Thursday, February 28, 2013

ത്രിപുരയില്‍ ഇടതുമുന്നണിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം


ന്യൂഡല്‍ഹി: ത്രിപുരയില്‍ ഇടതുമുന്നണിക്ക് റെക്കോഡ് വിജയം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ച്ചയായി അഞ്ചാംവട്ടവും ഭരണം ഉറപ്പാക്കി. ആകെയുള്ള 60 സീറ്റില്‍ 50 ഉം മുന്നണിക്കാണ്. ഒരു സീറ്റ് സിപിഐക്കും 49 സീറ്റ് സിപിഐ എമ്മിനുമാണ്. കോണ്‍ഗ്രസിന് പത്ത് സീറ്റുണ്ട്. ത്രിപുരയില്‍ ഇടതുമുന്നണി ഏഴാം തവണയാണ് അധികാരത്തിലെത്തുന്നത്. സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60 ല്‍ 49 സീറ്റ് ലഭിച്ചിരുന്നു. ഇക്കുറി ഒരു സീറ്റ് കൂടി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാ(93.57%) യിരുന്നു ഇക്കുറി ത്രിപുരയില്‍.

സിപിഐ എം 55 സീറ്റിലാണ് മത്സരിച്ചത്. സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍വീതവും. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. ധനമന്ത്രി ബാദല്‍ ചൗധരി ഋഷിമുഖിലും ഗതാഗതമന്ത്രി മണിക് ദേ മജ്ലിസ്പുരിലും അഘോര്‍ ദേബ്ബ്രഹ്മ ആശാറാംഭരിയിലും വിജയം കണ്ടു.

മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലാണ്. .മേഘാലയയില്‍ കോണ്‍ഗ്രസാണു മുന്നില്‍. നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഭരണം നിലനിര്‍ത്തി. അവര്‍ 32 സീറ്റ് നേടി. കോണ്‍ഗ്രസ്് 5 സീറ്റും എന്‍ സി പി 4 സീറ്റും ബിജെപിയും ജനതാദ(യു)ളും ഓരോ സീറ്റും മറ്റുള്ളവര്‍ 5 സീറ്റിലും വിജയിച്ചു.

മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗസ് 29 സീറ്റ് നേടി. ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുണ്ട്. യുഡിപി 8 സീറ്റും എച്ച് എസ് പി ഡിപി മൂന്ന് സീറ്റും നേടി. എന്‍സിപിയും രണ്ട് സീറ്റും നേടി. മറ്റുള്ളവര്‍ 11 സീറ്റ് നേടി. ഏഴ് സീറ്റ് ഫലം വരാനുണ്ട്.

രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റാണ് ഉള്ളത്. ത്രിപുരയില്‍ ഫെബ്രുവരി 14നും മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ ഇരുപത്തിമൂന്നിനുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

1978ലാണ് ത്രിപുരയില്‍ ആദ്യമായി ഇടതുമുന്നണി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ജനതയുടെ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് 1988ല്‍ കോണ്‍ഗ്രസ് ടിയുജെഎസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ വാഴിച്ചു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ത്രിപുര ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി നാലാം ഇടതു സര്‍ക്കാരാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ത്രിപുര ഭരിക്കുന്നത്.

1988ലെപ്പോലെ തീവ്രവാദ ആദിവാസി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുമുന്നണിയെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഐഎന്‍പിടി (ഇന്‍ഡജീനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര) എന്ന സംഘടനയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു.2003 ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. രാജ്യത്ത് കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരായ ജനരോഷത്തെ ശക്തിപ്പെടുത്തുന്നതാകും ത്രിപുരയിലെ ജനവിധിയെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിരുന്നു.

പ്രണബിന്റെ മകന്റെ സീറ്റ് ഇടതുമുന്നണി പിടിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി എംഎല്‍എ സ്ഥാനം രാജിവെച്ചതിനെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം. അഭിജിത് മുഖര്‍ജി എം പി ആകാനാണ് രാജിവെച്ചത്. കൊല്ലങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന ഈ മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി ദീപക് ചാറ്റര്‍ജി 7700 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും തൃണമൂല്‍ മൂന്നാം സ്ഥാനത്തുമായി.

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും തൃണമൂലും വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്ന് മന്ത്രിയായ ഹുമയൂണ്‍ കബീര്‍ റെജിനഗറില്‍ തോറ്റു. കോണ്‍ഗ്രസിനാണ് വിജയം. കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലില്‍ ചേര്‍ന്ന കൃഷ്ണേന്ദു നാരായണ്‍ ചൗധരി ഇംഗ്ലീഷ് ബസാര്‍ മണ്ഡലത്തില്‍ വിജയിച്ചു.

ത്രിപുര: കോണ്‍ഗ്രസിനുള്ള താക്കീത്

തിരു: നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍വരുന്ന ത്രിപുരയിലെ ഇടതുമുന്നണിയെ സി പിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിവാദ്യംചെയ്തു. വിജയത്തില്‍ സന്തോഷമറിയിച്ച് പിണറായി വിജയന്‍ പാര്‍ടി ത്രിപുര സംസ്ഥാന സെക്രട്ടറിക്ക് സന്ദേശമയച്ചു. തുടര്‍ച്ചയായി നാലാംതവണയും ഇടതുമുന്നണി വന്‍ വിജയം നേടിയതിലൂടെ ജനവിരുദ്ധനയങ്ങളുമായി ഭരണംതുടരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിനും വര്‍ഗീയശക്തികളുമായി കൂട്ടുചേര്‍ന്ന് ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment