Sunday, February 26, 2012

ഇടതുപക്ഷത്തിനു വിജയമേകാന്‍ സ്ത്രീകളും രംഗത്ത്

വികസനവഴിയില്‍

കെഎല്‍ 17 ഇ-18 വെളുത്ത അംബാസിഡര്‍ കാര്‍ ദൂരെ തല കാണിച്ചപ്പോള്‍ത്തന്നെ രാമമംഗലം ന്യൂ ജങ്ഷനില്‍ കൂടിയ നാട്ടുകാരും പാര്‍ടി പ്രവര്‍ത്തകരും മുന്നോട്ടുനീങ്ങി. കത്തുന്ന വെയിലില്‍ കുറേ നേരമായി അവര്‍ പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിനെ കാത്തുനില്‍ക്കുന്നു. "ഇങ്ക്വിലാബിന്‍ മക്കള്‍ ഞങ്ങള്‍ ..." എന്ന പാട്ട് സ്പീക്കറുകളില്‍നിന്ന് ഒഴുകിയെത്തുന്നു. ചുവന്ന കൊടി തോരണങ്ങള്‍കൊണ്ട് അലങ്കരിച്ച കവല വൈകിട്ടത്തെ പൊതുസമ്മേളനത്തിനുള്ള ഒരുക്കത്തിലാണ്. നിറപുഞ്ചിരിയോടെ എം ജെ കാറില്‍ നിന്നിറങ്ങി. എല്ലാവര്‍ക്കും കൈ കൊടുത്തു. കാത്തുനിന്ന ചാനലുകാര്‍ മൈക്ക് നീട്ടി വികസനസങ്കല്‍പ്പം ചോദിച്ചപ്പോള്‍ അദ്ദേഹം പിറവത്തെക്കുറിച്ചും താന്‍ നടത്തിയ വികസനപ്രവര്‍ത്തനം, മണ്ഡലത്തിന്റെ ഭാവി വികസനസാധ്യതകള്‍ എന്നിവയെക്കുറിച്ചും വാചാലനായി- "എറണാകുളം വികസിക്കുകയാണ്. എന്തായാലും ഇനി പടിഞ്ഞാറ് അറബിക്കടലിലോട്ട് വികസിക്കാന്‍ കഴിയില്ല. കൊച്ചിയുടെ ഉപഗ്രഹ നഗരങ്ങളായി കൂത്താട്ടുകുളത്തെയും പിറവത്തെയും മാറ്റുകയാണ് ലക്ഷ്യം"-എം ജെ പറഞ്ഞവസാനിപ്പിച്ചു.

തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥികള്‍ ഒഴുക്കുന്ന വാഗ്ദാനങ്ങളുടെ മൂവാറ്റുപുഴയാറല്ല അതെന്ന് നാട്ടുകാര്‍ക്ക് അറിയാം. "റോഡുകള്‍ , പാലങ്ങള്‍ , ഇലക്ട്രോണിക്സ് പാര്‍ക്, സ്റ്റേഡിയങ്ങള്‍ ..." എംഎല്‍എയായിരുന്ന കാലത്തെ വികസനനേട്ടങ്ങളെ ഒറ്റവാചകത്തില്‍ എം ജെ ചുരുക്കിപ്പറയുന്നു. ജങ്ഷനിലെ 53 വ്യാപാരസ്ഥാപനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും നേരില്‍ കാണാന്‍ ഒരറ്റത്തുനിന്ന് എം ജെ യാത്ര തുടങ്ങി. നാരങ്ങ വെള്ളമെടുക്കുന്ന വൃദ്ധനായ കടക്കാരനോട്- "ഞാനേ.. 50 കൊല്ലമായി ഈ വഴി നടക്കുന്ന ആളാ..." എന്നായിരുന്നു എം ജെയുടെ പരിചയപ്പെടുത്തല്‍ . "അത്, പ്രത്യേകം പറയണോ...എനിക്കറിയില്ലേ..."കടയുടമ ഗ്ലാസ് നീട്ടി പറഞ്ഞു. രാവിലെ എട്ടിന് ഊരമന ശിവലിയില്‍നിന്നു തുടങ്ങിയ യാത്രയാണ്. സൂര്യന്‍ കത്തി ജ്വലിക്കുമ്പോഴും എം ജെയുടെ മുഖത്ത് ചിരിയുടെ നിലാവാണ്. വണ്ടിയില്‍ ഇഷ്ടംപോലെ തിളപ്പിച്ചാറ്റിയ വെള്ളം കരുതിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് അത് കുടിച്ച് വിശപ്പും ദാഹവും അകറ്റുന്നു.
രാവിലെ ഉന്നേക്കാട് തൊഴിലുറപ്പുപദ്ധതിക്കു കീഴില്‍ ജോലിചെയ്യുന്ന സ്ത്രീകളെ കണ്ടപ്പോള്‍ ഉത്തരവാദിത്വമുള്ള ഗൃഹനായകന്റെ റോളായി എം ജെയ്ക്ക് - "കാപ്പി കുടിച്ചിട്ട് മതി കേട്ടോ കൊത്തും കിളയുമൊക്കെ..."- അവരോട് ജേക്കബ്ബേട്ടന്റെ സ്നേഹനിര്‍ദേശം. അടുത്തുള്ള ബസ്സ്റ്റോപ്പിലേക്ക് എത്തിയപ്പോള്‍ ബസ് കാത്ത് മുഷിഞ്ഞ യുവതി ജേക്കബ്ബേട്ടന്റെ അരികിലെത്തി പരാതി പറഞ്ഞു- "ഇവിടെ ബസിനൊരു വ്യവസ്ഥയുണ്ടാക്കിത്തരണം". വിഷയം "ഏറ്റെടുത്തെന്ന്" ഉറപ്പ് നല്‍കിയിട്ടാണ് എം ജെ അവിടംവിട്ടത്. മുന്‍ എംഎല്‍എ എം പി വര്‍ഗീസ്, സാബു ജോസഫ്, സുമിത് സുരേന്ദ്രന്‍ , സിപിഐ എം ലോക്കല്‍ സെക്രട്ടറി പി എം പൈലി, സിപിഐ നേതാവ് കെ വി മത്തായി, കെ വി വര്‍ക്കി എന്നിവര്‍ എം ജെയെ അനുഗമിച്ചു. വഴിയരികിലെ ഫ്ളെക്സുകളില്‍ "വികസനത്തിന്റെ സൂര്യ തേജസ്സ്" എന്ന വാക്കുകള്‍ക്കു താഴെ മോട്ടോര്‍ ബൈക്കോടിക്കുന്ന എം ജെ നിറഞ്ഞുനിന്നു.

