Wednesday, January 30, 2013

പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു


അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് 2009-10 കാലയളവില്‍ നടത്തിയ ദേശീയ സാമ്പിള്‍ സര്‍വെയില്‍ തെളിഞ്ഞു.

അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ പൊതുവിതരണം 2004-05 ല്‍ നടന്ന മുന്‍ സര്‍വെയുടെ കാലയളവിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. 2002 ന് ശേഷം പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നില്ലായെന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് കാരണമായി. മണ്ണെണ്ണയുടെ വില 2011 ജൂണില്‍ വര്‍ധിപ്പിച്ചിരുന്നു.

എല്ലാ സാധനങ്ങളും പൊതുവിതരണ സമ്പ്രദായത്തിലൂടെ വാങ്ങുന്നതില്‍ നഗരവാസികളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ഗ്രാമീണരാണ്. പൊതുവിതരണ സമ്പ്രദായത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നതില്‍ ആന്ധ്രപ്രദേശും തമിഴ്‌നാടുമാണ് മുന്നില്‍. എന്നാല്‍ അരി മുഖ്യ ആഹാരവസ്തുവായ പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പൊതുവിതരണ സമ്പ്രദായത്തിലൂടെ വാങ്ങുന്നവര്‍ കുറവ്. അരി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച അരി തന്നെയാണ് ഏറെപേരും ഉപഭോഗം ചെയ്യുന്നത്. എന്നാല്‍ സ്വന്തമായി ഉല്‍പാദിപ്പിച്ച അരിയുടെ ഉപഭോഗവും കുറയുകയാണ്. 2004-05 ല്‍ 30 ശതമാനമായിരുന്നത് 2009-10 ല്‍ 25 ശതമാനമായി കുറഞ്ഞു. ഗോതമ്പിന്റെ പൊതുവിതരണ സമ്പ്രദായം ഉപയോഗപ്പെടുത്തുന്നതില്‍ മധ്യപ്രദേശാണ് മുന്നില്‍. ഗോതമ്പുല്‍പ്പാദിപ്പിക്കുന്ന പഞ്ചാബും ഹര്യാനയും പിന്നിലാണ്. സ്വന്തമായി ഉല്‍പ്പാദിപ്പിച്ച ഗോതമ്പിന്റെ ഉപഭോഗം മുന്‍ സര്‍വെ കാലഘട്ടത്തിലെ 40 ശതമാനത്തില്‍ നിന്നും 37 ശതമാനമായി കുറഞ്ഞു.

പൊതുവിതരണ സമ്പ്രദായത്തിലൂടെ മണ്ണെണ്ണ വാങ്ങുന്ന നഗരവാസികള്‍ ഏറെയുള്ളത് കേരളത്തിലും പശ്ചിമബംഗാളിലുമാണ്. ജാര്‍ഖണ്ഡ്, അസം എന്നീ രണ്ട് സംസ്ഥാനങ്ങളിലൊഴികെ പൊതുവിതരണ സമ്പ്രദായത്തിലൂടെ മണ്ണെണ്ണ വാങ്ങുന്ന ഗ്രാമീണരുടെയും നഗരവാസികളുടെയും എണ്ണം മറ്റെല്ലായിടത്തും ഉയര്‍ന്നതാണ്.

ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ സ്വന്തം ഉപയോഗത്തിനെക്കാള്‍ കൂടുതല്‍ വില്‍ക്കുകയാണ്. മുന്‍ സര്‍വെ കാലഘട്ടത്തില്‍ സ്വന്തം ഉപയോഗം 62 ശതമാനമായിരുന്നത് ഇപ്പോള്‍ 59 ശതമാനമായി കുറഞ്ഞു. പാല്‍ വില്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായകരം എന്നതിലാണിത്.

janayugom

No comments:

Post a Comment