Thursday, December 1, 2011

ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നവര്‍

ഓട്ടയുള്ള കുടം ഇരുട്ടത്തുവച്ചുനോക്കിയാല്‍ ഓട്ടയില്ലാത്തതാണെന്നുതോന്നും. അത് പ്രതീതി മാത്രമാണ്; യാഥാര്‍ഥ്യമല്ല. കുടത്തിലേക്കൊഴിക്കുന്ന വെള്ളം ചോര്‍ന്നുപോകും എന്നതാണ് യാഥാര്‍ഥ്യം. യാഥാര്‍ഥ്യം കാണാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന സമീപനമാണ് മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ യുഡിഎഫും ചില മാധ്യമങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്നത്; പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ ഇടപെടല്‍ എന്ന വിഷയത്തില്‍ . പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടുന്നുവെന്നാണ് യുപിഎയും അതിനെ പിന്തുണയ്ക്കുന്ന ചില മാധ്യമങ്ങളും പറയുന്നത്. ഇത് ഒരു പ്രതീതി ജനിപ്പിക്കല്‍ മാത്രമാണ്. പിറവം ഉപതെരഞ്ഞെടുപ്പു കണ്‍മുമ്പില്‍ നില്‍ക്കുന്ന വേളയില്‍ ഈ ഒരു പ്രതീതി ജനിപ്പിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍ എന്താവും സ്ഥിതി എന്ന ചിന്തയാണ് കേരളത്തിലെ മുപ്പത്തഞ്ചുലക്ഷം ജനങ്ങള്‍ അതിഗുരുതരമായ ഭീഷണി നേരിടുമ്പോഴും ഇവരെ നയിക്കുന്നത്. പ്രധാനമന്ത്രിയെ പ്രശ്നത്തില്‍ ഇടപെടുവിക്കാനും പുതിയ അണക്കെട്ട് നിര്‍മിച്ച് പ്രശ്നം പരിഹരിക്കാനും കേരളത്തിന്റെ ശബ്ദം ഒറ്റക്കെട്ടായി ഉയരേണ്ട സന്ദര്‍ഭത്തില്‍ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രതീതി ജനിപ്പിക്കലുകള്‍ വിപരിത ഫലമേ ചെയ്യൂ; കേരളത്തില്‍നിന്ന് ഉണ്ടാവേണ്ട ബഹുജനസമ്മര്‍ദത്തെ ക്ഷീണിപ്പിക്കുകയേ ചെയ്യൂ. അങ്ങനെ ചെയ്യുന്നത് കേരളജനതയുടെ താല്‍പ്പര്യത്തിലാണോ എന്ന് യുഡിഎഫും അതിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ആലോചിക്കട്ടെ.

