Saturday, December 3, 2011

പ്രധാനമന്ത്രിയുടെ ഇടപെടലിന് പരിമിതിയുണ്ടെന്ന് ഉമ്മന്‍ചാണ്ടി

മുല്ലപ്പെരിയാര്‍പ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ഡല്‍ഹിയാത്ര പരാജയം. അടിയന്തരപരിഹാരത്തിനുള്ള ഒരു നിര്‍ദേശവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഇടപെടലിന് പരിമിതിയുണ്ടെന്ന് മന്‍മോഹന്‍സിങ്ങിനെ കണ്ടശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ തമിഴ്നാടിന്റെ ആശങ്കയകറ്റാന്‍ കേന്ദ്രത്തെക്കൂടി ഉള്‍പ്പെടുത്തി ഒരു ത്രികക്ഷികരാറിനുള്ള സന്നദ്ധത പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചു. പുതിയ അണക്കെട്ട് വരുമ്പോള്‍ കരാറും മറ്റും എങ്ങനെ വേണമെന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെയോ സുപ്രീംകോടതിയുടെയോ നിര്‍ദേശം സ്വീകരിക്കാമെന്നായിരുന്നു ഇതുവരെയുള്ള നിലപാട്. ജലനിരപ്പ് കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കുക, പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് അനുമതി നല്‍കുക എന്നീ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാടിന് പഴയ അളവില്‍തന്നെ വെള്ളം നല്‍കാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ നൂറിലേറെ വര്‍ഷം പഴക്കമുള്ള എല്ലാ അണക്കെട്ടിന്റെയും സുരക്ഷാസ്ഥിതി പഠിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജലവിഭവമന്ത്രിയോട് ഇക്കാര്യം പരിഗണിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കാണ് കേന്ദ്രം ശ്രമിക്കുന്നത്. ഉദ്യോഗസ്ഥതല ചര്‍ച്ച തുടക്കംമാത്രമാണ്. പ്രധാനമന്ത്രിയുടെ ഇടപെടലിന് പരിമിതികളുണ്ട്. നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. കേരളത്തിന്റെ ആശങ്ക തമിഴ്നാട് മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ ,താന്‍ അയച്ച കത്തിന് മുഖ്യമന്ത്രി ജയലളിത നല്‍കിയ മറുപടി അത്ര പ്രതീക്ഷ നല്‍കുന്നതല്ല. മുല്ലപ്പെരിയാര്‍ ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നാണ് തമിഴ്നാടിന്റെ വാദം. ഇതേതമിഴ്നാട് കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്- ഉമ്മന്‍ചാണ്ടി പറഞ്ഞു. അഡ്വക്കറ്റ് ജനറല്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

deshabhimani 031211

No comments:

Post a Comment