Saturday, February 23, 2013

പാര്‍ലമെന്റില്‍ പ്രതിഷേധം സഭാധ്യക്ഷര്‍ റിപ്പോര്‍ട്ട് തേടി


പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെഎംപിമാരായ എം ബി രാജേഷിനെയും ടി എന്‍ സീമയെയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ പ്രതിഷേധിച്ചു. മര്‍ദനത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സ്പീക്കര്‍ മീരാകുമാറും രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. രാജ്യസഭ സമ്മേളിച്ചപ്പോള്‍ത്തന്നെ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ എന്‍ ബാലഗോപാല്‍, പി രാജീവ് തുടങ്ങിയവര്‍ നടുത്തളത്തിലിറങ്ങി. രാജേഷിനെ മര്‍ദിക്കുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എംപിയാണെന്നു പറഞ്ഞശേഷവും പൊലീസ് മര്‍ദിച്ചത് ഗൗരവമായി കാണണമെന്നും കര്‍ക്കശ നടപടി സ്വീകരിക്കണമെന്നും ജെഡിയു അംഗം എന്‍ കെ സിങ് ആവശ്യപ്പെട്ടു.

എംപിമാരെ അകാരണമായാണ് പൊലീസ് മര്‍ദിച്ചതെന്ന് സിപിഐ എം പാര്‍ലമെന്ററിപാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. തികച്ചും സമാധാനപരമായി പ്രകടനം നടത്തിയവരെയാണ് തല്ലിച്ചതച്ചത്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാണ് ഡല്‍ഹി പൊലീസ്. കുറ്റക്കാരെ കണ്ടെത്തി കര്‍ക്കശ നടപടി സ്വീകരിക്കണം- യെച്ചൂരി പറഞ്ഞു. പ്രതിഷേധം തുടര്‍ന്നതോടെ സഭാധ്യക്ഷന്‍ 12 മണിവരെ സഭ നിര്‍ത്തി. തുടര്‍ന്ന് ഇടതുപക്ഷ അംഗങ്ങള്‍ ചേംബറില്‍ രാജ്യസഭാ അധ്യക്ഷനുമായി ചര്‍ച്ച നടത്തി. 12ന് സഭ ചേര്‍ന്നപ്പോള്‍ പൊലീസ് മര്‍ദനത്തെക്കുറിച്ച് രാജ്യസഭാധ്യക്ഷന്‍ സ്വയമേവ പ്രസ്താവന നടത്തി. ടി എന്‍ സീമയെ പൊലീസുകാര്‍ കൈയേറ്റം ചെയ്തെന്ന് ചില അംഗങ്ങള്‍ തന്നെ അറിയിച്ചതായി ഹമീദ് അന്‍സാരി പറഞ്ഞു. പാര്‍ലമെന്റ് അംഗത്തിന്റെയും സഭയുടെയും അന്തസ്സുമായി ബന്ധപ്പെട്ട ഗുരുതരവിഷയമാണിത്. അന്വേഷിക്കാന്‍ താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ്. സഭ അടുത്ത ദിവസം ചേരുംമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം- ഹമീദ് അന്‍സാരി നിര്‍ദേശിച്ചു.

എംപിയെ പൊലീസ് കൈയേറ്റംചെയ്തത് ഗുരുതര വിഷയമാണെന്ന് പാര്‍ലമെന്ററിമന്ത്രി രാജീവ് ശുക്ല പറഞ്ഞു. സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിച്ച് സഭാധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ലോക്സഭയില്‍ ശൂന്യവേളയില്‍ എം ബി രാജേഷ് വിഷയം ഉന്നയിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ സമരം നയിക്കുമ്പോഴാണ് അതിക്രമമുണ്ടായത്. സൂര്യനെല്ലി കേസില്‍ ഉള്‍പ്പെട്ട പി ജെ കുര്യനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും യുവാക്കളും മഹിളകളും നടത്തിയ മാര്‍ച്ചിനെതിരെയാണ് പൊലീസിന്റെ കടന്നാക്രമണമുണ്ടായത്- രാജേഷ് പറഞ്ഞു. കേസില്‍ കുര്യന്‍ ഉള്‍പ്പെട്ടെന്ന പരാമര്‍ശം നീക്കണമെന്ന് എം ഐ ഷാനവാസ് ആവശ്യപ്പെട്ടതോടെ സഭയില്‍ ബഹളമായി. പ്രസംഗം അവസാനിപ്പിക്കാന്‍ രാജേഷിനോട് സ്പീക്കര്‍ നിര്‍ദേശിച്ചപ്പോള്‍ പി കരുണാകരന്‍, പി കെ ബിജു തുടങ്ങിയവര്‍ പ്രതിഷേധവുമായി എണീറ്റു. തനിക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ് നടുത്തളത്തിലിറങ്ങി. തനിക്ക് കാര്യങ്ങള്‍ മനസ്സിലായെന്നും സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും സ്പീക്കര്‍ ഉറപ്പുനല്‍കിയശേഷമാണ് സഭ ശാന്തമായത്.

deshabhimani 2302113

No comments:

Post a Comment