Saturday, December 3, 2011
എന്‍ സി ശേഖറിനെ ഓര്‍ക്കുമ്പോള്‍
എന്‍ സി ശേഖറിന്റെ പേര് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞതാണ്. നാടിന്റെ വികാസഗതിയെ സ്വാധീനിക്കാന്‍ കഴിയുന്ന കരുത്തുറ്റ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ്പാര്‍ട്ടി വളര്‍ന്നു വന്നതിനുപിറകില്‍ അദ്ദേഹത്തിന്റെയും തലമുറയില്‍പ്പെട്ട എണ്ണമറ്റ മനുഷ്യരുടെയും ചോരയും വിയര്‍പ്പും കണ്ണീരും വീണുകിടപ്പുണ്ട്. സമൂഹത്തെ പുതുക്കി പണിയാനുള്ള ദൃഢനിശ്ചയവുമായി വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ വിളികേട്ട് സമരഭൂമികളിലേയ്ക്ക് ഇറങ്ങിവന്നവരാണവര്‍. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറ വിപുലപ്പെടുത്താനും തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അസ്തിവാരമിടുവാനും ജീവിതമുഴിഞ്ഞുവച്ച അവരെ എല്ലാ അര്‍ഥത്തിലും നമുക്ക് അഗ്രഗാമികള്‍ എന്നുവിളിക്കാം. മുന്നോട്ടുനോക്കിയാല്‍ പീഡാനുഭവങ്ങളുടെ മുള്‍വഴികള്‍മാത്രം കടക്കാനുണ്ടായിരുന്ന ആ കാലത്ത് പിറകോട്ടു പോകുന്നതിനെ കുറിച്ച് എന്‍ സി ശേഖറും സഖാക്കളും ചിന്തിച്ചിട്ടേയില്ല. ത്യാഗമെന്ന വാക്കിന്റെ അര്‍ഥമെന്താണെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആ തലമുറയേയും ആ ഭൂതകാലത്തേയും മറന്നുകൊണ്ടുള്ള ഒരു വര്‍ത്തമാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സാധ്യമല്ല. മൂലധനത്തിന്റെ പുതുവേദാന്തം ഇടതുപക്ഷത്തിന്റെ മൂല്യസങ്കല്‍പങ്ങളെയും കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്‍ സി ശേഖറിന്റെ സ്മരണ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഒരുതരം ജാഗ്രതപ്പെടുത്തലാണ്. തങ്ങള്‍ ആരാണെന്നും തങ്ങള്‍ വന്ന വഴി ഏതാണെന്നും തങ്ങളുടെ ലക്ഷ്യം എന്താണെന്നും മറന്നുപോകരുതെന്ന് ആ ജാഗ്രതപ്പെടുത്തല്‍ നമ്മോടു പറയുന്നു.
ഇതെഴുതുന്ന ആള്‍ എന്‍ സി ശേഖറിനെ കണ്ടിട്ടുള്ളത് നാലോ അഞ്ചോ തവണമാത്രമാണ്. സംഭവബഹുലമായ തന്റെ ജീവിതത്തിന്റെ സായാഹ്നത്തിലായിരുന്നു അപ്പോള്‍ അദ്ദേഹം. ആദ്യത്തെ കൂടിക്കാഴ്ചയുടെ തീയതി ഓര്‍മയില്ലെങ്കിലും സന്ദര്‍ഭം മനസ്സിലുണ്ട്. മുന്‍ശുണ്ഠിക്കാരനെന്നാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ടിരുന്നത്. അതുകൊണ്ടുതന്നെ അടുത്തേയ്ക്കു ചെല്ലാന്‍ ഭയമായിരുന്നു. എന്നാല്‍ കൈയില്‍ ഒരു കാലന്‍കുടയുമായി നിന്ന അദ്ദേഹം എന്നെ അടുത്തേയ്ക്കു വിളിച്ച് ആ കുടയ്ക്കുതാഴെ നിര്‍ത്തി വാത്സല്യത്തോടെ കുറച്ചു വര്‍ത്തമാനം പറഞ്ഞു. വിദ്യാര്‍ഥി-യുവജന മുന്നണിയിലെ ഒരിളംമുറക്കാരന് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളില്‍ നിന്നു കിട്ടുന്ന ആ പരിഗണന ഒരു വലിയ ബഹുമതിയായിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യതലമുറയില്‍പ്പെട്ട ഒട്ടുമിക്കപേരും പോയ്മറഞ്ഞിരിക്കുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സ്ത്രീ-പുരുഷന്മാരാണ് ചരിത്രത്തെ ചുവപ്പിച്ച മഹാപ്രസ്ഥാനത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചത്. പിന്‍തലമുറയ്ക്കായി പകര്‍ന്നുവയ്‌ക്കേണ്ടതു പലതും പകര്‍ന്നു വയ്ക്കാതെയാണ് അവര്‍ക്കുപോകേണ്ടിവന്നത്. കുറ്റം അവരുടേതല്ല. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ ജീവന്‍ തുടിക്കുന്ന ഇത്തരം ചരിത്രം രചിക്കാന്‍ ഘടകങ്ങള്‍ക്കു സമയം കണ്ടെത്താനായില്ല. അല്ലായിരുന്നെങ്കില്‍ കേരളത്തിലെ ഓരോ ഗ്രാമത്തിനും ജനങ്ങള്‍ക്കുവേണ്ടി ചങ്കുറപ്പോടെ പോരാടിയ ധീരന്മാരുടെ വീരചരിതങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ ഈ വരികള്‍ എഴുതുന്നത് കാഞ്ഞങ്ങാട്ട് കെ മാധവേട്ടന്റെ വീട്ടില്‍ ഇരുന്നാണ്. ഓര്‍മകള്‍ക്കു മങ്ങലേറ്റുവെങ്കിലും മാധവേട്ടന്‍ തിളച്ചുമറിയുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രവിധിയുടെ സൂക്ഷിപ്പുകാരനാണ്. എന്‍ സി ശേഖറെപ്പറ്റി ഓര്‍മകളില്‍ പരതിക്കൊണ്ട് മാധവേട്ടന്‍ പറയുന്നു: ''ധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു എന്‍ സി ശേഖറിന്റെ പ്രത്യേകത. കണ്‍ഫ്യൂഷനുമായി അദ്ദേഹം എവിടെയും പകച്ചു നിന്നില്ല''.
