Monday, February 25, 2013

സിഇടി സ്വയംഭരണനീക്കം അവസാനഘട്ടത്തില്‍


രാജ്യത്തെ പ്രമുഖ സര്‍ക്കാര്‍ എന്‍ജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനമായ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് (സിഇടി) സ്വയംഭരണസ്ഥാപനമാക്കാനുള്ള നീക്കം അവസാനഘട്ടത്തില്‍. ധനവകുപ്പിന്റെ അനുമതിക്കുശേഷം ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കയാണ്. നിയമവകുപ്പില്‍നിന്ന് ഫയല്‍ ഉടന്‍ ലഭിക്കുമെന്നും അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കുമെന്നും സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ദേശാഭിമാനിയോട് പറഞ്ഞു.

സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികബാധ്യതയില്ലാതെ പഠിക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് സിഇടി. 6200 രൂപ വാര്‍ഷിക ഫീസില്‍ മികച്ച എന്‍ജിനിയറിങ് വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ജിനിയറിങ് കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നതോടെ ഫീസ് ഒന്നരലക്ഷമാകും. സ്വയംഭരണാവകാശത്തിന് മുറവിളികൂട്ടുന്ന സ്വാശ്രയ കോളേജ് മേധാവികളുടെ ആവശ്യത്തിന് കൂടുതല്‍ ശക്തി ലഭിക്കുകയും ചെയ്യും. സ്വയംഭരണസ്ഥാപനമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സിഇടിയിലെ സിവില്‍ വിഭാഗത്തില്‍ 14 അസിസ്റ്റന്റ്് പ്രൊഫസര്‍ തസ്തിക വെട്ടിക്കുറച്ചു. തുടര്‍ച്ചയായി രണ്ടുതവണ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍ബിഎ) എ ഗ്രേഡ് നേടിയ കേരളത്തിലെ ഏക വകുപ്പാണ് സിഇടിയിലെ സിവില്‍ വിഭാഗം. അജീവനാന്ത അക്രഡിറ്റേഷന്‍ കിട്ടുന്ന വകുപ്പായി സിവില്‍ വിഭാഗം ഉയര്‍ത്തപ്പെടുന്ന ഘട്ടത്തിലാണ് തസ്തിക വെട്ടിക്കുറച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇറക്കിയ പുനര്‍വിന്യാസ ഉത്തരവ് രണ്ടുദിവസത്തിനകം സാങ്കേതികവകുപ്പ് ധൃതിപിടിച്ച് നടപ്പാക്കുകയായിരുന്നു. എഐസിടിഇയുടെ ഏറ്റവും കുറഞ്ഞ അധ്യാപക-വിദ്യാര്‍ഥി അനുപാതം എടുത്താല്‍പോലും സിഇടിയില്‍ ഒറ്റതസ്തികയും അധികമില്ലാതിരിക്കെയാണ് ഇത്രയധികം തസ്തിക ഒന്നിച്ച് ഇല്ലാതാക്കിയത്. സ്വയംഭരണപദവി ലഭിക്കുന്നതോടെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഭരണസമിതിയാണ് സിഇടി ഭരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പല പ്രോജക്ടിലും ലീഗുകാരെ കുത്തിനിറച്ച വിദ്യാഭ്യാസമന്ത്രി സിഇടിയുടെ തലപ്പത്തും ലീഗുകാരെ അവരോധിക്കാനുള്ള തീവ്രശ്രമത്തിലാണ്.

deshabhimani 250213

No comments:

Post a Comment