Thursday, October 8, 2020

വാ തുറന്നാൽ വർഗീയത ; തലപ്പത്ത്‌ ഇങ്ങനെയുമൊരാൾ

 ശല്യം ഒഴിവായി. കാഷായ വസ്‌ത്രധാരിയായ ഹിന്ദുവിരുദ്ധനായിരുന്നു നിങ്ങള്‍. ഹിന്ദുത്വത്തിന്‌ വലിയ നഷ്ടം വരുത്തി. നിങ്ങൾ  തെലുങ്കു ബ്രാഹ്‌മണനായി ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. ആട്ടിൻത്തോലണിഞ്ഞ സിംഹം. യമരാജനോടുള്ള എന്റെ പരാതി ഇത്രമാത്രം. എന്തിനാണ്‌ താങ്കൾ ഇത്രനാൾ കാത്തത്‌’–- സ്വാമി അഗ്‌നിവേശ്‌ അന്തരിച്ചപ്പോൾ മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ ട്വിറ്റർ കുറിപ്പാണിത്‌. ഉദ്യോഗസ്ഥന്റെ പേര്‌ എം നാഗേശ്വർ റാവു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയായ സിബിഐയെ 2018 ഒക്‌ടോബർമുതൽ 2019 ഫെബ്രുവരിവരെ നയിച്ചത്‌ വർഗീയവിഷം ചീറ്റുന്ന ഈ മനുഷ്യന്‍. 

ഐപിഎസ്‌ പദവിയിലിരിക്കുമ്പോഴും ആർഎസ്‌എസ്‌ ആശയംപേറുന്ന കടുത്ത വർഗീയവാദിയായിരുന്നു നാഗേശ്വർ റാവു. ഐജി മാത്രമായിരിക്കെ സിബിഐ തലപ്പത്തേക്ക്‌ എടുത്തുയര്‍ത്തപ്പെട്ടതും  സംഘപരിവാറിന്റെ വിശ്വസ്‌ത വിധേയനായതിനാല്‍. ‘ഹിന്ദുസംസ്‌കാരത്തിന്റെ എബ്രഹാമവൽക്കരണം’ എന്ന തലക്കെട്ടിൽ സർവീസിലിരിക്കെയുള്ള റാവുവിന്റെ ട്വീറ്റ്‌ എറെ വിവാദമായി. ട്വീറ്റ്‌ ഇങ്ങനെ : ‘പദ്ധതിയുടെ കഥാസാരം. 1. ഹിന്ദുക്കൾക്ക്‌ അറിവ്‌ നിഷേധിക്കുക. 2. ദുരാചാരങ്ങളുടെ കൂമ്പാരമായി ഹിന്ദുത്വത്തെ അപഹസിക്കുക. 3. എബ്രഹാമവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസം. 4. എബ്രഹാമവൽക്കരിക്കപ്പെട്ട മാധ്യമങ്ങളും വിനോദമേഖലയും. 5. ഹിന്ദുക്കളെ അവരുടെ സ്വത്വത്തിന്റെ പേരിൽ പരിഹസിക്കുക. 6. ഹിന്ദുത്വത്തിന്റെ പശിമയില്ലായ്‌മയാൽ ഹിന്ദുസമൂഹaത്തിന്റെ മരണം.’

ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ മതവെറി ട്വീറ്റില്‍ വ്യാപക പരാതി ഉയർന്നിട്ടും മോഡി സർക്കാർ സംരക്ഷിച്ചു.

തുടക്കംമുതൽ വർഗീയത

1986 ഒഡിഷ കേഡർ ഉദ്യോഗസ്ഥനായ റാവു സർവീസിന്റെ ആദ്യകാലത്തുതന്നെ ന്യൂനപക്ഷ വെറുപ്പ്‌ പ്രകടമാക്കി. മതപരിവർത്തനത്തില്‍നിന്ന് വിദ്യാർഥികളെ നിരുൽസാഹപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ച് എസ്‌പി ആയിരിക്കെ സ്‌കൂളുകൾക്ക്‌ കത്തയച്ചു.  ഭരണഘടനാ രചയിതാക്കളെ ന്യൂനപക്ഷ പ്രേമികളെന്ന് കളിയാക്കിപ്പറഞ്ഞത്  1998ലെ പ്രസം​ഗത്തില്‍. മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും മാർക്‌സിസ്‌റ്റുകളുമാണ്‌ മനുഷ്യാവകാശങ്ങൾക്ക്‌ ഭീഷണിയെന്ന്‌ ആക്രോശിച്ചത് അതേവർഷം മറ്റൊരു ചടങ്ങിൽ.  ‘ന്യൂനപക്ഷങ്ങൾ രാജ്യത്തേക്കാൾ മതത്തിന്‌ പ്രാമുഖ്യം നൽകുന്നു‌. അവർ പ്രലോഭിപ്പിച്ച്‌ മതംമാറ്റുന്നു. ഹിന്ദുക്കളുടെ നികുതിപണം ന്യൂനപക്ഷ ക്ഷേമത്തിന് ഉപയോഗിക്കുന്നത്‌ മനുഷ്യാവകാശലംഘനമാണ്‌. ഭരണഘടനാ നിർമാണസഭയിൽ 95 ശതമാനം ഹിന്ദുക്കളായിട്ടും ഭൂരിപക്ഷ താൽപ്പര്യസംരക്ഷണത്തിന്‌ ഒന്നും ചെയ്‌തില്ല. ഇത്‌ ന്യൂനപക്ഷങ്ങൾക്ക്‌ ഗുണകരമായി. നെഹ്‌റുവാണ്‌ ഇതിന്‌ ഉത്തരവാദി’–- റാവു പറഞ്ഞതായി അക്കാലത്തെ ഒഡിയ പത്രങ്ങൾ റിപ്പോർട്ടുചെയ്‌തു.

