Sunday, January 27, 2013

വര്‍ഗീയതയുടെ ധാര്‍ഷ്ട്യം അനുവദിച്ചാല്‍ മതനിരപേക്ഷത തകരും: പിണറായി

ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വര്‍ഗീയതയുടെ ധാര്‍ഷ്ട്യം അനുവദിച്ചാല്‍ നാടിന്റെ മതനിരപേക്ഷത തകരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കമലഹാസന്റെ "വിശ്വരൂപം" സിനിമക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഉള്ളംകൈയില്‍ സംരക്ഷിക്കേണ്ട കലാകാരനാണ് കമലാഹാസന്‍. വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ എന്നും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ഗുജറാത്ത് കലാപമുണ്ടായപ്പോള്‍പോലും എതിര്‍ത്ത് ശബ്ദിക്കാന്‍ ആ കലാകാരന്‍ മടി കാണിച്ചിട്ടില്ല. കലാപത്തെ അപലപിച്ച സാംസ്കാരിക കൂട്ടായ്മയില്‍ കമലഹാസനും ഒപ്പുവച്ചിരുന്നു. മതനിരപേക്ഷതാ ബോധം സ്വജീവിതം കൊണ്ട് തെളിയിച്ച കലാകാരന്‍ സൃഷ്ടിച്ച സിനിമയാണ് "വിശ്വരൂപം". സിനിമ കാണുന്നതിനുമുമ്പ് വിധിയെഴുതുന്നതിന് എന്താണ് അടിസ്ഥാനം. പ്രതിഷേധിക്കുന്ന വര്‍ഗീയവാദികളൊന്നും വിശ്വരൂപം കണ്ടവരല്ല. രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ച സിനിമയായതിനാല്‍ ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്തുമെന്ന് കരുതാനാവില്ല.

എങ്ങും അക്രമം നടക്കുമ്പോള്‍ മതപണ്ഡിതര്‍ മൗനം വെടിയണം. മതാധിഷ്ടിത പാര്‍ടികള്‍ അഭിപ്രായം വ്യക്തമാക്കണം. രാജ്യത്ത് വര്‍ഗീയ സ്പര്‍ധ ശക്തിപ്പെടുത്താനെ ഇത്തരം പ്രതിഷേധം ഉപകരിക്കൂ. ഒരു വര്‍ഗീയത പ്രലോഭനം സൃഷ്ടിച്ചാല്‍ അത് മറു വര്‍ഗീയതയ്ക്ക് വളമായിത്തീരും. ചില രാഷ്ട്രീയ പാര്‍ടികള്‍ മതത്തെ ഒളിഞ്ഞും തെളിഞ്ഞും പ്രീണിപ്പിക്കുകയാണ്. ഈ സമീപനവും മതസ്പര്‍ധ വളര്‍ത്തുന്നു. മതത്തിന്റെ പേരില്‍ കലയ്ക്കെതിരായ കടന്നാക്രമണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വര്‍ഗീയ ശക്തികള്‍ ചേരിതിരിഞ്ഞത് നാം കണ്ടു. രാമായണത്തെക്കുറിച്ച് ലേഖനത്തിന്റെ പേരില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാര്‍ട്മെന്റ് തല്ലിത്തകര്‍ത്തു. എം എഫ് ഹുസൈനെ ഇന്ത്യയുടെ മണ്ണില്‍നിന്ന് ആട്ടിയോടിച്ചു. ബംഗ്ലാദേശ് നോവലിസ്റ്റ് തസ്ലിമ നസ്റീന്‍ നേരിടുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. വിഖ്യാത സംവിധായിക ദീപ മേത്തയുടെ ഫയര്‍ പ്രദര്‍ശിപ്പിച്ച തീയറ്ററിന് തീയിട്ടു. വാട്ടര്‍ സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെടുത്തി. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീഷണിയില്‍ ആനന്ദ് പട്വര്‍ധന്റെ "രാം കേ നാം" ഡോക്യുമെന്ററി നിരോധിക്കുന്ന നിലയിലുമെത്തി. അതുല്യ പ്രതിഭ ദീലീപ്കുമാറിനോട് പാകിസ്ഥാനില്‍ പോയാല്‍ തിരിച്ചുവന്നേക്കരുതെന്ന് ഭീഷണി മുഴക്കി. അലീഷ ചിനായിയുടെ പോപ്പ് സംഗീതം അവതരിപ്പിച്ചാല്‍ ഓഡിറ്റോറിയം ഇടിച്ചുതകര്‍ക്കുമെന്ന ഭീഷണിയും ഉണ്ടായി.

പ്രസിദ്ധനായ ജാവേദ് അക്തറിന്റെ ലേഖനത്തിനെതിരെയും പ്രതിഷേധിച്ചു. ഭാര്യ ശബാന ആസ്മിയെ ചെരുപ്പുമാല അണിയിച്ചു. നമ്മുടെ രാജ്യം ആരാധിക്കുന്ന മല്ലികാ സാരാഭായിയെയും മൃണാളിനി സാരാഭായിയെയും പുറത്തിറങ്ങാനാവാത്ത വിധം വര്‍ഗീയവാദികള്‍ വീട്ടുതടങ്കലിലാക്കി. മതത്തിന്റെ പേരില്‍ കലയ്ക്കെതിരായ അസഹ്ഷുതയുടെ നിരവധി ഉദാഹരണങ്ങളില്‍ ചിലതുമാത്രമാണ് ഇതെല്ലാം. യഥാര്‍ഥ കലയ്ക്കും സര്‍ഗാത്മകതയ്ക്കും ഇടമില്ലെന്നുവന്നാല്‍ ലോക സമൂഹത്തിനുമുന്നില്‍ ഇന്ത്യയുടെ യശസ്സ് ഇടിഞ്ഞുതാഴും. ഒരു ലേഖനംകൊണ്ടോ, സിനിമ കൊണ്ടോ നശിപ്പിക്കാവുന്നതല്ല വിശ്വാസ പ്രമാണങ്ങളെന്ന് തിരിച്ചറിയണം. ജനാധിപത്യ സംരക്ഷിക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കാനും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന സമൂഹം മുഴുവന്‍ ഒന്നിച്ച് രംഗത്തിറങ്ങണം- പിണറായി അഭ്യര്‍ഥിച്ചു.

