Saturday, December 3, 2011

എജിയും തിരുവഞ്ചൂരും കേരളത്തിന്റെ വാദങ്ങളുടെ മുനയൊടിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സുപ്രീംകോടതിയിലും മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലും തമിഴ്നാട് ആയുധമാക്കും. അണക്കെട്ട് തകര്‍ന്നാലും വെള്ളം തടയാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും തമിഴ്നാടിന് ഗുണകരമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തകരുമെന്ന വിധത്തില്‍ കേരളം നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതാധികാരസമിതിയെ ധരിപ്പിക്കാന്‍ എജിയുടെയും തിരുവഞ്ചൂരിന്റെയും പ്രസ്താവനകള്‍ തമിഴ്നാട് ഉപയോഗിക്കും.

തിങ്കളാഴ്ച ഉന്നതാധികാര സമിതി ചേരാനിരിക്കെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അനാവശ്യ ഭീതി പരത്തുകയാണെന്ന എജിയുടെ പ്രസ്താവന. മുല്ലപ്പെരിയാര്‍ പ്രദേശത്ത് അടുത്തിടെയുണ്ടായ ഭൂചലനങ്ങളും മറ്റും സംസ്ഥാനത്തെ മുള്‍മുനയിലാക്കിയെന്ന് ഉന്നതാധികാരസമിതിയെ കേരളം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ച യോഗം ചേരുമ്പോള്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് കേരളം അപേക്ഷിക്കാനിരിക്കുകയുമാണ്. ഏതെങ്കിലും മുതിര്‍ന്ന അഭിഭാഷകനെ ഇതിനായി നിയോഗിക്കാനാണ് ശ്രമം. എന്നാല്‍ , എജിയുടെയും തിരുവഞ്ചൂരിന്റെയും പ്രസ്താവനകള്‍ ഉന്നതാധികാരസമിതി മുമ്പാകെ കേരളത്തിന് ലഭിക്കുമായിരുന്ന നല്ല അവസരം നഷ്ടപ്പെടുത്തുകയാണ്. കേരളത്തിന്റെ വിശദീകരണം സമിതി കേള്‍ക്കാന്‍ തയ്യാറായാല്‍ തമിഴ്നാടിനും വാദത്തിന് അവസരം ലഭിക്കും. കേരളത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ എജി ഹൈക്കോടതിയില്‍ നടത്തിയ വാദമുഖങ്ങള്‍തന്നെയാകും തമിഴ്നാട് ഉപയോഗപ്പെടുത്തുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അപകടം സംഭവിച്ചാല്‍ നാലു ജില്ലയിലെ നാല്‍പ്പതുലക്ഷം ജനങ്ങള്‍ക്ക് ഭഭീഷണിയാകുമെന്നാണ് ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ച പ്രസ്താവനയില്‍ കേരളം ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി അണക്കെട്ടിന് മുല്ലപ്പെരിയാറിലെ ജലം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഇതില്‍നിന്ന് അര്‍ഥമാക്കേണ്ടത്. അതല്ലെങ്കില്‍ മുല്ലപ്പെരിയാര്‍മുതല്‍ ഇടുക്കിവരെയുള്ള ജനങ്ങള്‍ക്ക് ഭീഷണിയാകുമെന്നു മാത്രമാണ് പ്രസ്താവനയില്‍ പറയേണ്ടിയിരുന്നത്. ചുരുക്കത്തില്‍ ഹൈക്കോടതിയില്‍ ഒരു നിലപാടും ഉന്നതാധികാര സമിതി മുമ്പാകെ മറ്റൊരു നിലപാടും സ്വീകരിച്ചിരിക്കുകയാണ് കേരളം.

മുല്ലപ്പെരിയാര്‍ കേസ് നടത്തിപ്പില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന് സംഭവിച്ച വീഴ്ചയാണ് കേരളത്തിന് ദോഷകരമായ കോടതി വിധിയിലേക്ക് നയിച്ചത്. തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ നീക്കങ്ങളാണ് കേരളത്തിന് കുറെയൊക്കെ അനുകൂലമായ വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന കോടതി വിധി പ്രത്യേക നിയമനിര്‍മാണത്തിലൂടെ കേരളം മറികടന്നു. തമിഴ്നാട് അപ്പീല്‍ പോയെങ്കിലും ഹരീഷ് സാല്‍വെയെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകരെ വാദത്തിന് നിരത്തി പ്രശ്നം ഭരണഘടനാ ബെഞ്ച് മുമ്പാകെയും പിന്നീട് ഉന്നതാധികാര സമിതി മുമ്പാകെയും എത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍നിന്ന് കേരളം പിടിച്ചുകയറുകയായിരുന്നു. എന്നാല്‍ , എജിയുടെയും മന്ത്രി തിരുവഞ്ചൂരിന്റെയുമൊക്കെ ഇപ്പോഴത്തെ നിലപാട് കേരളത്തെ വീണ്ടും പ്രതിരോധത്തിലേക്ക് നയിക്കുകയാണ്.
(എം പ്രശാന്ത്)

deshabhimani 031211

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സുപ്രീംകോടതിയിലും മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലും തമിഴ്നാട് ആയുധമാക്കും. അണക്കെട്ട് തകര്‍ന്നാലും വെള്ളം തടയാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും തമിഴ്നാടിന് ഗുണകരമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തകരുമെന്ന വിധത്തില്‍ കേരളം നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതാധികാരസമിതിയെ ധരിപ്പിക്കാന്‍ എജിയുടെയും തിരുവഞ്ചൂരിന്റെയും പ്രസ്താവനകള്‍ തമിഴ്നാട് ഉപയോഗിക്കും

    ReplyDelete