Monday, February 27, 2012

വിദേശസഹായം: വാര്‍ത്ത വസ്തുതാവിരുദ്ധം- പി രാജീവ്

അമേരിക്കയുടെ സഹായത്തോടെയാണ് താന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതെന്ന തലക്കെട്ടില്‍ മനോരമ ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതകള്‍ക്കു വിരുദ്ധവും ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് പി രാജീവ് എംപി പ്രസ്താവനയില്‍ പറഞ്ഞു. വസ്തുത എന്താണെന്ന് അന്വേഷിക്കാതെയുള്ള പത്രപ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണിത്.

തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് വിവരശേഖരണത്തിനായി സഹായികളെ നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചത് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബാണ്. 1947ല്‍ ഭരണഘടന അസംബ്ലിയിലെ അംഗങ്ങള്‍ക്കായി തുടങ്ങിയ ക്ലബ്ബില്‍ എംപിമാരും മുന്‍എംപിമാരും അംഗങ്ങളാണ്. ലോക്സഭാ സ്പീക്കറാണ് ക്ലബ്ബിന്റെ അധ്യക്ഷ. പിആര്‍എസ് എന്ന സ്ഥാപനവും ഈ പദ്ധതിയില്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ , എംപിമാര്‍ക്ക് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബുമായി മാത്രമാണ് ബന്ധമുള്ളത്. ഈ വിവരങ്ങളെല്ലാം ക്ലബ്ബിന്റെ വെബ്സൈറ്റില്‍ ലഭ്യവുമാണ്. 2010-11 പദ്ധതിയില്‍ ഇടതുപക്ഷ എംപിമാരായ ഡി രാജ, മൊയിനുള്‍ ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായികളെ നല്‍കിയിരുന്നു. പാര്‍ലമെന്റിലെ അംഗത്വത്തിന് അനുസരിച്ചാണ് ഒരോ സംസ്ഥാനത്തുനിന്നും എംപിമാരെ തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍നിന്ന് ജോസ് കെ മാണിക്കും സഹായം ലഭിച്ചിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ പി സി ചാക്കോയും ഉള്‍പ്പെട്ടിട്ടുണ്ട്.

എംപിമാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ശേഖരിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് സഹായികള്‍ ചെയ്യുന്നത്. പാര്‍ലമെന്റില്‍നിന്നും സംസ്ഥാനസര്‍ക്കാരില്‍നിന്നും ഉള്‍പ്പെടെ നല്‍കിയിട്ടുള്ള അസിസ്റ്റന്റുകള്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതിന് സഹായിക്കുന്നു. ഈ വിവരങ്ങളെല്ലാം ഉപയോഗിച്ച് പാര്‍ടിനയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പാര്‍ലമെന്റില്‍ ഞാന്‍ ചോദിച്ച 111 ചോദ്യങ്ങളും ചര്‍ച്ചകളും മറ്റും രാജ്യസഭ വെബ്സൈറ്റില്‍ ലഭ്യമാണ്. മനോരമ ആരോപിക്കുന്നതുപോലെ സാമ്രാജ്യത്വതാല്‍പ്പര്യമുള്ള എന്താണുള്ളതെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. സിപിഐ എം നയങ്ങള്‍ക്കുള്ള ശക്തമായ ഇടപെടലുകളാണ് ഈ ചോദ്യങ്ങളിലൂടെ നടത്തിയിട്ടുള്ളത്.

പിആര്‍എസ് എല്ലാ എംപിമാര്‍ക്കും വിവരം നല്‍കുന്ന സ്ഥാപനമാണ്. ബില്ലുകള്‍ സംബന്ധിച്ച വിവരങ്ങളും സ്റ്റാന്‍ഡിങ് കമ്മറ്റി ശുപാര്‍ശകളുമാണ് അവര്‍ നല്‍കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പിആര്‍എസ് എംഎല്‍എമാര്‍ക്കും സഹായം നല്‍കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈദരാബാദില്‍ നല്‍കുന്ന പരിശീലനം സംഘടിപ്പിക്കുന്നതും പിആര്‍എസാണ്. ഇതൊന്നും അന്വേഷിക്കുകപോലും ചെയ്യാതെ വാര്‍ത്തയും അതുസംബന്ധിച്ച ചര്‍ച്ചയും നടത്തുന്നത് വ്യക്തിഹത്യയും ഹീനമായ പത്രപ്രവര്‍ത്തനവുമാണെന്ന് രാജീവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 270212

1 comment:

  1. അമേരിക്കയുടെ സഹായത്തോടെയാണ് താന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതെന്ന തലക്കെട്ടില്‍ മനോരമ ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതകള്‍ക്കു വിരുദ്ധവും ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് പി രാജീവ് എംപി പ്രസ്താവനയില്‍ പറഞ്ഞു. വസ്തുത എന്താണെന്ന് അന്വേഷിക്കാതെയുള്ള പത്രപ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണിത്.

    ReplyDelete