Thursday, December 1, 2011

വാങ്ങല്‍വിലയ്ക്കനുസരിച്ച് വില നിശ്ചയിക്കണമെന്ന് ഭക്ഷ്യവകുപ്പ്

കൂടുതല്‍ സബ്സിഡി അനുവദിക്കാനാകില്ലെന്നും അതിനാല്‍ വാങ്ങുന്ന വിലയ്ക്കനുസരിച്ച് സാധനങ്ങളുടെ വില നിശ്ചയിക്കണമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നവംബര്‍ 17ന് നല്‍കിയ ജിഒ-ആര്‍ടി 384/2011/എഫ്സിഡി എന്ന ഉത്തരവിലാണ് ഈ നിര്‍ദേശം. ഭക്ഷ്യസാധനങ്ങള്‍ക്ക് സബ്സിഡി അനുവദിച്ച വകയില്‍ സര്‍ക്കാര്‍ 270 കോടി രൂപ നല്‍കാനുണ്ടെന്നും അത് അനുവദിക്കണമെന്നും സപ്ലൈകോ ആവശ്യപ്പെട്ടതിന് മറുപടിയായാണിത്. ബജറ്റില്‍ വിപണി ഇടപെടലിന് അനുവദിച്ച പണം നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ 20 കോടി കൂടി അനുവദിക്കുന്നു. കുടിശ്ശിക മുഴുവന്‍ തരാനാകില്ല. അതിനാല്‍ സാധനങ്ങളുടെ വാങ്ങല്‍ വിലയുടെ അടിസ്ഥാനത്തില്‍ ബജറ്റ് വിഹിതത്തിന്റെ പരിധിയില്‍നിന്നു മാത്രമേ സബ്സിഡി അനുവദിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

സബ്സിഡി തുക സംബന്ധിച്ച് സര്‍ക്കാരുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സപ്ലൈകോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അത് ചര്‍ച്ച ചെയ്തുവരികയാണ്. എന്നാല്‍ , അതിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങളുടെ വില ഇപ്പോള്‍ വര്‍ധിപ്പിക്കേണ്ടെന്നാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. ടി എം ജേക്കബ്ബിന്റെ മരണശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് വകുപ്പ് ഭരിക്കുന്നത്. പെട്ടെന്ന് സാധനവില കൂട്ടുന്നത് പ്രതിച്ഛായ കൂടുതല്‍ ഇടിക്കുമെന്ന് അദ്ദേഹം ഭയക്കുന്നു. കൂടാതെ, പിറവം ഉപതെരഞ്ഞെടുപ്പും ഏതുസമയത്തും പ്രഖ്യാപിക്കാം. പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ സാധനങ്ങളുടെ വില കൂട്ടാതെ സബ്സിഡി ഇനങ്ങളുടെ അളവും എണ്ണവും കുറയ്ക്കാനാണ് സപ്ലൈകോ ഉന്നതതലയോഗം ധാരണ. രണ്ടുമാസമായി സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റിലും മാവേലിസ്റ്റോറിലും സബ്സിഡി നല്‍കുന്ന ഇനങ്ങള്‍ കുറവാണ്. ഉഴുന്ന്, മുളക്, പഞ്ചസാര, ഗ്രീന്‍പീസ് എന്നിവയ്ക്കാണ് കൂടുതല്‍ ദൗര്‍ലഭ്യം. മാനേജര്‍മാര്‍ ഓരോ മാസത്തേക്കും നല്‍കുന്ന ഇന്‍ഡന്റിന്റെ പകുതി മാത്രമേ ഓരോ സ്റ്റോറിനും അനുവദിക്കുന്നുള്ളൂ. അതിനാല്‍ രണ്ടുദിവസം കഴിയുമ്പോള്‍തന്നെ സ്റ്റോറുകളില്‍ സാധനങ്ങള്‍ തീരുമെന്നും മാനേജര്‍മാര്‍ പരാതിപ്പെടുന്നു.

ഭക്ഷ്യവകുപ്പിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സബ്സിഡി ഇനങ്ങളുടെ ലഭ്യത കൂടുതല്‍ കുറയും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണി ഇടപെടലിന് വര്‍ഷം 100 കോടിവീതം അനുവദിച്ചിരുന്നു. കൂടുതല്‍ ആവശ്യമായി വന്നാല്‍ അതും നല്‍കിയിരുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലും 100 കോടി രൂപ വകയിരുത്തി. എന്നാല്‍ , യുഡിഎഫ് അധികാരമേറ്റ ശേഷം കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ വിപണി ഇടപെടലിനുള്ള വിഹിതം 50 കോടിയായി വെട്ടിക്കുറച്ചു. ഇതാണ് സപ്ലൈകോയുടെ പ്രതിസന്ധിക്കിടയാക്കിയത്.
(ഡി ദിലീപ്)

desh news 011211

1 comment:

  1. കൂടുതല്‍ സബ്സിഡി അനുവദിക്കാനാകില്ലെന്നും അതിനാല്‍ വാങ്ങുന്ന വിലയ്ക്കനുസരിച്ച് സാധനങ്ങളുടെ വില നിശ്ചയിക്കണമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നവംബര്‍ 17ന് നല്‍കിയ ജിഒ-ആര്‍ടി 384/2011/എഫ്സിഡി എന്ന ഉത്തരവിലാണ് ഈ നിര്‍ദേശം. ഭക്ഷ്യസാധനങ്ങള്‍ക്ക് സബ്സിഡി അനുവദിച്ച വകയില്‍ സര്‍ക്കാര്‍ 270 കോടി രൂപ നല്‍കാനുണ്ടെന്നും അത് അനുവദിക്കണമെന്നും സപ്ലൈകോ ആവശ്യപ്പെട്ടതിന് മറുപടിയായാണിത്. ബജറ്റില്‍ വിപണി ഇടപെടലിന് അനുവദിച്ച പണം നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ 20 കോടി കൂടി അനുവദിക്കുന്നു. കുടിശ്ശിക മുഴുവന്‍ തരാനാകില്ല. അതിനാല്‍ സാധനങ്ങളുടെ വാങ്ങല്‍ വിലയുടെ അടിസ്ഥാനത്തില്‍ ബജറ്റ് വിഹിതത്തിന്റെ പരിധിയില്‍നിന്നു മാത്രമേ സബ്സിഡി അനുവദിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

    ReplyDelete