Tuesday, January 29, 2013

റെയില്‍ ബജറ്റ്: എംപിമാരുടെ യോഗം പ്രഹസനമായി


 റെയില്‍ ബജറ്റിനുമുന്നോടിയായി റെയില്‍വേ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗം പ്രഹസനമായി. ബജറ്റിനുള്ള അടിസ്ഥാന ഒരുക്കങ്ങളും സമയക്രമവും പൂര്‍ത്തിയായശേഷം വൈകി യോഗം വിളിച്ചാണ് റെയില്‍വേ നാടകം കളിച്ചത്. പതിവുപോലെ വളരെ നേരത്തെ യോഗം ചേര്‍ന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ റെയില്‍മന്ത്രാലയത്തെ അറിയിക്കുന്നതിനുപകരം വളരെ വൈകി യോഗം വിളിച്ചതില്‍ ഇടതുപക്ഷ എംപിമാര്‍ ശക്തിയായി പ്രതിഷേധിച്ചു. എംപിമാരായ പി കരുണാകരന്‍, കെ എന്‍ ബാലഗോപാല്‍, എ സമ്പത്ത്, എം പി അച്യുതന്‍ എന്നിവര്‍ സമയത്തിന് യോഗം വിളിക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇനിയെങ്കിലും ശക്തമായ നടപടി വേണമെന്ന് പി കരുണാകരന്‍ ആവശ്യപ്പെട്ടു. കേരളത്തിന് അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നില്ല. ബജറ്റില്‍ പ്രഖ്യാപിച്ച വണ്ടികള്‍പോലും ഓടുന്നില്ല. പാത ഇരട്ടിപ്പിക്കല്‍ ഇഴഞ്ഞുനീങ്ങുന്നു. കോച്ചുകളുടെ സ്ഥിതി അത്യന്തം ദയനീയം. യാത്രക്കാരുടെ, വിശേഷിച്ചും സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുക്കുന്നില്ല. പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും പി കരുണാകരന്‍ ആവശ്യപ്പെട്ടു. പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള എംപിമാരും ചൂണ്ടിക്കാട്ടി.

റായ്ബറേലിയില്‍ റെയില്‍വേ സ്വന്തം നിലയില്‍ സ്ഥലം ഏറ്റെടുത്ത് ഫാക്ടറിനിര്‍മാണം തുടങ്ങിയപ്പോള്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടും റെയില്‍വേ അവഗണന തുടരുന്നു. അവിടെ റെയില്‍വേ നേരിട്ട് നിര്‍മാണം ഏറ്റെടുത്തപ്പോള്‍ ഇവിടെ പിപിപിയാക്കിയും തടസ്സം സൃഷ്ടിച്ചു. സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ വനിതാ പൊലീസുകാരെ ആര്‍പിഎഫ് നിയോഗിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസവും മണ്ണ് കിട്ടാത്തതും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ മുഖംകാണിച്ച് മടങ്ങി. കേന്ദ്ര മന്ത്രിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എംപിമാരായ പി സി ചാക്കോ, പി ടി തോമസ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ വി ജയകുമാരന്‍, ഡാനി തോമസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ബജറ്റ് തയ്യാറാക്കുന്നതിനു മുന്നോടിയായി ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പ്രധാന സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ നല്‍കിയ നിവേദനം പരിഗണിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായാലേ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കൂ. എന്നാല്‍ അത്തരം നീക്കം ഇതുവരെ ഉണ്ടായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെല്ലാം മാസങ്ങള്‍ക്ക് മുമ്പേ ആവശ്യങ്ങള്‍ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. റെയില്‍വേ വികസനത്തിന് തടസ്സം ഫണ്ടിന്റെ ലഭ്യത കുറവാണെന്ന് പറഞ്ഞിരുന്നെങ്കിലും ടിക്കറ്റ് നിരക്കിലെ വര്‍ധനയോടെ കോടിക്കണക്കിന് രൂപയുടെ അധിക വരുമാനം റെയില്‍വേക്ക് ലഭിക്കുന്നുണ്ട്. യാത്രാനിരക്കില്‍ വര്‍ധനവുണ്ടായിട്ടും യാത്രക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടമാകുകയാണ്.

deshabhimani 290113

No comments:

Post a Comment