Monday, February 27, 2012

കായക്കൊടിയില്‍ ബിജെപി ഗുണ്ടാവിളയാട്ടം


3 സിപിഐ എം പ്രവര്‍ത്തകരെ വെട്ടി

കുറ്റ്യാടി: കായക്കൊടി ഈന്തുള്ള തറയില്‍ ബിജെപി ഗുണ്ടാസംഘം സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന്പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. ഈന്തുള്ളതറ ബ്രാഞ്ച് സെക്രട്ടറി കെ പി ബാബു (50) ബ്രാഞ്ച് അംഗങ്ങളായ പി കെ ചന്ദ്രന്‍ പഷ്ണികുന്നുമ്മല്‍ (42), എം ഷാജി മയങ്ങിയില്‍ (28) എന്നിവരെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പകല്‍ 2.30 നാണ് ക്രിമിനല്‍സംഘം അഴിഞ്ഞാടിയത്. വെട്ടേറ്റ മൂന്നുപേരും സമീപത്തുള്ള ഗൃഹപ്രവേശത്തില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ മാമ്പൊയില്‍ അനീഷ്, കള്ളേരിപ്പൊയില്‍ ഷാജി, കല്ലേരിപ്പൊയില്‍ സുരേഷ്, കല്ലേരിപ്പൊയില്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി ക്രിമിനലുകള്‍ പള്ളിയറ-വണ്ണാത്തിപ്പൊയില്‍ റോഡില്‍ കള്ളേരിപ്പൊയില്‍ എന്ന സ്ഥലത്തുവച്ച് മാരാകായുധങ്ങളുമായി ആക്രമിച്ച് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തിനുശേഷം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ബിജെപി ക്രിമിനലുകള്‍ ശ്രമിച്ചു. കള്ളേരിപ്പൊയില്‍ രാഹുല്‍ (27), മനീഷ് (29) എന്നിവരെയും ആക്രമിക്കാന്‍ ശ്രമിക്കവെ ഇവര്‍ ഓടി തൊട്ടടുത്തുള്ള പാറേമ്മല്‍ നാരായണിയുടെ വീട്ടില്‍ അഭയംതേടി. തുടര്‍ന്ന് വീടിനുനേരെ ക്രമിനല്‍സംഘം കല്ലെറിഞ്ഞു. കല്ലേറില്‍ പരിക്കേറ്റ കള്ളേരിപ്പൊയില്‍ മക്കത്ത് ചന്ദ്രി (43) വീട്ടുടമസ്ഥ പാറേമ്മല്‍ നാരായണി എന്നിവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ അമ്മയാണ് പരിക്കേറ്റ ചന്ദ്രി.

അക്രമത്തിനുശേഷം പുറമെ നിന്നെത്തിയ ബിജെപി-ആര്‍എസ്എസ് ക്രിമിനലുകള്‍ കള്ളേരിപ്പൊയില്‍ ഷാജിയുടെ വീട്ടില്‍ തങ്ങുകയും പൊലീസ് വീടിന് കാവലേര്‍പ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ മാമ്പൊയില്‍ അനീഷിനെ പൊലീസ് അറസ്റ്റ്ചെയ്തു. രണ്ടാഴ്ച മുമ്പ് ഷാജി, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയാറവച്ച് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ബിജെപി ക്രിമിനലുകളെ ഒറ്റപ്പെടുത്തണമെന്നും ക്രിമിനലുകള്‍ക്കെതിരെ ജനം കരുതിയിരിക്കണമെന്നും സിപിഐ എം കായക്കൊടി ലോക്കല്‍ സെക്രട്ടറി എം കെ ശശി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

സിപിഐ എം പ്രവര്‍ത്തകനുനേരെ ബിജെപി വധശ്രമം

പിലാത്തറ: പാണപ്പുഴ പറവൂരില്‍ സിപിഐ എം പ്രവര്‍ത്തകനുനേരെ ബിജെപിക്കാരുടെ വധശ്രമം. പറവൂര്‍ ബ്രാഞ്ചംഗം മാട്ടുമ്മല്‍ സന്തോഷി (30)യാണ് റബര്‍ടാപ്പിങ്ങിനിടെ ഞായറാഴ്ച രാവിലെ ആറോടെ ബോംബെറിഞ്ഞ് ആക്രമിച്ചത്. വീടിനടുത്തുള്ള വടക്കേ വീട്ടില്‍ പാറുവിന്റെ റബര്‍ തോട്ടത്തില്‍ ആറോടെ ടാപ്പിങ് നടത്തുകയായിരുന്ന സന്തോഷിനെ ബിജെപി പ്രവര്‍ത്തകരായ പി പി ബാബു, വിശ്വനാഥന്‍ , ബിജു എന്നിവര്‍ ചേര്‍ന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. അക്രമികളെ കണ്ട സന്തോഷ് പാറുവിന്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ വന്ന അക്രമികള്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാനും മഴു ഉപയോഗിച്ച് കൊത്തിക്കളയാനും ശ്രമിച്ചു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിവരുന്നതുകണ്ട് അക്രമികള്‍ സ്ഥലം വിട്ടു. പരിക്കേറ്റ സന്തോഷിനെയും സൗദാമിനിയെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പി പി ബിജുവിന്റെ വീട്ടില്‍നിന്ന് ബോംബ് കണ്ടെത്തി. ഇവ പുഴയിലിട്ട് നിര്‍വീര്യമാക്കി. കഴിഞ്ഞ ദിവസം പറവൂരിലെ സിപിഐ എം പ്രവര്‍ത്തകരായ എം വി രഞ്ജിത്തിനെയും മാട്ടുമ്മല്‍ ഷാജിയെയും ബിജെപിക്കാര്‍ ആക്രമിച്ചുരുന്നു. ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ സിപിഐ എം പാണപ്പുഴ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani 270212

1 comment:

  1. കായക്കൊടി ഈന്തുള്ള തറയില്‍ ബിജെപി ഗുണ്ടാസംഘം സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന്പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. ഈന്തുള്ളതറ ബ്രാഞ്ച് സെക്രട്ടറി കെ പി ബാബു (50) ബ്രാഞ്ച് അംഗങ്ങളായ പി കെ ചന്ദ്രന്‍ പഷ്ണികുന്നുമ്മല്‍ (42), എം ഷാജി മയങ്ങിയില്‍ (28) എന്നിവരെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    ReplyDelete