Sunday, February 24, 2013

സൗരോര്‍ജ്ജ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി


സംസ്ഥാനം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വലിയ പരിധിവരെ പരിഹരിക്കുന്നതിന് ഉതകുന്ന സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കണമെന്ന റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂഴ്ത്തി.

സെക്രട്ടേറിയേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ അടിയന്തിരമായി ഇതിനുള്ള സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യമാണ് റിപ്പോര്‍ട്ടിലെ മുഖ്യശുപാര്‍ശ. ആശുപത്രികളിലും സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കണമന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സബ്‌സിഡികള്‍ക്കുപുറമേ സംസ്ഥാന സര്‍ക്കാരും തനതായ നിലയില്‍ സബ്‌സിഡി അനുവദിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തന്നെ പൂഴുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല കേന്ദ്ര സബ്‌സിഡിയുടെ മറവില്‍ സൗര്‍ജ്ജ പാനലുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് വന്‍തുക വെട്ടിക്കാനുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കിനല്‍കിയിട്ടുണ്ട്.

അതേസമയം വൈദ്യുതിയുടെ അമിതമായ വിലവര്‍ധന, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വെള്ളത്തിന്റെ ദൗര്‍ലഭ്യം തുടങ്ങിയ കാര്യങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആരംഭിച്ച സൗരോര്‍ജ്ജ ഊര്‍ജ്ജോല്‍പ്പാദന സംവിധാനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാകകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിയുടെ നിര്‍വഹണചുമതല കേന്ദ്രത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിനും സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനുമാണ്.

സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ 40 ശതമാനം തുക സബ്‌സിഡിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കിലോവാട്ട് ശേഷിയുള്ള പദ്ധതി സ്ഥാപിക്കുന്നതിന് 2.4 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ 72000 രൂപ കേന്ദ്ര സബ്‌സിഡി ഇനത്തില്‍ ലഭിക്കും. ബാക്കിയുള്ള 1.68 ലക്ഷം രൂപ ഉപഭാക്താവ് നല്‍കണം.
ഇതിന് ആവശ്യമായ തുക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാങ്കുകളോ, പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ സര്‍ക്കാരോ തയ്യാറാകുന്നില്ല. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള അധികൃതരെ അറിയിച്ചെങ്കിലും നാളിതുവരെ ഒരുനടപടിയും അവരുടെ ഭാഗത്തുനിന്നും ഇണ്ടായിട്ടില്ല.

ഒരു കിലോവാട്ടും അതില്‍ കൂടിയതുമായ സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. സംസ്ഥാനത്തെ ഒരു ഇടത്തരം കുടുംബത്തില്‍ 200 മുതല്‍ 500 വാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ മതിയാകും. എന്നാല്‍ ഒരുകിലോവാട്ട് ശേഷി ഇല്ലെന്നതിനാല്‍  ഈ പദ്ധതിക്ക് സബ്‌സിഡി നല്‍കാന്‍ തയ്യാറാകുന്നില്ല.

 ഇതിനെ മറയാക്കിയാണ് കോടികളുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍,  സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ സ്‌കൂളുകള്‍  തുടങ്ങിയ സ്ഥാപനങ്ങളാണ് തട്ടിപ്പ് നടത്തുന്നതില്‍ മുമ്പില്‍.

പാവപ്പെട്ട ജനങ്ങളുടെ പേരില്‍ ഒരുകിലോവാട്ട് ശേഷിയുള്ള സൗരോര്‍ജപാനലിന് അപേക്ഷ നല്‍കും. അവരെ കബളിപ്പിച്ച് സബ്‌സിഡിയും തരപ്പെടുത്തും. പാലക്കാട്, കോഴിക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതല്‍ അരങ്ങേറുന്നത്. ഇത് സംബന്ധിച്ച നിരവധി പരാതികള്‍ വൈദ്യുതി ബോര്‍ഡിന് ലഭിച്ചിങ്കിലും നാളിതുവരെ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ല. കോരന്റെ കഞ്ഞി കുമ്പിളില്‍തന്നെയെന്നമാതിരി വന്‍തുക നല്‍കി വൈദ്യതി വാങ്ങേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന പട്ടിണിപാവങ്ങള്‍.

സൗരോര്‍ജ്ജ വൈദ്യതി ലഭ്യമാക്കുന്നതില്‍ പാവപ്പെട്ടവനെ കൊള്ളയടിക്കാന്‍  നബാര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി വേറെയും.   66000, 21600, 22800 രൂപ എന്നിങ്ങനെ  ചെലവ് വരുന്ന മുന്ന് പദ്ധതികളാണ് നബാര്‍ഡിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം  മുപ്പത് ശതമാനം തുക സബ്‌സിഡി ഇനത്തില്‍ നബാര്‍ഡ് നല്‍കും.
സബസ്ഡി ഇനത്തിലുള്ള കൊള്ളയേക്കാള്‍ വലുതാണ് നബാര്‍ഡിന്റെ കാര്‍മ്മികത്വത്തില്‍  നടക്കുന്നത്. വീടുകളില്‍ സ്ഥാപിച്ചിള്ള വൈദ്യുതോപകരണങ്ങള്‍ നബാര്‍ഡിന്റെ സംവിധാനത്തില്‍ പ്രവര്‍ത്തിക്കില്ല. അതുകൊണ്ടുതന്നെ പദ്ധതി ഇനത്തില്‍ ലഭിക്കുന്ന സബ്‌സിഡിയെക്കാള്‍ കൂടിയ തുക  പ്രത്യേകം തയ്യാറാക്കിയ വിളക്കുകള്‍, ഫാനുകള്‍, ടെലിവിഷന്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങാന്‍ നല്‍കണം. പാനല്‍ സ്ഥാപിച്ചാല്‍ പുതിയ വയറിംഗ് സംവിധാനം സ്ഥാപിക്കണം. നിലവിലുള്ളവ ഉപയോഗശൂന്യമാകും. ഇതും സാധാരണക്കാര്‍ക്ക് സൗരോര്‍ജ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ഏറെ തടസം സൃഷ്ടിക്കുന്നു.

ഇക്കാര്യം  മുഖ്യമന്ത്രിയുടേയും വൈദ്യതി മന്ത്രിയുടേയും നിരവധിതവണ കൊണ്ടുവന്നെങ്കിലും തികഞ്ഞ നിസംഗതയാണ് മറുപടി.

(കെ ആര്‍ ഹരി) janayugom

No comments:

Post a Comment