Thursday, February 28, 2013

യാത്രാസൗജന്യം ഇല്ലാതാകും; ട്രെയിന്‍ ചാര്‍ജ് ഇടയ്ക്കിടെ കൂട്ടും


ട്രെയിന്‍ യാത്രാക്കൂലി സമയാസമയം പുതുക്കിനിശ്ചയിക്കാനുള്ള താരിഫ് റെഗുലേറ്ററി അതോറിറ്റി നിലവില്‍വരുന്നതോടെ റെയില്‍വേ ഇപ്പോള്‍ വിവിധ വിഭാഗങ്ങള്‍ക്കു നല്‍കുന്ന യാത്രാസൗജന്യം ഘട്ടംഘട്ടമായി ഇല്ലാതാകും. റെയില്‍ബജറ്റിലാണ് താരിഫ് അതോറിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. സബ്സിഡികള്‍ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്നതിനുള്ള യുപിഎ സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് പുതിയ നീക്കം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, ദേശീയ ബഹുമതി ലഭിച്ചവര്‍, രോഗികള്‍, ദേശീയ, അന്തര്‍ദേശീയ ബഹുമതി ലഭിച്ച കായികതാരങ്ങള്‍, ശാരീരികമായ വെല്ലുവിളി നേരിടുന്നവര്‍, എന്‍സിസി കേഡറ്റുകള്‍, ഡോക്ടര്‍മാര്‍ തുടങ്ങി അമ്പതിലധികം വിഭാഗങ്ങള്‍ക്കാണ് റെയില്‍വേ യാത്രാനിരക്കില്‍ ഇളവു നല്‍കുന്നത്. ഇതിനായി പ്രതിവര്‍ഷം 800 കോടിയിലധികം രൂപയാണ് ചെലവാകുന്നത്. പത്തു മുതല്‍ 100 ശതമാനംവരെയാണ് വിവിധ വിഭാഗങ്ങള്‍ക്ക് സൗജന്യം. ഇതുകൂടാതെ സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് ഇനത്തിലും യാത്രാക്കൂലിയിളവ് നല്‍കുന്നു. ഇതാണ് റെയില്‍വേയ്ക്ക് നഷ്ടം ഏറുന്നു എന്ന പേരില്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും സബ്സിഡി നിര്‍ത്തുകയും ചെയ്തപ്പോഴുണ്ടായ അതേ അവസ്ഥയാകും റെയില്‍ താരിഫ് അതോറിറ്റി നിലവില്‍വന്നാലും ഉണ്ടാവുകയെന്ന ആശങ്ക റെയില്‍വേ ഉന്നതാധികാരികള്‍ക്കും ഉണ്ട്.

ടിക്കറ്റ് വരുമാനവും യാത്രക്കാര്‍ക്കു നല്‍കുന്ന സേവനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 23,500 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ ഭാഷ്യം. ചരക്കുഗതാഗതത്തിലാണ് ലാഭം. ടിക്കറ്റ് വരുമാനവും ചരക്കുകടത്തിന്റെ വരുമാനവും കണക്കിലെടുക്കുമ്പോള്‍ നീക്കിയിരിപ്പ് വെറും അഞ്ചു ശതമാനം മാത്രമാണെന്നും റെയില്‍വേ പറയുന്നു. വരുമാനം കുറയുന്നതുമൂലം പുതിയ ട്രെയിനുകളോ വികസനപ്രവര്‍ത്തനങ്ങളോ നടത്താന്‍ കഴിയുന്നില്ല. ഇതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി ഇല്ലാതാക്കിയതുപോലെ റെയില്‍വേയുടെ സബ്സിഡിയും ഇല്ലാതാക്കാനാണ് നീക്കമെന്നാണ് അധികൃതര്‍ പറയുന്നത്.
(അഞ്ജുനാഥ്)

deshabhimani 280213

No comments:

Post a Comment