Sunday, February 26, 2012

അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴും ബാലവിവാഹം

കാലം ഏറെ മാറിയെങ്കിലും ഇതൊന്നുമറിയാതെ പഴയ ആചാരങ്ങളെ മുറുകെപ്പിടിച്ച് കഴിയുകയാണ് ഇവിടെയൊരു ജനവിഭാഗം. ശൈശവ വിവാഹം നാടുനീങ്ങിയെന്ന് അധികൃതര്‍ പറയുമ്പോഴും ഇവിടെ പതിവ് ആചാരംമാത്രം. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരിയിലെ ഗ്രാമപ്രദേശങ്ങളിലാണ് ബാലവിവാഹം ഉള്‍പ്പെടെയുള്ളവ ഇപ്പോഴുമുള്ളത്. മുമ്പ് ആദിവാസി വിഭാഗങ്ങളിലും ആദികന്നഡിഗ വിഭാഗങ്ങളിലും മാത്രം കണ്ടുവന്നിരുന്ന കുട്ടിക്കല്യാണം സാര്‍വത്രികമാകുകയാണ്.

പിന്നോക്ക തമിഴ് വിഭാഗക്കാരിലും ആദികന്നഡിഗരിലും പെണ്‍കുട്ടികളെ ഋതുമതിയാകുന്നതിനുമുമ്പുതന്നെ കല്യാണം കഴിച്ചുവിടുന്ന ആചാരമുണ്ട്. പെണ്‍കുട്ടി വയസ്സറിയിക്കുന്നത് ഭര്‍ത്താവിന്റെ വീട്ടിലാകണമെന്നാണ് ഇവരുടെ നിര്‍ബന്ധം. അതിര്‍ത്തിഗ്രാമങ്ങളിലെ കന്നഡിഗരും ചില തമിഴ്വിഭാഗങ്ങളും സ്വന്തം അമ്മാവനെതന്നെയാണ് വരനായി സ്വീകരിക്കുന്നത്. മുറൈമാമനെ മുറച്ചെറുക്കനായി വിവാഹം ചെയ്യുന്നതിന് ഇവര്‍ക്ക് തടസ്സങ്ങളൊന്നുമില്ല. ഇവര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മുസ്ലീം സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകാതെ വിവാഹംചെയ്ത് നല്‍കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് ഇത്തരത്തില്‍ കല്യാണം കഴിച്ചയക്കുന്നത്. 16 തികയുന്നതിന് മുമ്പുതന്നെ അമ്മയാകുന്നവരാണിവരിലേറെയും. സര്‍ക്കാര്‍ നല്‍കുന്ന വിവാഹധനസഹായവും പ്രസവ ധനസഹായവും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. ഇത്തരക്കാര്‍ക്കിടയില്‍ വിവാഹമോചന കേസുകളും വര്‍ധിച്ചിട്ടുണ്ട്.

എസ്റ്റേറ്റ് പാടികളിലെ നിരവധി കുട്ടികളെ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടയില്‍ വിവാഹംചെയ്തയച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കുട്ടികളും ഏറെ. പിന്നോക്ക തമിഴ്വിഭാഗക്കാരിലും ആദികന്നഡിഗരിലും ഇത് വ്യാപകമാണ്. രണ്ടാഴ്ച മുമ്പ് 17 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് ചേരമ്പാടിക്കടുത്ത് ചോലാടിയിലെ കുടുംബത്തെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയുടെ വിവാഹ ചെലവിലേക്ക് തമിഴ്നാട് സര്‍കാര്‍ പണവും സ്വര്‍ണവും നല്‍കുന്നുണ്ട്. ഇതിനുള്ള അപേക്ഷ നല്‍കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തയ്യാറാകുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടില്‍ വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലാത്തതും ബാലവിവാഹം വര്‍ധിക്കാന്‍ കാരണമാണ്.

വയനാട്ടിലെ തോട്ടം മേഖലയിലും സമാനമായ അവസ്ഥയുണ്ട്. വൈത്തിരി, ചുണ്ടേല്‍ , മേപ്പാടി, അരപ്പറ്റ, റിപ്പണ്‍ തുടങ്ങിയ ഭാഗങ്ങളിലും പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നത് പതിവാണ്. വിവാഹ രജിസ്ട്രേഷന്‍ നിയമം ദുരുപയോഗം ചെയ്താണ് ഇത്തരത്തിലുള്ള കല്യാണങ്ങള്‍ നടക്കുന്നത്. വിവാഹങ്ങള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും മഹല്ല് കമ്മിറ്റിയോ ക്ഷേത്രകമ്മിറ്റിയോ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് മിക്കതും.
(യു ബി സംഗീത)

deshabhimani 260212

1 comment:

  1. കാലം ഏറെ മാറിയെങ്കിലും ഇതൊന്നുമറിയാതെ പഴയ ആചാരങ്ങളെ മുറുകെപ്പിടിച്ച് കഴിയുകയാണ് ഇവിടെയൊരു ജനവിഭാഗം. ശൈശവ വിവാഹം നാടുനീങ്ങിയെന്ന് അധികൃതര്‍ പറയുമ്പോഴും ഇവിടെ പതിവ് ആചാരംമാത്രം. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരിയിലെ ഗ്രാമപ്രദേശങ്ങളിലാണ് ബാലവിവാഹം ഉള്‍പ്പെടെയുള്ളവ ഇപ്പോഴുമുള്ളത്. മുമ്പ് ആദിവാസി വിഭാഗങ്ങളിലും ആദികന്നഡിഗ വിഭാഗങ്ങളിലും മാത്രം കണ്ടുവന്നിരുന്ന കുട്ടിക്കല്യാണം സാര്‍വത്രികമാകുകയാണ്.

    ReplyDelete