ ഡിസംബറില്‍ തന്നെ സർക്കാർ കൈമാറിയെങ്കിലും സിബിഐ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിദേശത്തു നിന്ന് സാമഗ്രികള്‍ ഇറക്കുമതി ചെയ്തങ്കിലും സ്ഥാപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടം വരുത്തിയതിനു പിന്നില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം.

കമ്പനിയുടെ മേല്‍ ഉദ്യോഗസ്ഥരെ കൂടാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. അഴിമതി നടന്നതായി വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഫിന്‍ലന്‍ഡില്‍ നിന്നും ഇറക്കുമി നടത്തിയതിന് ഇടനിലക്കാരനായ വ്യക്തിയെ ഇതുവരെ വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലന്നും വിദേശത്ത് കഴിയുന്ന ഇയാളെ സിബിഐ ചോദ്യം ചെയ്യണമെന്നും വിദേശ ബാങ്കുകള്‍ വഴി നടന്ന പണ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് സിബിഐയാണെന്നും നേരത്തെ വ്യക്തമായിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാന്‍ ശുപാര്‍ശ ഉണ്ടായിട്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും ആരോപണമുണ്ടായി.

ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കം പ്രതികളായ 68 കോടിയുടെ ടൈറ്റാനിയം അഴിമതി കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതിരിക്കുമ്പോഴാണ്‌ ലൈഫ്‌ മിഷൻ അന്വേഷണത്തിൽ സിബിഐ തിരക്കിട്ട നീക്കം നടത്തിയിരുന്നത്‌. 2019 സെപ്‌തംബർ മൂന്നിനാണ്‌ ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ശുപാർശ ചെയ്‌തത്‌.

ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ്‌ അന്വേഷിച്ച കേസ്‌ രാജ്യാന്തരതല അന്വേഷണം വേണമെന്ന്‌ വന്നപ്പോഴാണ്‌ സിബിഐയ്‌ക്ക്‌ വിടാൻ തീരുമാനിച്ചത്‌. കേസ്‌ ഡയറി അടക്കം എല്ലാ രേഖകളും ഉടനടി സിബിഐ ആസ്ഥാനത്ത്‌ വിജിലൻസ്‌ നേരിട്ട്‌ എത്തിക്കുകയും ചെയ്‌തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇത്‌ സംബന്ധിച്ച്‌ സിബിഐയിൽനിന്നോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നോ സംസ്ഥാന സർക്കാരിന്‌ ഒരു മറുപടിയും നൽകിയിരുന്നില്ല.

No comments:

Post a Comment