Wednesday, February 29, 2012

മധ്യതിരുവിതാംകൂര്‍ ഊഷരഭൂമിയാകും

പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി നടപ്പാക്കിയാല്‍ മധ്യതിരുവിതാംകൂറും പ്രത്യേകിച്ച് കുട്ടനാടും ഊഷരഭൂമിയാകും. മുഖ്യജലസ്രോതസ്സായ പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇരുനദികളെയും കിഴക്കോട്ട് തിരിച്ചുവിടുന്നത് സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ തിങ്കളാഴ്ച സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി ആസൂത്രണംചെയ്യാനും നടപ്പാക്കാനുമായി ഉന്നതതലസമിതിയെയും നിയമിച്ചു.

കേരളത്തിലെ പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീസംയോജനപദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമുണ്ടെന്നും ഇത് ഉപയോഗശൂന്യമായി കടലില്‍ പോവുകയാണെന്നുമാണ് തമിഴ്നാടിന്റെ വാദം. അധികജലത്തിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്നതാണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി. ഇതിനായി കേരളത്തിന്റെ സ്ഥലത്ത് പശ്ചിമഘട്ട വനമേഖലയില്‍ മൂന്നു ഡാം പണിയും. കല്ലാര്‍ പുന്നമേട്ടിലും അച്ചന്‍കോവിലാറ്റിലെ ചിറ്റാര്‍മൂഴിയിലും അച്ചന്‍കോവിലിലുമാണ് ഡാമുകള്‍ തീര്‍ക്കുക. ജലസംഭരണികളില്‍നിന്ന് വെള്ളം കൊണ്ടുപോകാന്‍ കിലോമീറ്ററുകള്‍ നീളത്തില്‍ കൂറ്റന്‍ തുരങ്കം നിര്‍മിക്കും. ഇതിനായി വനമേഖലയില്‍ 20 ചതുരശ്ര കിലോമീറ്ററിലേറെ നിര്‍മാണ പ്രവര്‍ത്തനം വേണ്ടിവരും. പശ്ചിമഘട്ട മലനിരവഴി കനാല്‍ തീര്‍ത്ത് വെള്ളം തമിഴ്നാട്ടിലെ മേക്കര അടൈവി നൈനാര്‍കോവില്‍ അണക്കെട്ടിലെത്തിക്കുകയാണ് പദ്ധതി. ഈ ലക്ഷ്യത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തമിഴ്നാട് ഈ അണക്കെട്ട് പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നത് ഇരുനദികളിലെയും നാല്‍പ്പതിലധികം ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളെ ബാധിക്കും. ഒപ്പം ജലസേചനപദ്ധതികളെയും. ഇപ്പോള്‍ത്തന്നെ നദീതീരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. നദികളില്‍ അധിക ജലമുണ്ടെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുമുണ്ട്.

സംസ്ഥാനം വീഴ്ച വരുത്തി

മുല്ലപ്പെരിയാറിനു പിന്നാലെ നദീസംയോജന പദ്ധതി വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കുറ്റകരമായ വീഴ്ച വരുത്തി. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് കോടതിയിലോ കേന്ദ്ര സര്‍ക്കാരിനു മുന്നിലോ ശക്തമായ നിലപാട് അവതരിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അന്തര്‍സംസ്ഥാന നദീസംയോജന പദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തിയതിനെതിരെ സുപ്രികോടതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതാണ് തിരിച്ചടിയായത്. കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കാനോ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല. കേസില്‍ അന്തിമവാദം നടന്ന മൂന്നു ദിവസവും സ്റ്റാന്റിങ് കോണ്‍സല്‍ മാത്രമാണ് ഹാജരായത്. പുതുതായി ചുമതലയേറ്റ സ്റ്റാന്റിങ് കോണ്‍സലിന് കാര്യമായി ഇടപെടാനുമായില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതീവ ഗൗരവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. ദേശീയ ജലവികസന ഏജന്‍സി യോഗത്തില്‍ കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പമ്പാ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ലിങ്ക് പദ്ധതിയെ അജണ്ടയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം ജനുവരി ആറിന് കേരളത്തിനു വേണ്ടി ഹരീഷ്സാല്‍വേ, മോഹന്‍ ഹത്താര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ് നിയോഗിച്ചത്. എന്നാല്‍ , യുഡിഎഫ് അധികാരത്തിലെത്തിയശേഷം ഒക്ടോബര്‍ 17നും ജനുവരി രണ്ടിനും ഒമ്പതിനും നടന്ന അന്തിമവാദത്തിനായി സീനിയര്‍ അഭിഭാഷകര്‍ ഉണ്ടായില്ല. അതേസമയം, അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അടക്കം സീനിയറായ അഭിഭാഷകരെയാണ് തമിഴ്നാട് നിയോഗിച്ചത്.

