Saturday, December 3, 2011

ലോകം മറ്റൊരു മാന്ദ്യത്തിന്റെ വക്കില്‍ : യുഎന്‍

മൂന്നുവര്‍ഷമായി തുടരുന്ന ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ലോകം മറ്റൊരു മാന്ദ്യത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2008ലെ തകര്‍ച്ചയെത്തുടര്‍ന്ന് നടപ്പാക്കിയ സാമ്പത്തിക ഉത്തേജനപദ്ധതികളില്‍നിന്ന് പിന്‍വാങ്ങുന്ന വികസിത രാജ്യങ്ങള്‍ ചെലവുചുരുക്കലിന്റെ പേരില്‍ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നത് സ്ഥിതി വഷളാക്കുമെന്നും യുഎന്‍ വ്യക്തമാക്കി. "2012ലെ ലോക സാമ്പത്തികസ്ഥിതിയും സാധ്യതകളും" എന്ന യുഎന്നിന്റെ റിപ്പോര്‍ട്ടിലാണ് ആശങ്കയുണര്‍ത്തുന്ന മുന്നറിയിപ്പ്.

ഉയര്‍ന്നുവരുന്ന രാജ്യങ്ങളായ ഇന്ത്യയും ചൈനയുമാണ് 2008ലെ ആഗോളതകര്‍ച്ചയില്‍നിന്നുള്ള തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്. എന്നാല്‍ , വീണ്ടുമൊരു മാന്ദ്യമുണ്ടാകുന്നത് അവയെയും കാര്യമായി ബാധിക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. 2012ല്‍ ആഗോള സാമ്പത്തികവളര്‍ച്ച നിലവിലുള്ളതിനേക്കാള്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. 2010ല്‍ നാല് ശതമാനമായിരുന്നത് അടുത്തവര്‍ഷം 2.6 ശതമാനമായി താഴും. സന്ദിഗ്ധതയിലുള്ള ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് 2012 നിര്‍ണായകമാണ്. തിരിച്ചുവരവോ തകര്‍ച്ചയോ എന്നതാണ് സ്ഥിതി. ആഗോളപ്രതിസന്ധിക്കുശേഷമുള്ള കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തികസ്ഥിതി വിളര്‍ച്ചബാധിച്ചതും അസമവുമാണ്. മറ്റൊരു മാന്ദ്യത്തിന്റെ വക്കിലാണ് ലോകം. ഇരട്ട മാന്ദ്യമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രങ്ങളുടെ വായ്പാ കുഴപ്പവും തൊഴില്‍പ്രതിസന്ധിയും മൂര്‍ച്ഛിക്കുന്ന ധനമേഖലാ കുഴപ്പവും നേരിടുന്നതില്‍ നയരൂപകര്‍ത്താക്കള്‍ക്ക്, വിശേഷിച്ച് അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ക്ക്, സംഭവിച്ച പരാജയമാണ് 2012-13ല്‍ ആഗോള സമ്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എല്ലാ പ്രധാന വികസിത രാജ്യങ്ങളുടെയും 2012ലെ പ്രതീക്ഷിത വളര്‍ച്ച യുഎന്‍ റിപ്പോര്‍ട്ടില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അമേരിക്കയുടേത് നേരത്തെ കണക്കാക്കിയിരുന്നതിലും 0.7 ശതമാനം കുറഞ്ഞ് 1.3 ശതമാനമായിരിക്കും എന്നാണ് കണക്കാക്കുന്നത്. ജപ്പാന്റേത് 1.3 ശതമാനം കുറഞ്ഞ് 1.5 ശതമാനമാകും. 27 രാഷ്ട്ര യൂറോപ്യന്‍ യൂണിയന്റേത് 0.8 ശതമാനം കുറഞ്ഞ് 0.5 ശതമാനമാകും. എന്നാല്‍ , ചൈനയുടേത് 0.2 ശതമാനമേ കുറയൂ. ചൈനയ്ക്ക് 8.7 ശതമാനം വളര്‍ച്ചയുണ്ടാകും എന്നാണ് യുഎന്നിന്റെ നിഗമനം. ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടന ശക്തമാണെങ്കിലും അവയുടെയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ച താഴും. 2012-13ല്‍ ഇന്ത്യയുടേത് 7.7നും 7.9നും ഇടയിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2010ല്‍ ഇത് ഒമ്പത് ശതമാനമായിരുന്നു. രണ്ടു വര്‍ഷംമുമ്പ് 10.4 ശതമാനമായിരുന്ന ചൈനയുടെ വളര്‍ച്ച 2012-13ല്‍ ഒമ്പത് ശതമാനത്തില്‍ താഴെയാകാം.

2008-09ലെ സാമ്പത്തികമാന്ദ്യം നേരിടുന്നതില്‍ വികസിത രാജ്യങ്ങള്‍ തുടരുന്ന ദൗര്‍ബല്യങ്ങള്‍മൂലം കൂടുതല്‍ ഗുരുതരമായ തകര്‍ച്ചയാണ് കാത്തിരിക്കുന്നത്. അവയുടെ ലക്കില്ലാത്ത ചെലവുചുരുക്കല്‍ നയം സ്ഥിതി വഷളാക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തികപ്രയാസങ്ങള്‍ ആഗോള ധന-ചരക്ക് വിപണികളിലൂടെ വികസ്വര രാജ്യങ്ങളിലേക്കും കടക്കുകയാണ്. ഇത് പരിഹരിക്കാന്‍ നേരിട്ടുള്ള തൊഴില്‍ സൃഷ്ടിയും പശ്ചാത്തല സൗകര്യമേഖലകളില്‍ കൂടുതല്‍ നിക്ഷേപവും ധന-നാണ്യ നയങ്ങളുടെ മെച്ചപ്പെട്ട ഏകോപനവും വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കലുമടക്കം നിരവധി നിര്‍ദേശങ്ങളും യുഎന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതേസമയം, യൂറോപ്പിലെ വായ്പാപ്രതിസന്ധി ഇനിയും വര്‍ഷങ്ങളോളം നീളുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

deshabhimani 031211

No comments:

Post a Comment