Sunday, January 27, 2013

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കരുത്: എം എസ് സ്വാമിനാഥന്‍


പ്രാദേശികമായ അഭിപ്രായരൂപീകരണത്തിനു ശേഷമേ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാവൂവെന്ന് കാര്‍ഷിക ശാസ്ത്രജ്ഞന്‍ പ്രൊഫ. എം എസ് സ്വാമിനാഥന്‍ പറഞ്ഞു. പശ്ചിമ ഘട്ടത്തെ മുഴുവനായി പരിഗണിച്ച് റിപ്പോര്‍ട്ട് നടപ്പാക്കരുത്. പ്രാദേശികമായ പിന്തുണ ആവശ്യമാണ്. പശ്ചിമഘട്ടത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം വയനാട് പ്രസ്ക്ലബ്ബിന്റെ "മീറ്റ് ദ പ്രസി"ല്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് ക്ലൈമറ്റ് റിസ്ക്ക് മാനേജ്മെന്റ് വേണം. ഇതിനായി വിദഗ്ധരെ നിയമിക്കണം. മുഴുവന്‍ പഞ്ചായത്തുകളിലും ജലസുരക്ഷാ പദ്ധതി തയ്യാറാക്കണം. ജലസംഭരണവും സുരക്ഷയും ഉറപ്പുവരുത്താന്‍ പരിശീലനം നല്‍കി വിദഗ്ധരെ നിയമിക്കണം. വയനാട്ടില്‍ ഒരു പഞ്ചായത്തില്‍ രണ്ടുപേരെ വീതം തെരഞ്ഞെടുത്ത് എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പരിശീലനം നല്‍കും. കാര്‍ഷിക പാക്കേജുകളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് താഴേത്തട്ടില്‍നിന്നാവണം. മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കരുത്. കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ സംബന്ധിച്ച് പാടശേഖര സമിതികളും ഗ്രാമസഭകളുമാണ് അഭിപ്രായങ്ങള്‍ പറയേണ്ടതും തീരുമാനിക്കേണ്ടതും. ഭക്ഷ്യ സുരക്ഷക്ക് സമഗ്രമായ പദ്ധതി വേണം. ഭക്ഷ്യവിഭവം ഇല്ലാത്തതു മൂലമുള്ള ദാരിദ്ര്യമല്ല രാജ്യത്ത്. പണമാണ് പ്രശ്നം. കര്‍ഷകര്‍ക്ക് ദീര്‍ഘകാല നേട്ടങ്ങളുണ്ടാക്കുന്ന പദ്ധതികളാണ് പാക്കേജുകളിലുണ്ടാവേണ്ടത്-അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment