Tuesday, February 26, 2013

സഹാറയുടെ ആവശ്യം സുപ്രീംകോടതി തള്ളി


നിക്ഷേപകര്‍ക്ക് നല്‍കാനുള്ള 24,000 കോടി രൂപ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന സഹാറ ഗ്രൂപ്പിന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഫെബ്രുവരി ആദ്യവാരത്തിനകം പണം നല്‍കണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതിന് കോടതി സഹാറ ഗ്രൂപ്പിനെ നിശിതമായി വിമര്‍ശിച്ചു. പണം തിരിച്ചടയ്ക്കേണ്ട സമയം നവംബര്‍ അവസാനത്തില്‍നിന്ന് ഫെബ്രുവരി ആദ്യവാരത്തിലേക്ക് നേരത്തെ കോടതിതന്നെ നീട്ടിയതാണ്. എന്നാല്‍, സഹാറ വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ടത് കോടതിയെ ക്ഷോഭിപ്പിച്ചു. തങ്ങളുടെ ഉത്തരവ് ഇതുവരെ പാലിച്ചില്ലെങ്കില്‍പ്പിന്നെ കോടതിയില്‍ വരാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. നിക്ഷേപകര്‍ക്ക് പണം കിട്ടണമെന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് കൂടുതല്‍ സമയം നേരത്തെ അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.

സഹാറ ഗ്രൂപ്പ് കമ്പനികളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനും പണം മടക്കി നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ സഹാറ ഗ്രൂപ്പ് നിലവില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. സഹാറയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ പിടിച്ചെടുക്കാനും കോടതി നേരത്തെ സെബിക്ക് അനുമതി നല്‍കിയിരുന്നു. മറ്റൊരു കോടതിയാണ് കേസ് കേട്ടതെന്നും ചീഫ് ജസ്റ്റിസിന്റെ കോടതി കേസ് കേള്‍ക്കരുതെന്നും സഹാറയുടെ അപേക്ഷ പരിഗണനയ്ക്ക് വന്നപ്പോള്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം കൃഷ്ണമണി പറഞ്ഞു. പല അഭ്യൂഹങ്ങളും കേസിനെ ചുറ്റിപ്പറ്റി പരക്കുന്നുണ്ടെന്നും കൃഷ്ണമണി അഭിപ്രായപ്പെട്ടു. എന്നാല്‍, ചീഫ് ജസ്റ്റിസ് ക്ഷുഭിതനായാണ് ഇതിനോട് പ്രതികരിച്ചത്. കേസില്‍ എന്ത് സംഭവിക്കുമെന്ന് അറിയാതെ കാര്യങ്ങള്‍ പറയരുതെന്നും സീറ്റില്‍ ഇരിക്കാനും കോടതി കൃഷ്ണമണിയോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് മുന്‍ ഉത്തരവ് പാലിക്കാത്തതിന് കോടതി സഹാറയെ വിമര്‍ശിച്ചത്.

deshabhimani 260213

No comments:

Post a Comment