പ്രധാനമന്ത്രി പ്രശ്നത്തില്‍ നേരിട്ട് ഇടപെടാന്‍ വിസമ്മതിച്ചുവെന്നതാണ് യാഥാര്‍ഥ്യമെന്ന് ഡല്‍ഹിയില്‍നടന്ന കൂടിക്കാഴ്ചയുടെയും ചര്‍ച്ചയുടെയും വാര്‍ത്തകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ മൂന്നുനാലുജില്ലകളെ നിശ്ശേഷം ഇല്ലാതാക്കുന്ന അതിഗൗരവമാര്‍ന്ന ഈ പ്രശ്നം മുന്‍നിര്‍ത്തി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് ഫോണിലെങ്കിലും ഒന്ന് സംസാരിക്കാന്‍പോലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കൂട്ടാക്കുന്നില്ല. പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടുന്ന രീതി അറിയാത്തവരല്ല ഇന്ത്യക്കാര്‍ . യുപിഎ മന്ത്രിസഭ വിശ്വാസവോട്ടു തേടിയ വേളയില്‍ ഓരോ സംസ്ഥാനത്തും ചെന്ന് അവിടത്തെ മുഖ്യമന്ത്രിമാരെക്കണ്ട് പിന്തുണ ഉറപ്പിക്കാന്‍ മടിക്കാതിരുന്നയാളാണ് ഡോ. മന്‍മോഹന്‍സിങ്. ആ വ്യക്തിയാണ് ഫോണിലെങ്കിലും തമിഴ്നാട് മുഖ്യമന്ത്രിയോട് പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിക്കുന്നത്. പ്രധാനമന്ത്രിക്കു മുമ്പില്‍ എത്രയോ വഴികളുണ്ട്. തന്റെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോകുമെന്ന ആശങ്ക ഉയര്‍ന്നുനില്‍ക്കുന്ന വേളയില്‍ ബന്ധപ്പെട്ട ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഒരുമിച്ചിരുത്തി ചര്‍ച്ചചെയ്യാം; ദേശീയ വികസന സമിതിയോഗം വിളിച്ചുകൂട്ടി വഴങ്ങാത്ത മുഖ്യമന്ത്രിക്കുമേല്‍ ദേശീയതലത്തില്‍തന്നെ സമ്മര്‍ദം ചെലുത്തിക്കാം. ഇങ്ങനെ എത്രയോ വഴികള്‍ . എന്നാല്‍ , ഇതിനൊന്നും നില്‍ക്കാതെ കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് എന്തുചെയ്യാന്‍ പറ്റുമെന്നുനോക്കാന്‍ പറഞ്ഞ് പ്രശ്നത്തെ കൈയൊഴിയുകയാണ് മന്‍മോഹന്‍സിങ് ചെയ്തത്. ഇത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതല്ല; പ്രത്യേകിച്ചും പ്രശ്നം ഗൗരവാവഹമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ.

പവന്‍കുമാര്‍ ബന്‍സലിനോട് പ്രധാനമന്ത്രി പറഞ്ഞത് ഇരുമുഖ്യമന്ത്രിമാരും ഉള്‍പ്പെടെ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കാനാണെന്ന് യുപിഎയോടും യുഡിഎഫിനോടും ഉദാരസമീപനമുള്ള മാധ്യമങ്ങള്‍ പറയുന്നു. ഇത് അങ്ങനെതന്നെയാണെന്നിരിക്കട്ടെ. പവന്‍കുമാര്‍ ബന്‍സലിന് എന്തുചെയ്യാനാവും? അദ്ദേഹം പറഞ്ഞാല്‍ ജയലളിത അത് കേള്‍ക്കാന്‍ ബാധ്യസ്ഥയാണോ? അവര്‍ ബന്‍സല്‍ വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് ചെല്ലുമോ? ജയലളിതയുടെ പാര്‍ടിയുടെ പിന്തുണകൊണ്ടേ പ്രധാനമന്ത്രിസ്ഥാനത്ത് നിലനില്‍ക്കാനാവൂ എന്ന വിഷയമായിരുന്നു മുമ്പിലെങ്കില്‍ പ്രധാനമന്ത്രി ഇങ്ങനെയാവുമായിരുന്നോ പ്രതികരിക്കുക? ഫോണിലെങ്കിലും തന്നോട് സംസാരിക്കാന്‍മാത്രം ഗൗരവമുള്ളതാണ് പ്രശ്നം എന്ന് പ്രധാനമന്ത്രി കരുതുന്നില്ല എന്ന സന്ദേശമല്ലേ മന്‍മോഹന്‍സിങ്ങിന്റെ ഈ നിലപാട് ജയലളിതയ്ക്ക് നല്‍കുക. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136.3 അടിയായി ഉയര്‍ന്നിരിക്കുകയാണ്. വിള്ളലുകളിലൂടെയുള്ള ചോര്‍ച്ച കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണുള്ളത് എന്നുപറഞ്ഞ് ജലനിരപ്പ് 136 അടിയില്‍നിന്ന് 120 അടി കുറയ്ക്കണമെന്ന് ഉപദേശിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ ഈ പ്രധാനമന്ത്രിക്ക്? അതിന് മുഖ്യമന്ത്രിമാരുടെ മീറ്റിങ്ങൊന്നും ആവശ്യമില്ലല്ലോ!

മുല്ലപ്പെരിയാര്‍ ഡാമിന് വിള്ളലുണ്ട് എന്നും പ്രഖ്യാപിത ആയുസ്സ് കഴിഞ്ഞു പിന്നെയും അറുപത്താറ് വര്‍ഷങ്ങള്‍ കൂടി പിന്നിട്ട പഴയ ഡാമാണിതെന്നും ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് പണിയേണ്ടതുണ്ടെന്നും കാണിച്ചുള്ള നിവേദനവുമായി ചെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ, പുതിയ ഡാം പണിയണമെങ്കില്‍ അതിന് നിവേദനം വേറെ തരൂവെന്നുപറഞ്ഞ് മടക്കി അയച്ച പ്രധാനമന്ത്രിയാണിത്. അണക്കെട്ടുതകര്‍ന്ന് ദശലക്ഷക്കണക്കിനാളുകളുടെ ജീവനാശമുണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ നിവേദനം കൊണ്ടുവരാന്‍ പറയുന്ന പ്രധാനമന്ത്രി. അദ്ദേഹം പറഞ്ഞതുകേട്ട് ഒരക്ഷരം തിരിച്ചുപറയാതെ മുഖ്യമന്ത്രി വിനീത വിധേയനായി തിരികെപോന്നു. നിവേദനം നേരത്തേതന്നെ നല്‍കിയിട്ടുണ്ടെന്നും അത് എംപവേഡ് കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്നും ചൂണ്ടിക്കാട്ടാമായിരുന്നില്ലേ മുഖ്യമന്ത്രിക്ക്? രാഷ്ട്രീയ വിധേയത്വമനോഭാവംകൊണ്ട് അതിനുപോലും ധൈര്യമുണ്ടായില്ല നമ്മുടെ മുഖ്യമന്ത്രിക്ക്. കോടതി നിയോഗിച്ച സമിതിയുടെ അന്തിമറിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിക്ക് ഇടപെടാവുന്നതാണ്. കോടതിക്കുപുറത്ത് രമ്യമായ പരിഹാരമുണ്ടാക്കാന്‍ ഇടപെടാവുന്നതാണ്. കോടതിപ്രക്രിയ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകവൃന്ദത്തെക്കൊണ്ട് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുവിക്കാവുന്നതാണ്. പുതിയ അണക്കെട്ട് നിര്‍മാണത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് അനുവാദം നല്‍കേണ്ടത് എന്നിരിക്കെ അതിന്റെ സാധ്യതകള്‍ ആരായാവുന്നതാണ്. എന്നാല്‍ , ഇതിലൊന്നും ഇടപെടാതെ, ഒരു ഉറപ്പും ഇതുസംബന്ധിച്ച് നല്‍കാതെ കേരളത്തിന്റെ രണ്ടുമന്ത്രിമാരെയും തിരിച്ചയക്കുകയാണ് മന്‍മോഹന്‍സിങ് ചെയ്തത്. ഈ രണ്ടു മന്ത്രിമാരെ ഡല്‍ഹിക്കു വിട്ടിട്ട്, ചലച്ചിത്ര അവാര്‍ഡുദാനത്തിനുപോയ മുഖ്യമന്ത്രിയുടെ അതേ മനോഭാവംതന്നെ പ്രധാനമന്ത്രിയിലും പ്രതിഫലിക്കുന്നു. പ്രധാനമന്ത്രിയുടെ യഥാര്‍ഥ മനോഭാവം മറച്ചുപിടിച്ച് അദ്ദേഹത്തിന്റെ വാക്കുകളില്‍ കേരളത്തിനനുകൂലമായി ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍പോലും മറ്റൊരു ചിത്രം വരച്ചുകാട്ടാനാണ് യുഡിഎഫും അനുകൂല പത്രങ്ങളും തയ്യാറാവുന്നത്.