രാമമംഗലം, ഉന്നേക്കാട്, കോട്ടപ്പുറം, കടവില്‍ , കിഴുമുറികടവ്, മാമലശേരി... എം ജെ ശനിയാഴ്ച സഞ്ചരിച്ച വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അദ്ദേഹത്തെ കാത്തുനിന്നിരുന്നു. എല്ലായിടത്തും ഓരോ ചാനലുകാര്‍ അദ്ദേഹത്തെ കണ്ടു. മാമലശേരിയില്‍ തന്നെ കണ്ട ചാനലുകാരോട് അദ്ദേഹം പറഞ്ഞവസാനിപ്പിച്ച വാക്കുകള്‍ ഇതായിരുന്നു- " ചിലര്‍ വികസനം, വികസനം എന്ന് പറഞ്ഞോണ്ടിരിക്കും. പക്ഷേ, അങ്ങനെ പറഞ്ഞോണ്ടിരുന്നാല്‍ വികസനം വരില്ലല്ലോ. പറഞ്ഞ വാക്ക് പാലിക്കാന്‍ അക്ഷീണം പ്രയത്നിക്കണം. എന്നാലേ വികനത്തിന് രൂപം വരുള്ളു". എംജെയെ അറിയുന്ന പിറവത്തുകാരോട് ഇത് ഇങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കാരണം, ഇന്ന് പുറംലോകം കാണുന്ന വികസ്വര പിറവത്തിന് ജേക്കബ്ബേട്ടന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് അവര്‍ക്കറിയാം....

എല്‍ഡിഎഫ് സ്ക്വാഡുകള്‍

പാമ്പാക്കുട ടൗണിലേക്ക് ഓട്ടോയില്‍ വാഴക്കുലയും കയറ്റിപോകുകയായിരുന്നു സന്തോഷ്. ചെത്തുകാരന്‍ കേശവന്‍ ചേട്ടന്റെ വീട്ടില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സ്ക്വാഡ് വോട്ടഭ്യര്‍ഥന നടത്തുകയായിരുന്നു. സ്ക്വാഡ് ലീഡര്‍ ഉലഹന്നാന്‍ മാഷ് ഒന്നു നീട്ടിവിളിച്ചു: "സന്തോഷേ ഒന്നിറങ്ങിയേച്ചു പോ. തെരഞ്ഞെടുപ്പിന്റെ ചൂടൊന്നും നിനക്ക് ഏറ്റിട്ടില്ലാന്ന് തോന്നണു." വണ്ടി തണലിലേക്കു നീക്കിനിര്‍ത്തി സന്തോഷ് ഇറങ്ങി. "ഇത്തവണ എല്‍ഡിഎഫിനാണ് മാഷെ സാധ്യത. പക്ഷെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ജയിപ്പിച്ചാല്‍ മണ്ഡലത്തിന് ഒരു മന്ത്രിയെ കിട്ടുമെന്നാണ് യുഡിഎഫിന്റെ വാഗ്ദാനം". രാഷ്ട്രീയ കരുനീക്കങ്ങള്‍ ഒരുപാടു കണ്ട ഉലഹന്നാന്‍ മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു: "ഈ തെരഞ്ഞെടുപ്പു കഴിയുന്നതോടെ കേരള കോണ്‍ഗ്രസ് ജേക്കബ് പിറവത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഉണ്ടാവില്ല; കഴിഞ്ഞതവണ വച്ച കെണി വീഴാത്തതിന്റെ നിരാശ കോണ്‍ഗ്രസുകാര്‍ക്കുണ്ട്. പിന്നെ, വികസനമെന്ന വാക്കിന്റെ പര്യായമായിമാറിയ എം ജെ ജേക്കബ് ഇപ്പുറത്തും."
പുറത്ത് കുംഭവെയില്‍ തിളച്ചൊഴുകുമ്പോള്‍ വീടുകളിലും ചായക്കടകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം പിറവം ജനതയുടെ രാഷ്ട്രീയ ദിശാബോധത്തിന് തീര്‍ച്ചയും മൂര്‍ച്ചയും പകര്‍ന്നുകൊടുത്ത് മുന്നേറുകയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ . മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ക്വാഡുകളെ ഇറക്കി എല്‍ഡിഎഫ് പിറവത്തെ ഇളക്കിമറിക്കുമ്പോള്‍ കപടവാഗ്ദാനങ്ങള്‍ നല്‍കിയും വര്‍ഗീയ പ്രചാരണം നടത്തിയും മദ്യവും പണവും ഒഴുക്കിയും ഒരു ജനതയെ വ്യാമോഹിപ്പിക്കാനുള്ള പാഴ്ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. സിപിഐ എമ്മിന്റെ സംസ്ഥാന സാരഥി പിണറായി വിജയന്‍ പിറവത്ത് ക്യാമ്പ്ചെയ്ത് തെരഞ്ഞെടുപ്പ് സംഘടനാ മെഷിനറി ചലിപ്പിക്കാനെത്തിയത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. എല്‍ഡിഎഫിലെ ഘടകകക്ഷി നേതാക്കന്മാരുടെ സജീവസാന്നിധ്യവും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജംപകരുന്നു. എല്‍ഡിഎഫിന്റെ സ്ക്വാഡ്പ്രവര്‍ത്തനം ഇതിനകം രണ്ടുവട്ടം പിന്നിട്ടു. മൂന്നാം വട്ടമാണ് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ക്കലും മറ്റുമാണ് നടന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ ക്രിസ്മസ്-പുതുവത്സര ആശംസകള്‍ ജനഹൃദയങ്ങളിലെത്തിക്കുകയായിരുന്നു ദൗത്യം. ഇതില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെയാണ് മൂന്നാം വട്ട സ്ക്വാഡ്പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയ വിശദീകരണമടങ്ങുന്ന ലഘുലേഖ വിതരണംചെയ്താണ് പ്രവര്‍ത്തനം. സിപിഐ എമ്മിന്റെ വര്‍ഗ-ബഹുജന സംഘടനകളും പ്രത്യേക സ്ക്വാഡുകളായി പ്രവര്‍ത്തിക്കുന്നു. ശനിയാഴ്ച പാമ്പാക്കുട ടൗണ്‍ ബൂത്ത് കേന്ദ്രീകരിച്ചു നടന്ന സ്ക്വാഡ്പ്രവര്‍ത്തനത്തിനിടെ പ്രവര്‍ത്തകര്‍ , പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 13-ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്ന സുനി പ്രദീപിന്റെ വീട്ടിലുമെത്തി. ഇത്തവണ രണ്ടു മുന്നണികളും ശക്തമായ മത്സരമാണ് നടത്തുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. എതിര്‍ചേരിയില്‍ നിന്നവരെപ്പോലും ഹൃദയപക്ഷത്തേക്കു കൊണ്ടുവന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ ജനകീയത സമ്മതിച്ചുകൊണ്ടും എല്‍ഡിഎഫ്-യുഡിഎഫ് ഭരണങ്ങള്‍ ശരിയായി വിലയിരുത്തിയും പിറവം ജനത വീണ്ടും ഇടത്തോട്ടു ചായുന്നതിന്റെ സൂചനയാണ് സുനി പ്രദീപ് പറയാതെ പറഞ്ഞത്.

വിജയമേകാന്‍ സ്ത്രീകളും രംഗത്ത്

നാടിന്റെ വികസനത്തിന് വോട്ടുതേടിയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വനിതകളുടെ സജീവസാന്നിധ്യം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വീട്ടമ്മമാരുള്‍പ്പെടെയുള്ള വനിതകളുടെ പ്രത്യേക സ്ക്വാഡുകള്‍ വോട്ടഭ്യര്‍ഥനയുമായി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ തിരക്കിട്ട് വീട്ടുജോലികള്‍ ഒതുക്കി എം ജെ ജേക്കബ്ബിന്റെ വോട്ടഭ്യര്‍ഥനയുമായി വീടുകള്‍ കയറുകയാണ് മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ വനിതാപ്രവര്‍ത്തകരും അനുഭാവികളുമെല്ലാം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്കുനേരെയുണ്ടായ വര്‍ധിച്ച അക്രമങ്ങളും വിലക്കയറ്റവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വനിതകള്‍ എം ജെ ജേക്കബ്ബിന് വോട്ടഭ്യര്‍ഥിക്കുന്നത്. കുടുംബബന്ധങ്ങള്‍ ഛിദ്രമാക്കുന്ന മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും പിറവത്തുള്‍പ്പെടെ മദ്യശാല അനുവദിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അമിതവ്യഗ്രതയും വനിതാസ്ക്വാഡിലെ അംഗങ്ങള്‍ വീട്ടമ്മമാരെ ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തിലാകെ മദ്യമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം തിരിച്ചറിയണമെന്ന അഭ്യര്‍ഥനയും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകളിലെല്ലാം ബൂത്ത് അടിസ്ഥാനത്തില്‍ വനിതാ സ്ക്വാഡുകള്‍ വരുംദിവസങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തും.
പ്രചാരണരംഗത്തെ മുന്നേറ്റം നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് വെള്ളിയാഴ്ച രാവിലെ എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ പേപ്പതി കവലയില്‍നിന്നാരംഭിച്ച പര്യടനം കൈപ്പട്ടൂര്‍ , വട്ടപ്പാറ, തൊട്ടൂര്‍ , തിരുമറയൂര്‍വഴി ഉച്ചയ്ക്ക് വെളിയനാട് സമാപിച്ചു. പകല്‍ മൂന്നുമുതല്‍ ആമ്പല്ലൂര്‍ പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വ്യാപാരിവിരുദ്ധ നയങ്ങളും ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം നടത്താനുള്ള നീക്കവും വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ചര്‍ച്ചയാകുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അതേ നയങ്ങള്‍ പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ ലഭിക്കുന്ന അവസരം പാഴാക്കില്ലെന്ന് കച്ചവടക്കാര്‍ നല്‍കുന്ന സൂചനകളും പര്യടനത്തെ സാര്‍ഥകമാക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒന്നുവരെ തിരുമാറാടി ഭാഗത്തും പകല്‍ മൂന്നുമുതല്‍ ഏഴുവരെ പാമ്പാക്കുടയിലും അദ്ദേഹം വോട്ടര്‍മാരെ കാണും.

deshabhimani 260212

1 comment:

  1. നാടിന്റെ വികസനത്തിന് വോട്ടുതേടിയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വനിതകളുടെ സജീവസാന്നിധ്യം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വീട്ടമ്മമാരുള്‍പ്പെടെയുള്ള വനിതകളുടെ പ്രത്യേക സ്ക്വാഡുകള്‍ വോട്ടഭ്യര്‍ഥനയുമായി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ തിരക്കിട്ട് വീട്ടുജോലികള്‍ ഒതുക്കി എം ജെ ജേക്കബ്ബിന്റെ വോട്ടഭ്യര്‍ഥനയുമായി വീടുകള്‍ കയറുകയാണ് മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ വനിതാപ്രവര്‍ത്തകരും അനുഭാവികളുമെല്ലാം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്കുനേരെയുണ്ടായ വര്‍ധിച്ച അക്രമങ്ങളും വിലക്കയറ്റവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വനിതകള്‍ എം ജെ ജേക്കബ്ബിന് വോട്ടഭ്യര്‍ഥിക്കുന്നത്. കുടുംബബന്ധങ്ങള്‍ ഛിദ്രമാക്കുന്ന മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും പിറവത്തുള്‍പ്പെടെ മദ്യശാല അനുവദിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അമിതവ്യഗ്രതയും വനിതാസ്ക്വാഡിലെ അംഗങ്ങള്‍ വീട്ടമ്മമാരെ ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തിലാകെ മദ്യമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം തിരിച്ചറിയണമെന്ന അഭ്യര്‍ഥനയും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.

    ReplyDelete