പ്രശ്നത്തിന്റെ ഗൗരവം കേന്ദ്രത്തെയും കേന്ദ്ര ജലകമീഷനേയും ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാനസര്‍ക്കാരും മെനക്കെട്ടില്ല. സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്ന വിധി വന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെപ്രതികരിച്ചിട്ടില്ല. മധ്യതിരുവിതാംകൂറിലേയും പ്രത്യേകിച്ച് കുട്ടനാട്ടിലേയും പ്രധാന ജലസ്രോതസുകളായ പമ്പയിലേയും അച്ചന്‍കോവിലാറിലേയുംവെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചു വിടുന്ന പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ ലിങ്ക് പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ ഏറെ നാളായി തമിഴ്നാട് ശ്രമം നടത്തി വരികയായിരുന്നു. രണ്ട് നദികളിലും അധികജലമുണ്ടെന്നും അതു ഉപയോഗപ്പെടുത്താത കടലില്‍ ഒഴുക്കിക്കളയുകയാണെന്നുമുള്ള വാദമുയര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്നാട് ഇത്തരത്തിലുള്ള പദ്ധതി തയ്യാറാക്കി നീക്കങ്ങള്‍ തുടങ്ങിയത്.

deshabhimani 290212

2 comments:

  1. പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി നടപ്പാക്കിയാല്‍ മധ്യതിരുവിതാംകൂറും പ്രത്യേകിച്ച് കുട്ടനാടും ഊഷരഭൂമിയാകും. മുഖ്യജലസ്രോതസ്സായ പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇരുനദികളെയും കിഴക്കോട്ട് തിരിച്ചുവിടുന്നത് സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ തിങ്കളാഴ്ച സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി ആസൂത്രണംചെയ്യാനും നടപ്പാക്കാനുമായി ഉന്നതതലസമിതിയെയും നിയമിച്ചു.

    ReplyDelete
  2. നദീസംയോജന കരാര്‍ കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം കരാറിനെ അംഗീകരിക്കുന്നില്ല. നദികള്‍ സംയോജിപ്പിക്കുന്നതിനെ എതിര്‍ക്കുന്നു. അംഗീകരിച്ച സംസ്ഥാനങ്ങള്‍ക്കു മാത്രമേ ബാധകമാവുന്നുള്ളുവെന്നും മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളില്‍ അസി. എന്‍ജിനീയര്‍മാരെയും ബ്ലോക്കുകളില്‍ അസി. എക്സി. പന്‍ജിനയര്‍മാരെയും നിയമിക്കും. പട്ടികവര്‍ഗ്ഗ യുവതികളുടെ വിവാഹ സഹായം അന്‍പതിനായിരമാക്കി ഉയര്‍ത്തി. കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്കിന് രണ്ടര കോടി രൂപ അനുവദിച്ചു. ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ വെടിവച്ച കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ്സാധ്യമല്ല. എഫ്ഐആര്‍ ശക്തമാണ്. വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    ReplyDelete