കന്ധമാലിലും പങ്ക്

ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ സംഘടിത അക്രമമുണ്ടായ 2008ലെ കന്ധമാൽ കലാപവേളയില്‍ സിആർപിഎഫിലായിരുന്നു റാവു. വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ സിആർപിഎഫ്‌ പട്രോളിങ്ങിന്‌ നിയന്ത്രണമേർപ്പെടുത്തി. തടസ്സമില്ലാതെ കടന്നാക്രമണം നടത്താൻ സംഘപരിവാർ അക്രമികൾക്ക്‌ ഇത് വഴിയൊരുങ്ങി. സംഘപരിവാർ സൃഷ്ടികളായ വിവേകാനന്ദ ഫൗണ്ടേഷന്റെയും ഇന്ത്യാ ഫൗണ്ടേഷന്റെയും പരിപാടികളിലെ സ്ഥിരംസാന്നിധ്യമായ റാവു ബീഫ്‌ നിരോധനം, ന്യൂനപക്ഷങ്ങൾക്ക്‌ സംരക്ഷണം നൽകുന്ന നിയമങ്ങളുടെ റദ്ദാക്കല്‍ തുടങ്ങിയ അജൻഡകളുടെ വലിയ പ്രചാരകനാണ്.

വര്‍​ഗീയത പറഞ്ഞാല്‍ ​ഗുണമുണ്ട്

സർവീസിലിരിക്കെ നിരവധി അഴിമതി ആക്ഷേപങ്ങൾ റാവുവിനെതിരെ ഉയര്‍ന്നു. സിബിഐ ഡയറക്ടറായ അലോക്‌ വർമ അതേപ്പറ്റി അന്വേഷിക്കാന്‍ നീങ്ങിയതോടെയാണ് അദ്ദേഹത്തിന് രായ്ക്കുരാമാനം സ്ഥാനം നഷ്ടമാകുന്നത്. പകരം ആ സ്ഥാനത്തേക്ക്‌ റാവുവിനെ മോഡിയും അമിത് ഷായും ചേര്‍ന്ന് കെട്ടി ഇറക്കി. അഴിമതി അന്വേഷണങ്ങൾക്ക്‌ അതോടെ വിരാമമായി. പരിവാർ രാഷ്ട്രീയത്തിൽ ഉയർന്നുവരാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ റാവു. അതിനുള്ള വഴിമരുന്നാണ് ട്വിറ്ററിലെ വര്‍ഗീയവിഷംചീറ്റല്‍.

എം പ്രശാന്ത‌് 

റാവു നയിച്ച സിബിഐയിൽ എന്ത് നിഷ്‌പക്ഷത : ബൃന്ദാ കാരാട്ട്‌

സർവീസിലിരിക്കെ റാവു നടത്തിയ വർഗീയ ട്വീറ്റുകൾക്കെതിരായി ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ പരാതി നൽകിയിരുന്നുവെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. പരാതി കിട്ടിയിട്ടുണ്ടെന്ന  മറുപടിമാത്രം ഷായിൽനിന്ന്‌ ലഭിച്ചു. പിന്നീട്‌ പൊലീസുമായി ബന്ധപ്പെട്ടു. സർവീസിലുള്ള ഉദ്യോഗസ്ഥനെതിരായി അന്വേഷണവും മറ്റും സാധ്യമാകണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും അത്തരം പ്രക്രിയ നടന്നുവരികയാണെന്നും അറിയിച്ചു.

യഥാർഥത്തിൽ റാവുവിനെ സർക്കാർ പൂർണമായും സംരക്ഷിച്ചു. അദ്ദേഹം വർഗീയവാദി മാത്രമല്ല ആർഎസ്‌എസ്‌ അജൻഡയോട്‌ പ്രതിബദ്ധത പുലർത്തുന്നയാൾ കൂടിയാണ്‌.

അങ്ങനെയൊരാൾക്ക്‌ പ്രധാനമന്ത്രി കാര്യാലയം നേരിട്ട്‌ സിബിഐയിൽ സ്ഥാനക്കയറ്റം നൽകുകവഴി ഒരു കാര്യം വ്യക്തമാണ്‌, ഇത്തരക്കാരാൽ നയിക്കപ്പെടുന്ന ഏജൻസിയിൽനിന്ന്‌ നിഷ്‌പക്ഷ അന്വേഷണം പ്രതീക്ഷിക്കേണ്ടതില്ല–- ബൃന്ദ പറഞ്ഞു.

No comments:

Post a Comment