അക്രമം നിര്‍ത്തണം: വി എസ്

തിരു: വിശ്വരൂപം സിനിമയുടെ പ്രദര്‍ശനം തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രദര്‍ശനാനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. ബോര്‍ഡ് അനുമതി നല്‍കിയ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നതും തിയറ്ററുകള്‍ക്കുനേരെ ആക്രമണം നടത്തുന്നതും സാംസ്കാരിക ഫാസിസമാണ്. എക്കാലത്തും മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനുംവേണ്ടി നിലകൊണ്ട കുടുംബത്തിലെ അംഗമാണ് കമല്‍ഹാസന്‍. പുരോഗമനവാദിയും ഉല്‍പ്പതിഷ്ണുവുമായ മഹാപ്രതിഭയെ തെറ്റായി മുദ്രകുത്തി ആക്ഷേപിക്കുന്നതും കലാസൃഷ്ടിക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് കാടത്തമാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

"വിശ്വരൂപ"ത്തിനെതിരായ അതിക്രമം ചിന്താപരമായ പാപ്പരത്തം: ഇ പി

കൂടാളി (കണ്ണൂര്‍): കമല്‍ഹാസന്റെ "വിശ്വരൂപം" സിനിമക്കു നേരെയുള്ള അതിക്രമം ചിന്താപരമായ പാപ്പരത്തംമൂലമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. കലാസൃഷ്ടിക്കുനേരെയുളള കടന്നുകയറ്റം സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം കൂടാളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലയ്ക്കും കലാകാരന്മാര്‍ക്കുമെതിരായ അക്രമം അരക്ഷിത സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജാതി-മത ശക്തികളുടെ ഇടപെടല്‍ സമൂഹത്തില്‍ വ്യാപിക്കുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജയരാജന്‍ പറഞ്ഞു.


"വിശ്വരൂപ"ത്തിന്റെ പ്രദര്‍ശനം തടഞ്ഞത് ജനാധിപത്യ വിരുദ്ധം: എം ബി രാജേഷ് എംപി

പാലക്കാട്: വിശ്വരൂപം സിനിമയുടെ പ്രദര്‍ശനം തടഞ്ഞ നടപടി ജനാധിപത്യ വിരുദ്ധവും പ്രാകൃതവുമാണെന്ന് എം ബി രാജേഷ് എംപി. ചില വര്‍ഗീയ സംഘടനകള്‍ സംഘടിതമായി നടത്തുന്ന സാംസ്കാരിക ആക്രമണത്തിന് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് എംപി പ്രസ്താവനയില്‍ അറിയിച്ചു. സിനിമയുള്‍പ്പെടെ ഏത് കലാരൂപത്തെയും വിമര്‍ശനപരമായി വിലയിരുത്താന്‍ അവകാശമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതാണെങ്കില്‍ ആവിഷ്കരണവും അവതരണവും തടയുമെന്ന നിലപാടിനെതിരെ ജനാധിപത്യവാദികള്‍ രംഗത്തിറങ്ങണം. ചെറിയ വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു. വര്‍ഗീയ തീവ്രവാദ ശക്തികളോട് യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന മൃദുസമീപനം അപകടകരമാണ്. വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സംഘപരിവാറിനെയും ശിവസേനയേയും പോലെ അസഹിഷ്ണുതയുടെ രാഷ്ട്രീയം പ്രയോഗിക്കുന്ന എന്‍ഡിഎഫ് നടപടിക്കെതിരായി മതനിരപേക്ഷ വാദികള്‍ രംഗത്തിറങ്ങണമെന്ന് എം ബി രാജേഷ് എംപി അഭ്യര്‍ഥിച്ചു.

ഡിവൈഎഫ്ഐ സംരക്ഷണത്തില്‍ പ്രദര്‍ശിപ്പിച്ചു പാലക്കാട്: ഡിവൈഎഫ്ഐ സംരക്ഷണത്തില്‍ കമല്‍ഹാസന്റെ "വിശ്വരൂപം" സിനിമ പ്രദര്‍ശിപ്പിച്ചു. പത്തിരിപ്പാല സികെഎം സണ്‍സ് തിയറ്ററിന് സമീപം ചേര്‍ന്ന യോഗം സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റിയംഗം ഒ എം മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഒ എം സ്വാമിനാഥന്‍ അധ്യക്ഷനായി. ഷിബു സംസാരിച്ചു. ഡിവൈഎഫ്ഐ പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് സി കെ ചെന്താമരാക്ഷന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ജി അനീഷ് നന്ദിയും പറഞ്ഞു. കൂറ്റനാട് "രച"യിലും സിനിമക്ക് ഡിവൈഎഫ്ഐ സംരക്ഷണം നല്‍കി. കൂറ്റനാട് സെന്ററില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി കെ പി ശ്രീനിവാസന്‍, പ്രസിഡന്റ് ടി അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.


deshabhimani

No comments:

Post a Comment