Thursday, February 28, 2013

ചന്ദ്രശേഖരന്‍ വധക്കേസ്: 11-ാം സാക്ഷിയുടെ മൊഴിയിലും വൈരുധ്യം


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 11-ാം സാക്ഷി എന്‍ അച്യുതനെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍ കുന്നുമ്മക്കരയില്‍ നടത്തിയതായി പറയുന്ന പ്രസംഗം കണ്ടെന്നുപറഞ്ഞ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ അച്യുതനെ പ്രതിഭാഗത്തിനുവേണ്ടി വിസ്തരിച്ചപ്പോള്‍ മൊഴിയില്‍ നിറയെ വൈരുധ്യമായിരുന്നു. പ്രസംഗം കണ്ടുവെന്ന് പൊലീസിന് മൊഴി നല്‍കിയത് സാധൂകരിക്കാന്‍ സാക്ഷിക്കായില്ല. താന്‍ ആര്‍എംപി അനുഭാവിയാണെന്ന് ക്രോസ് വിസ്താരത്തില്‍ അച്യുതന്‍ മൊഴിനല്‍കി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കാറുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നത് കണ്ടിട്ടുണ്ട്. കെ കെ കൃഷ്ണനെയും കെ സി രാമചന്ദ്രനെയും അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞിരുന്നു. ഇതിനുശേഷമാണ് പൊലീസില്‍ മൊഴി കൊടുത്തതെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ അച്യുതന്‍ മൊഴി നല്‍കി.

അറസ്റ്റും അന്വേഷണപുരോഗതിയും സംബന്ധിച്ച് വാര്‍ത്ത വന്ന പത്രങ്ങളുടെ കോപ്പികള്‍ പ്രതിഭാഗം ഹാജരാക്കി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, പി വി ഹരി, സി ശ്രീധരന്‍ നായര്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന്‍ നല്‍കിയ ലിസ്റ്റനുസരിച്ച് എട്ടാംസാക്ഷി എന്‍ വേണുവിനെയും ബുധനാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍, വേണുവിനെ വിസ്തരിക്കുന്നില്ലെന്ന് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി കോടതിയെ അറിയിച്ചു. അച്യുതന്റെ വിസ്താരം പൂര്‍ത്തിയായ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വേണുവിനെ ഒഴിവാക്കി. ചന്ദ്രശേഖരന്റെ സന്തതസഹചാരിയും ആര്‍എംപി നേതാവുമാണ് വേണു. വിസ്തരിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത സാക്ഷികളെ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ കാണിക്കുന്ന ഉദാസീനതയെ കോടതി വിമര്‍ശിച്ചു. വ്യാഴാഴ്ച വിസ്താരമില്ല. 16 മുതല്‍ 21 വരെയുള്ള സാക്ഷികളെ വെള്ളിയാഴ്ച വിസ്തരിക്കും. കൊടി സുനിക്കെതിരെ മൊഴി നല്‍കിയ ടി കെ സുമേഷ്, കൊലയ്ക്കുപയോഗിച്ചതായി ആരോപണമുള്ള ഇന്നോവ കാറുടമ നവീന്‍ദാസ് എന്നിവരാണ് 16, 17 സാക്ഷികള്‍.

deshabhimani 280213

No comments:

Post a Comment