Monday, February 27, 2012

പുടിനെതിരെ മോസ്കോയില്‍ പ്രതിഷേധവലയം


തെരഞ്ഞെടുപ്പുക്രമക്കേടിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന വ്ളാദിമിര്‍ പുടിനെതിരെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മനുഷ്യവലയം തീര്‍ത്ത് ജനങ്ങള്‍ പ്രതിഷേധിച്ചു. ഭരണസിരാകേന്ദ്രമായ ക്രെംലിന്‍ കൊട്ടാരമടങ്ങുന്ന പ്രദേശത്തെ ചുറ്റി മോസ്കോ ഗാര്‍ഡന്‍ റിങ് റോഡിലാണ് കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് ആയിരങ്ങള്‍ പ്രതിഷേധവലയം തീര്‍ത്തത്. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങലയില്‍ 34,000 പേര്‍ കണ്ണികളായെന്ന് സംഘാടകര്‍ പറഞ്ഞു. "പുടിന്‍ ഇല്ലാത്ത റഷ്യ" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭകര്‍ മനുഷ്യവലയം തീര്‍ത്തത്. വെള്ളവസ്ത്രം ധരിച്ച് വെള്ള ബലൂണുകളും റിബണുകളും വീശി ആവേശപൂര്‍വമാണ് ജനങ്ങള്‍ വലയത്തില്‍ കണ്ണിചേര്‍ന്നത്.

പ്രതിഷേധത്തിന് എന്തെങ്കിലും ഫലം ഉണ്ടാകുമോയെന്ന് അറിയില്ലെന്നും എന്നാല്‍ , ജനങ്ങള്‍ സുതാര്യതയും സത്യസന്ധതയുമാണ് സര്‍ക്കാരില്‍നിന്ന് ആഗ്രഹിക്കുന്നതെന്നും ചങ്ങലയില്‍ കണ്ണിയായ ശാസ്ത്രജ്ഞന്‍ നിക്കോളായ് ചെകാലിന്‍ പറഞ്ഞു. മാര്‍ച്ച് നാലിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പുടിനെതിരെ ശക്തമായ പ്രതിഷേധം പല ഭാഗത്തും തുടരുകയാണ്. ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ടി ഭൂരിപക്ഷം ഒപ്പിച്ചത് ക്രമക്കേടിലൂടെയാണെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്നാണ് പ്രതിഷേധപ്രകടനങ്ങള്‍ ശക്തിപ്രാപിച്ചത്. നിലവില്‍ പ്രധാനമന്ത്രിയായ പുടിന്‍ പ്രസിഡന്റാകുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായിയായ ദിമിത്രി മെദ്വദേവിനെ പ്രധാനമന്ത്രിയാക്കാനാണ് നീക്കം. 12 വര്‍ഷംമുമ്പ് പ്രസിഡന്റായ പുടിന്‍ തുടര്‍ച്ചയായി മൂന്നാംവട്ടവും ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തിലാണ് 2008ല്‍ മെദ്വദേവിനെ പ്രസിഡന്റാക്കിയത്.

deshabhimani 270212

2 comments:

  1. തെരഞ്ഞെടുപ്പുക്രമക്കേടിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന വ്ളാദിമിര്‍ പുടിനെതിരെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മനുഷ്യവലയം തീര്‍ത്ത് ജനങ്ങള്‍ പ്രതിഷേധിച്ചു. ഭരണസിരാകേന്ദ്രമായ ക്രെംലിന്‍ കൊട്ടാരമടങ്ങുന്ന പ്രദേശത്തെ ചുറ്റി മോസ്കോ ഗാര്‍ഡന്‍ റിങ് റോഡിലാണ് കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് ആയിരങ്ങള്‍ പ്രതിഷേധവലയം തീര്‍ത്തത്. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങലയില്‍ 34,000 പേര്‍ കണ്ണികളായെന്ന് സംഘാടകര്‍ പറഞ്ഞു. "പുടിന്‍ ഇല്ലാത്ത റഷ്യ" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭകര്‍ മനുഷ്യവലയം തീര്‍ത്തത്. വെള്ളവസ്ത്രം ധരിച്ച് വെള്ള ബലൂണുകളും റിബണുകളും വീശി ആവേശപൂര്‍വമാണ് ജനങ്ങള്‍ വലയത്തില്‍ കണ്ണിചേര്‍ന്നത്.

    ReplyDelete
  2. പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചുവരാന്‍ മത്സരിക്കുന്ന പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ "ചാനല്‍ വണ്‍" റിപ്പോര്‍ട്ട്ചെയ്തു. ചെചന്‍ വിമതനേതാവ് ദോകു ഉമറോവുമായി ബന്ധപ്പെട്ട സംഘമാണ് പുടിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും റഷ്യയുടെയും ഉക്രെയ്നിന്റെയും പ്രത്യേക സേനകള്‍ ഇവരെ പിടികൂടിയതോടെ ഉദ്യമം പാളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുടിനെ വധിക്കാനായിരുന്നത്രെ പദ്ധതി. ഉക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയില്‍നിന്നാണ് അക്രമിസംഘത്തെ അറസ്റ്റ്ചെയ്തത്. വാടകക്കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കവെ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന് ഫെബ്രുവരി നാലിന് ഒഡേസയില്‍നിന്ന് മൂന്ന് റഷ്യക്കാരെ കസ്റ്റഡിയിലെടുത്തതായി ഉക്രെയ്ന്‍ സെക്യൂരിറ്റി സര്‍വീസ് വ്യക്തമാക്കി. ചെചന്‍ നേതാവ് ദോകു ഉമറോവിന്റെ നിര്‍ദേശപ്രകാരം യുഎഇയില്‍നിന്ന് തുര്‍ക്കി വഴിയാണ് സംഘത്തിലെ രണ്ടുപേര്‍ ഉക്രെയ്നില്‍ എത്തിയതെന്നാണ് ചാനല്‍ വണ്ണിന്റെ റിപ്പോര്‍ട്ട്. ചെചന്‍കാരനായ ഒരാള്‍ ഒഡേസയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയില്‍ പരിക്കേറ്റ കസാഖ്സ്ഥാന്‍ പൗരന്‍ ഇല്യ പ്യാന്‍സിന്‍ അറസ്റ്റിലായി. പുടിന്‍ ഓഫീസിലേക്കും വീട്ടിലേക്കും സഞ്ചരിക്കുന്ന പാതയ്ക്കു സമീപത്തെ കെട്ടിടത്തില്‍നിന്ന് വന്‍ സ്ഫോടകവസ്തുശേഖരം അന്വേഷകര്‍ കണ്ടെത്തിയെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മൂന്നാംവട്ടം പ്രസിഡന്റാകാന്‍ ശ്രമിക്കുന്ന പുടിനെതിരെ ശക്തമായ പ്രതിഷേധം റഷ്യയില്‍ അലയടിക്കുമ്പോഴാണ് അദ്ദേഹത്തിനെതിരെ വധശ്രമമെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട്ചെയ്തത്. എട്ടുവര്‍ഷം പ്രസിഡന്റും തുടര്‍ന്ന് നാലുവര്‍ഷം പ്രധാനമന്ത്രിയുമായ പുടിന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നടത്തുന്ന ശ്രമത്തിനെതിരായ പ്രതിഷേധത്തില്‍നിന്ന് ശ്രദ്ധതിരിക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുമുള്ള തന്ത്രമാണ് ഇതെന്ന് വിമര്‍ശമുണ്ട്.

    ReplyDelete