Tuesday, December 11, 2012

കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ പണിമുടക്കി കോണ്‍ഗ്രസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം


കണ്‍സ്യൂമര്‍ഫെഡിന്റെ പേരാമ്പ്ര ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന കോണ്‍ഗ്രസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം. സൂപ്പര്‍മാര്‍ക്കറ്റ് കയ്യേറി വനിതാ ജീവനക്കാരി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ ഒന്നടങ്കം തിങ്കളാഴ്ച പണിമുടക്കി. പണിമുടക്ക് കാരണം ജില്ലയിലെ ത്രിവേണി സ്റ്റോറുകളും ക്രിസ്മസ് ചന്തകളും പ്രവര്‍ത്തിച്ചില്ല.

മറ്റു ജില്ലകളില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഏതാനും കോണ്‍ഗ്രസുകാര്‍ പേരാമ്പ്ര ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് കയ്യേറി ജീവനക്കാരി കെ പി ഷിജി, പി കെ ബബീഷ് എന്നിവരെ പരിക്കേല്‍പ്പിക്കുകയും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കുകയുംചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് കയ്യോടെ പിടികൂടിയ പ്രതികളെ കോണ്‍ഗ്രസുകാര്‍ ബലമായി മോചിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ സിഐടിയു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പേരാമ്പ്രയില്‍ പ്രകടനവും പൊതുയോഗവും നടത്തി. അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി കെ അനില്‍കുമാര്‍, സംസ്ഥാനകമ്മറ്റി അംഗം സുരേഷ്ബാബു, സിപിഐ എം ഏരിയാകമ്മറ്റി അംഗങ്ങളായ പി ബാലന്‍ അടിയോടി, കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സുധീര്‍ദാസ് സ്വാഗതവും കുന്നുമ്മല്‍ നാരായണന്‍ നന്ദിയും പറഞ്ഞു.

മുതലക്കുളം റീജ്യണല്‍ ഓഫീസിനു മുന്നില്‍ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരുടെ ഉപരോധ സമരം സിഐടിയു സിറ്റി സെക്രട്ടറി സി പി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. കെ സുധീര്‍ ദാസ്, പി കെ അനില്‍ കുമാര്‍, കെ ഗിരീഷ് കുമാര്‍, കെ ഗിരീഷ്, വി കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. അക്രമികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രകടനവും യോഗവും നടത്തി. എം സരസ്വതി, തങ്കമ്മ വര്‍ഗീസ്, സി കെ മാലതി, കെ നഫീസ എന്നിവര്‍ സംസാരിച്ചു.

deshabhimani 111212

No comments:

Post a Comment