Wednesday, February 27, 2013

കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് പെണ്‍കുട്ടിയെ അറിയിച്ചു


കുര്യനെ പിന്തുണച്ച് സഭയില്‍ സര്‍ക്കാര്‍; ഇടതുപക്ഷം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി ജെ കുര്യനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. സൂര്യനെല്ലി കേസില്‍ കുര്യന്‍ നിരപരാധിയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് ചൊവ്വാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. കുര്യനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബിജെപി ഉള്‍പ്പെടെ മറ്റു പ്രതിപക്ഷപാര്‍ടികള്‍ നിശബ്ദമായി മന്ത്രിയുടെ പ്രസ്താവന കേട്ടിരുന്നു. അതേസമയം, കുര്യന്‍ ചൊവ്വാഴ്ചയും സഭാനടപടികള്‍ നിയന്ത്രിക്കാനെത്തിയില്ല. കുര്യനോട് തല്‍ക്കാലം മാറിനില്‍ക്കാന്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിതന്നെ നിര്‍ദേശിച്ചതായാണ് സൂചന.

പകല്‍ രണ്ടിന് സഭ ചേര്‍ന്നപ്പോള്‍ കുര്യന്‍വിഷയത്തില്‍ പ്രസ്താവന നടത്താന്‍ മന്ത്രി കമല്‍നാഥ് എഴുന്നേറ്റു. മന്ത്രി പ്രസ്താവന നടത്തുന്നതിനോട് ചട്ടപ്രകാരം യോജിക്കാനാകില്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഉപാധ്യക്ഷനെ സഭഭ തെരഞ്ഞെടുക്കുന്നതാണ്. നിയമനിര്‍മാണസഭയുടെ ഭാഗമാണ് അദ്ദേഹം. ഭരണഘടനപ്രകാരം പരമാധികാരം ജനങ്ങള്‍ക്കാണ്. ജനപ്രതിനിധികളിലൂടെയാണ് ഈ പരമാധികാരം നിര്‍വഹിക്കപ്പെടുന്നത്. ഭരണനിര്‍വഹണവിഭാഗം നിയമനിര്‍മാണസഭയോട് ബാധ്യതപ്പെട്ടിരിക്കുന്നു. ഈ സഭയുടെ സ്വാതന്ത്ര്യം സഭാധ്യക്ഷന്മാര്‍വഴിയാണ് നിര്‍വഹിക്കപ്പെടുന്നത്. സഭയ്ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇവിടെ സഭയുടെ ഭാഗമായ ഒരാളെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാലംഘനമാണ്. ഉപാധ്യക്ഷന് ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വാഗതംചെയ്യാം. പക്ഷേ, എങ്ങനെയാണ് ഭരണനിര്‍വഹണവിഭാഗത്തിന് സഭയുടെ ഉദ്യോഗസ്ഥരിലൊരാളെ സംരക്ഷിക്കാനാവുക. ഇത് അംഗീകരിക്കാനാകില്ല- യെച്ചൂരി പറഞ്ഞു.

തന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രി പ്രസ്താവന നടത്തുന്നതെന്ന് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞു. എന്നാല്‍, ഇത് ഭരണഘടനാലംഘനമാണെന്നും ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും അറിയിച്ച് ഇടതുപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി. ധാര്‍മികതയുടെ പ്രശ്നമാണ് വിഷയത്തില്‍ ഉയരുന്നതെന്ന് ഇടതുപക്ഷ അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പ്രസ്താവന നടത്തിയ കമല്‍നാഥ്, സുപ്രീംകോടതിവരെ കുര്യനെ കേസില്‍നിന്ന് ഒഴിവാക്കിയതാണെന്നും നിലവില്‍ കേസൊന്നുമില്ലെന്നും പറഞ്ഞു. കുര്യനെതിരായ വാര്‍ത്ത ആദ്യം "ദേശാഭിമാനി"യാണ് പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ കുര്യന്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അന്വേഷിച്ചപ്പോഴും കുര്യനെതിരെ തെളിവുണ്ടായില്ല. പെണ്‍കുട്ടി പറയുന്ന സമയത്ത് കുര്യന് സംഭവസ്ഥലത്ത് ഒരിക്കലും എത്താനാകില്ലെന്ന് എല്ലാ അന്വേഷണറിപ്പോര്‍ട്ടിലും പറയുന്നു- കമല്‍നാഥ് പറഞ്ഞു. പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കമല്‍നാഥ് പറയുന്നത് നിശബ്ദം കേട്ടിരുന്നു. ഹമീദ് അന്‍സാരിയും അധ്യക്ഷപാനലിലുള്ള തിരുച്ചി ശിവയുമാണ് സഭ നിയന്ത്രിച്ചത്. കുര്യന്‍ അധ്യക്ഷപദവിയില്‍ എത്തിയാല്‍ സഹകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.

കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് പെണ്‍കുട്ടിയെ അറിയിച്ചു

കോട്ടയം: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനാവില്ലെന്ന് പൊലീസ് രേഖാമൂലം അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.40ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് ഇതു സംബന്ധിച്ച രേഖ കൈമാറിയത്. ധര്‍മ്മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. ഫെബ്രുവരി 22നാണ് പെണ്‍കുട്ടി നേരിട്ട് ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കിയത്. 166 എ വകുപ്പു പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, പൊലീസ് പരാതി സ്വീകരിച്ചെങ്കിലും കേസെടുക്കാന്‍ വിമുഖത കാട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നും നിയമോപദേശം വേണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇപ്പോള്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിക്ക് പൊലീസ് മറുപടി നല്‍കിയത്. അതേസമയം, ചിങ്ങവനം എസ്ഐ കേസെടുക്കാത്തതിനാല്‍, പരാതിയുടെ പകര്‍പ്പ് കോട്ടയം, ഇടുക്കി ജില്ലാ പൊലീസ് ചീഫുമാര്‍ക്കും പെണ്‍കുട്ടി അയച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പരാതി നിരസിച്ചാല്‍ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് മേലുദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കാം. ഇതുപ്രകാരമാണ് പെണ്‍കുട്ടി പരാതിയുടെ പകര്‍പ്പ് തപാല്‍ മുഖേന ജില്ലാ പൊലീസ് ചീഫുമാര്‍ക്ക് അയച്ചത്. പരാതി ലഭിച്ചതായി കോട്ടയം ജില്ലാ പൊലീസ് ചീഫ് സി രാജഗോപാല്‍ "ദേശാഭിമാനി"യോട് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ പരാതിയില്‍, പീഡനം നടന്ന സ്ഥലം ഇടുക്കി ജില്ലയിലാണെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അവിടേയ്ക്ക് കൈമാറി. ഇക്കാര്യം കാണിച്ച് പെണ്‍കുട്ടിക്ക് മറുപടിക്കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.

കുര്യനെതിരെ പുനരന്വേഷണം വേണം: ലോയേഴ്സ് യൂണിയന്‍

കൊച്ചി: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരെ പുനരന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സുപ്രീംകോടതി അനുമതിയോടെ ഇതു നടത്തണം. കുര്യനെ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സൂര്യനെല്ലിക്കേസില്‍ വിചാരണക്കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സുരേഷ്ബാബു തോമസ്, സി എസ് അജയന്‍ എന്നിവരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹാജരാകാനും പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം പറയാനും നിയമിക്കണം. നിയമവും നീതിയും നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പിന്റെ അവസാന ഉദാഹരണമാണ് സൂര്യനെല്ലിക്കേസ്. അഞ്ചേരി ബേബി, ജയകൃഷ്ണന്‍ കേസുകളില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട അതേ ഡിജിപിയാണ് കുര്യനെതിരെ പുനഃരന്വേഷണം നിലനില്‍ക്കില്ലെന്ന് ശുപാര്‍ശ ചെയ്തത്. ജുഡീഷ്യറിയിലെ അഴിമതി കണ്ട് ഉന്നത ന്യായാധിപന്മാര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. നിയമനാധികാരം സ്വയം ഏറ്റെടുത്ത ന്യായാധിപന്മാര്‍ക്ക് ആരോടും കണക്കുപറയാന്‍ ബാധ്യതയില്ലാത്ത സാഹചര്യം പൊതുസമൂഹത്തിന് ഗുണകരമല്ല. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ഡി വിന്‍സന്റ്, സെക്രട്ടറി അഡ്വ. കെ കെ നാസര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 270213

No comments:

Post a Comment