Wednesday, February 29, 2012

20 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്നവയുള്‍പ്പെടെ 20 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നഷ്ടത്തില്‍ . ജനുവരിവരെയുള്ള കണക്കുപ്രകാരം ഇവയുടെ ആകെ നഷ്ടം 77 കോടിയോളം രൂപയാണ്. ഒരു സ്ഥാപനത്തിന്റെ ശരാശരി നഷ്ടം 3.85 കോടി രൂപയും. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള വീഴ്ചയുമാണ് മുന്‍ യുഡിഎഫ് ഭരണകാലത്തെ അവസ്ഥയിലേക്ക് ഈ സ്ഥാപനങ്ങളെ വീണ്ടും എത്തിച്ചത്.

സംസ്ഥാനത്തെ 38 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 31 സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭത്തിലായിരുന്നു. ഒരുഘട്ടത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളെയും എല്‍ഡിഎഫ് ഭരണത്തില്‍ ലാഭത്തിലാക്കിയിരുന്നു. നിലവില്‍ 17 സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളതെന്ന് സര്‍ക്കാരിന്റെ അവലോകന കണക്കുകള്‍ വ്യക്തമാക്കുന്നു. കേരള ഓട്ടോമൊബൈല്‍സ്, സ്റ്റീല്‍ കോംപ്ലക്സ്, ഓട്ടോകാസ്റ്റ്, ട്രാക്കോ കേബിള്‍ , ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, കേരളാ സെറാമിക്സ്, ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ , മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കെല്‍ട്രോണ്‍ കോമ്പണന്റ്, ട്രാവന്‍കൂര്‍ സിമന്റ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ , ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ , മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ , തൃശൂര്‍ സ്പിന്നിങ് മില്‍ , കണ്ണൂര്‍ സ്പിന്നിങ് മില്‍ , ഹാന്‍ടെക്സ്, കൊല്ലം സ്പിന്നിങ് മില്‍ , ആലപ്പുഴ സ്പിന്നിങ് മില്‍ , സീതാറാം ടെക്സ്റ്റൈല്‍സ് എന്നിവയാണ് നഷ്ടത്തിന്റെ കണക്കുമായി രംഗത്തുള്ളത്.

മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സെറാമിക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍ , കേരള ഓട്ടോമൊബൈല്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കൊല്ലം സ്പിന്നിങ്മില്‍ , ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്‍ എന്നിവ മാത്രമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നിസ്സാര നഷ്ടമുണ്ടാക്കിയത്. ഇവയുടെ ആകെ നഷ്ടം ഒമ്പതു കോടിയോളം രൂപയായിരുന്നു. ഈ അവസ്ഥയില്‍നിന്നാണ് ഇപ്പോള്‍ 20- സ്ഥാപനങ്ങള്‍ 77 കോടി രൂപ നഷ്ടമുണ്ടാക്കിയത്. ഇവയില്‍ ട്രാക്കോ കേബിള്‍ , ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ , ട്രാവന്‍കൂര്‍ സിമന്റ്സ് എന്നിവ മാര്‍ച്ച് മാസത്തോടെ നില മെച്ചപ്പെടുത്തിയേക്കും. മറ്റു സ്ഥാപനങ്ങള്‍ നഷ്ടത്തില്‍നിന്നു കരകയറുക പ്രയാസകരമാണ്.

യുഡിഎഫ് ഭരണകാലത്ത് 2005-06ല്‍ 32 കമ്പനികള്‍ നഷ്ടത്തിലായിരുന്ന സ്ഥാനത്താണ് എല്‍ഡിഎഫ് ഭരണം പടിപടിയായി മുഴുവന്‍ സ്ഥാപനങ്ങളെയും ലാഭത്തിലാക്കിയത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലും തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലുമായിരുന്ന അന്ന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കൂടിയുണ്ടാക്കിയ നഷ്ടം 125.87 കോടി രൂപയായിരുന്നു. എന്നാല്‍ , എല്‍ഡിഎഫ് ഭരണത്തില്‍ 2010-11 സാമ്പത്തികവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒട്ടാകെയുണ്ടാക്കിയ ലാഭം 296 കോടി രൂപയാണ്. ഏഴു സ്ഥാപനങ്ങളുടെ നഷ്ടമായ ഒമ്പതു കോടി രൂപ കുറച്ചതിനുശേഷമുള്ള കണക്കാണിത്. 2009-10 സാമ്പത്തികവര്‍ഷം 239.75 കോടി രൂപയുടെയും ലാഭമുണ്ടാക്കി. അന്ന് അഞ്ച് സ്ഥാപനങ്ങള്‍ മാത്രമായിരുന്നു നഷ്ടത്തില്‍ . ഇവയുടെ നഷ്ടമാകട്ടെ 6.45 കോടി രൂപയുമായിരുന്നു. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം 77 കോടി രൂപയുടെ ബാധ്യത കഴിച്ചാല്‍ ഇതുവരെയുണ്ടായിട്ടുള്ള ലാഭം 145 കോടി രൂപയാണ്. ഇതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ പിടിപ്പുകേടും പൊതുമേഖലാവിരുദ്ധ നിലപാടും വ്യക്തമാണ്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ കെടുകാര്യസ്ഥതയിലേക്കാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും നയിക്കപ്പെടുന്നതെന്ന് മുന്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. പൊതുമേഖലാ സംരക്ഷണത്തിനായി എല്‍ഡിഎഫ് നടത്തിയ ഇടപെടലുകളാണ് ഈ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയത്. എന്നാല്‍ , ഇതിനു വിരുദ്ധമായി ഇത്തരം സ്ഥാപനങ്ങളെ നശിപ്പിക്കുന്ന നിലപാടാണ് വ്യവസായമന്ത്രിയും യുഡിഎഎഫും കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 290212

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്നവയുള്‍പ്പെടെ 20 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നഷ്ടത്തില്‍ . ജനുവരിവരെയുള്ള കണക്കുപ്രകാരം ഇവയുടെ ആകെ നഷ്ടം 77 കോടിയോളം രൂപയാണ്. ഒരു സ്ഥാപനത്തിന്റെ ശരാശരി നഷ്ടം 3.85 കോടി രൂപയും. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള വീഴ്ചയുമാണ് മുന്‍ യുഡിഎഫ് ഭരണകാലത്തെ അവസ്ഥയിലേക്ക് ഈ സ്ഥാപനങ്ങളെ വീണ്ടും എത്തിച്ചത്.

    ReplyDelete