ആ നിശ്ചയദാര്‍ഢ്യവുമായാണ് എന്‍ സി ശേഖര്‍ എന്നും മുന്നോട്ടു നടന്നത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് ജനിച്ചതെങ്കിലും തിരുവനന്തപുരം കേന്ദ്രമാക്കി രൂപീകൃതമായ കമ്മ്യൂണിസ്റ്റ് ലീഗിന്റെ സംഘാടകനായിരുന്നെങ്കിലും എന്‍ സിയുടെ രാഷ്ട്രീയ തട്ടകം മലബാറായിരുന്നു. 1906 ല്‍ ജനിച്ച അദ്ദേഹം 15-ാം വയസ്സില്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തു. 1930 ലെ ചരിത്രപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂറില്‍ നിന്നു പയ്യന്നൂരിലേയ്ക്കു പുറപ്പെട്ട 25 കോണ്‍ഗ്രസ് വാളന്റിയര്‍മാരില്‍ ഒരാളായിരുന്നു എന്‍ സി ശേഖര്‍. സഖാക്കളുടെയെല്ലാം വലിയ സഖാവായ പി കൃഷ്ണപിള്ളയുടെ കണ്ണില്‍പെട്ടവരാരും ജനകീയ പ്രക്ഷോഭ നിരകളില്‍ പതിരായിപ്പോവുകയില്ലെന്നതിനു ദൃഷ്ടാന്തങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. ആ രാഷ്ട്രീയ രാസപരിണാമത്തിന്റെ കഥ, എന്‍ സിക്കുമുണ്ട് പറയാന്‍. കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്കായിരുന്നു ആ പരിണാമം. തിളച്ചുമറിഞ്ഞ ആ കാലഘട്ടവും ഉണര്‍ത്തെഴുന്നേറ്റ ജനതയും മാര്‍ക്‌സിസത്തിന്റെ പ്രകാശധാരയുമായിരുന്നു അതിന്റെ രാസത്വരകം. എന്‍ സി ശേഖര്‍ ആ പ്രവാഹത്തിലെ ജീവസുറ്റ കണ്ണിയായിരുന്നു.
1937 ല്‍ സി പി ഐ നേതാവ് എസ് വി ഘാട്ടെയുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ടുവച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ കമ്മ്യൂണിസ്റ്റ് ഫ്രാക്ഷന്‍ രൂപീകൃതമായി. അതിലെ നാല് അംഗങ്ങളില്‍ ഒരാള്‍ എന്‍ സി ആയിരുന്നു. തുടര്‍ന്ന് സഖാവ് പി കൃഷ്ണപിള്ളയുടെ ദൂരക്കാഴ്ചയുള്ള നേതൃത്വത്തിന്‍ കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 1939 ല്‍ തലശ്ശേരിയിലെ പാറപ്രത്തുവച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളാ ഘടകം രൂപംകൊണ്ടു. അതിലും എന്‍ സി ശേഖറിന്റെ പങ്ക് അനിഷേധ്യമാണ്.
സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും തൊഴിലാളി സംഘടനാ രംഗത്ത് വീറുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച എന്‍ സി ശേഖര്‍ കേരളസംസ്ഥാന ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ ജനറല്‍സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1954 മുതല്‍ 60 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം ജനവികാരങ്ങളുടെ നേതാവായി അവിടെ നിലകൊണ്ടു. പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ സി പി ഐ (എം) ലേക്കുപോയ എന്‍ സി ശേഖര്‍ ഏറെക്കാലം അവിടെ നിന്നില്ല. അവസാന ഘട്ടങ്ങളില്‍ സി പി ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എന്‍ സി കമ്മ്യൂണിസ്റ്റ് ഐക്യം കാലത്തിന്റെ ആവശ്യമാണെന്നു വിശ്വസിച്ചു.
ചൂഷകവര്‍ഗവാഴ്ചയുടെ കെടുതികള്‍ ലോകത്താകെ ജനരോഷത്തിന്റെ തിരകള്‍ ഇളക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ലോക വീക്ഷണത്തിന്റെ കരുത്തുമായി ചരിത്രം ഏല്‍പിച്ച കടമകള്‍ ഏറ്റെടുക്കേണ്ട സന്ദര്‍ഭമാണിത്. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനത്തിന്റെ വെളിച്ചമാണ് അവരുടെ കരുത്തും കൈമുതലും. അതെല്ലാം ഓര്‍ത്തുവച്ചുകൊണ്ട് പുതിയ വെല്ലുവിളികളെ നേരിടാനും സാദ്ധ്യതകളെ പ്രയോജനപ്പെടുത്താനുമാണ് എന്‍ സി ശേഖറിന്റെ സ്മരണ നമ്മോടാവശ്യപ്പെടുന്നത്.
ബിനോയ് വിശ്വം janayugom 031211
Labels:
ഇടതുപക്ഷം,
ഓര്‍മ്മ,
ചരിത്രം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete