Saturday, February 25, 2012

നെല്ലറയുടെ വിളകളില്‍ കണ്ണുവച്ച് കോര്‍പറേറ്റ് കമ്പനികള്‍ രംഗത്ത്

നെല്ലറയുടെ നാട്ടിലെ വിളകള്‍തേടി കോര്‍പറേറ്റ്കമ്പനികള്‍ രംഗത്തെത്തുന്നു. ഇതിനു മുന്നോടിയായി ഇത്തരം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാര്‍ പാലക്കാട്ട് നടത്തി. ഡെല്‍ഹി ആസ്ഥാനമായുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് "കേരള അഗ്രികോണ്‍ - 2012" എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഭൂസൂചിക അംഗീകാരം ലഭിച്ച പാലക്കാടന്‍മട്ട അരി, നവര എന്നിവ ഉള്‍പ്പെടെ നിരവധി കാര്‍ഷികവിളകളാല്‍ സമ്പന്നമാണ് പാലക്കാടിന്റെ മണ്ണ്. അതുകൊണ്ടുതന്നെയാണ് കോര്‍പറേറ്റ്കമ്പനികള്‍ ഇവിടെ കണ്ണുവയ്ക്കാന്‍ കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് താരതമ്യേന കീടനാശിനികളുടെ പ്രയോഗവും ഇവിടെ കുറവാണ്. കോര്‍പറേറ്റ്കമ്പനിയെയും കര്‍ഷകരെയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള പാതയൊരുക്കുകയാണ് ഈ സെമിനാറിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നാണ് സംഘാടകരുടെ വാഗ്ദാനം.

എന്നാല്‍ പരിപാടി "വൈറ്റ്കോളര്‍ സെമിനാര്‍" ആയതോടെ സാധാരണ കര്‍ഷകര്‍ ആരുംതന്നെ പരിപാടിയില്‍ എത്തിയിരുന്നില്ല. കേന്ദ്ര സഹമന്ത്രി കെ വി തോമസ് ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കാര്‍ഷികമേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വിദഗ്ധര്‍ അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും സര്‍ക്കാര്‍ നല്‍കിവരുന്ന സബ്സിഡി നിര്‍ത്തണമെന്നായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടത്. ഇത്തരം സബ്സിഡികള്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടിജോലി ഉണ്ടാക്കുന്നുവെന്നും മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നുമായിരുന്നു ഡയറക്ടറുടെ വാദം. കൃഷിവകുപ്പിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.

പാലക്കാടിന്റെ മാത്രം പ്രത്യേകതയായ നവര അരി മൊത്തമായി വാങ്ങാന്‍ തയ്യാറാണെന്ന് ചടങ്ങിലെത്തിയ ഒരു വന്‍കിടസംരംഭകന്‍ അറിയിച്ചു. റിലയന്‍സ്, സിന്തൈറ്റ്, മോര്‍ എന്നീ കമ്പനികളുടെ പ്രതിനിധികള്‍ സെമിനാറില്‍ സജീവമായിരുന്നു. ഈ കമ്പനികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘം ശനിയാഴ്ച ചിറ്റൂരില്‍ കൃഷിസ്ഥലം സന്ദര്‍ശിക്കുകയും ചെയ്യും. കൊച്ചി ആസ്ഥാനമായുള്ള ഒരു സിന്തൈറ്റ്കമ്പനി കര്‍ഷകരെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് ആവശ്യമുള്ള ഇഞ്ചി, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയ വിളകളുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചിരുന്നു.

deshabhimani 250212

1 comment:

  1. നെല്ലറയുടെ നാട്ടിലെ വിളകള്‍തേടി കോര്‍പറേറ്റ്കമ്പനികള്‍ രംഗത്തെത്തുന്നു. ഇതിനു മുന്നോടിയായി ഇത്തരം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാര്‍ പാലക്കാട്ട് നടത്തി. ഡെല്‍ഹി ആസ്ഥാനമായുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് "കേരള അഗ്രികോണ്‍ - 2012" എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഭൂസൂചിക അംഗീകാരം ലഭിച്ച പാലക്കാടന്‍മട്ട അരി, നവര എന്നിവ ഉള്‍പ്പെടെ നിരവധി കാര്‍ഷികവിളകളാല്‍ സമ്പന്നമാണ് പാലക്കാടിന്റെ മണ്ണ്. അതുകൊണ്ടുതന്നെയാണ് കോര്‍പറേറ്റ്കമ്പനികള്‍ ഇവിടെ കണ്ണുവയ്ക്കാന്‍ കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

    ReplyDelete