കേരളത്തിന്റെ ആവശ്യങ്ങള്‍ നൂറുശതമാനം ശരിയാണെന്ന് അംഗീകരിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ശരീരഭാഷ എന്ന് വ്യാഖ്യാനിച്ച് എഴുതിയിട്ടുണ്ട് ഒരു പത്രം. ഭാഷയിലില്ലാത്തത് ശരീരഭാഷയിലുണ്ടായാല്‍തന്നെ എന്ത് പ്രയോജനം. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം. സത്യം എന്താണെന്നത് കേരളജനതയോടു പറയണം. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ തടസ്സമായിക്കൂടാ. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ ശക്തമായ സമ്മര്‍ദം കേന്ദ്രത്തിനുമേല്‍ ഉയരുന്നതിനുപോലും ഇത് ആവശ്യമാണ്. തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കേരളത്തിന്റെ ആശങ്ക അറിയിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്താണ് തടസ്സമുള്ളത് എന്നതും വ്യക്തമല്ല. ഇതിന് വളരെ മുമ്പേതന്നെ വേണ്ടിയിരുന്നതാണത്. എന്നാല്‍ , ഉമ്മന്‍ചാണ്ടി അതിന് സന്നദ്ധനായിട്ടില്ല. അണക്കെട്ട് തകര്‍ന്നാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് റൂര്‍ക്കി ഐഐടിയെക്കൊണ്ട് പഠനം നടത്തിക്കുന്നതിനേക്കാള്‍ അടിയന്തരമായി വേണ്ടത് അണക്കെട്ടിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയെ കേരളമുഖ്യമന്ത്രി കാണുക എന്നതാണ്. ചലച്ചിത്രോത്സവങ്ങളിലെത്താന്‍ അല്‍പ്പം വൈകിയാലും തകരാറില്ല. ഇത്തരം മുന്‍കൈകള്‍ക്ക് ഇനി വൈകിക്കൂടാ.

deshabhimani editorial 011211

1 comment:

  1. ഓട്ടയുള്ള കുടം ഇരുട്ടത്തുവച്ചുനോക്കിയാല്‍ ഓട്ടയില്ലാത്തതാണെന്നുതോന്നും. അത് പ്രതീതി മാത്രമാണ്; യാഥാര്‍ഥ്യമല്ല. കുടത്തിലേക്കൊഴിക്കുന്ന വെള്ളം ചോര്‍ന്നുപോകും എന്നതാണ് യാഥാര്‍ഥ്യം. യാഥാര്‍ഥ്യം കാണാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന സമീപനമാണ് മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ യുഡിഎഫും ചില മാധ്യമങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്നത്; പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ ഇടപെടല്‍ എന്ന വിഷയത്തില്‍ . പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടുന്നുവെന്നാണ് യുപിഎയും അതിനെ പിന്തുണയ്ക്കുന്ന ചില മാധ്യമങ്ങളും പറയുന്നത്. ഇത് ഒരു പ്രതീതി ജനിപ്പിക്കല്‍ മാത്രമാണ്. പിറവം ഉപതെരഞ്ഞെടുപ്പു കണ്‍മുമ്പില്‍ നില്‍ക്കുന്ന വേളയില്‍ ഈ ഒരു പ്രതീതി ജനിപ്പിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍ എന്താവും സ്ഥിതി എന്ന ചിന്തയാണ് കേരളത്തിലെ മുപ്പത്തഞ്ചുലക്ഷം ജനങ്ങള്‍ അതിഗുരുതരമായ ഭീഷണി നേരിടുമ്പോഴും ഇവരെ നയിക്കുന്നത്. പ്രധാനമന്ത്രിയെ പ്രശ്നത്തില്‍ ഇടപെടുവിക്കാനും പുതിയ അണക്കെട്ട് നിര്‍മിച്ച് പ്രശ്നം പരിഹരിക്കാനും കേരളത്തിന്റെ ശബ്ദം ഒറ്റക്കെട്ടായി ഉയരേണ്ട സന്ദര്‍ഭത്തില്‍ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രതീതി ജനിപ്പിക്കലുകള്‍ വിപരിത ഫലമേ ചെയ്യൂ; കേരളത്തില്‍നിന്ന് ഉണ്ടാവേണ്ട ബഹുജനസമ്മര്‍ദത്തെ ക്ഷീണിപ്പിക്കുകയേ ചെയ്യൂ. അങ്ങനെ ചെയ്യുന്നത് കേരളജനതയുടെ താല്‍പ്പര്യത്തിലാണോ എന്ന് യുഡിഎഫും അതിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ആലോചിക്കട്ടെ.

    ReplyDelete