Sunday, February 2, 2014

സിപിഐ എം ലോക്കല്‍ സെക്രട്ടറിയുടെ വീട് ആര്‍എസ്എസുകാര്‍ തകര്‍ത്തു

നാട്ടിക: സിപിഐ എം എടത്തിരുത്തി ലോക്കല്‍ സെക്രട്ടറിയുടെ വീടിനുനേരെ ആര്‍എസ്എസ് - ബിജെപി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം. ജനല്‍ച്ചില്ല് തെറിച്ചുവീണ് ലോക്കല്‍ സെക്രട്ടറി കെ ജി സുഖ്ദേവിന് തലയ്ക്ക് പരിക്കേറ്റു. സുഖ്ദേവിനെ വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു ആക്രമണം. അക്രമികള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചില്ല് തലയില്‍ തുളച്ചുകയറി ചോരയില്‍ കുളിച്ച സുഖ്ദേവിനെ പാര്‍ടി പ്രവര്‍ത്തകരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം എടത്തിരുത്തി, ചെന്ത്രാപ്പിന്നി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ യോഗം നടത്തി. എടത്തിരുത്തി പഞ്ചായത്തോഫീസ് പരിസരത്ത് നിന്നാരംഭിച്ച ജാഥ കൊപ്രക്കളത്ത് സമാപിച്ചു. തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ വി സതീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ വി പീതാംബരന്‍, ഏരിയ സെക്രട്ടറി പി എം അഹമ്മദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം കെ രാമചന്ദ്രന്‍, എം കെ ഫല്‍ഗുനന്‍ എന്നിവര്‍ സംസാരിച്ചു.

ഏതാനും ദിവസംമുമ്പ് സിപിഐ എം എടത്തിരുത്തി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ലോക്കല്‍ സെക്രട്ടറിയുടെ വീടാക്രമിച്ച സംഭവം. പ്രതികളെ കണ്ടിട്ടും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇക്കഴിഞ്ഞ ഇരുപതിന് ആര്‍എസ്എസ്þബിജെപി സംഘം എടത്തിരുത്തിയില്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. കുമ്പളപ്പറമ്പ് മുതല്‍ എടത്തിരുത്തി പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗത്ത് സിപിഐ എമ്മിന്റെ ബോര്‍ഡും കൊടിമരങ്ങളും വെയിറ്റിങ് ഷെഡ്ഡുകളും തകര്‍ത്തു. ഇതിനുശേഷമാണ് പാര്‍ടി ഓഫീസ് തകര്‍ത്തത്. മേശകളും കസേരകളും തകര്‍ത്ത സംഘം ചുമരില്‍ തൂക്കിയിട്ടിരുന്ന ഫോട്ടോകള്‍ തകര്‍ത്തു. ചുമരില്‍ ഓം എന്നെഴുതിയാണ് സ്ഥലം വിട്ടത്. ഡിവൈഎഫ്ഐ എടത്തിരുത്തി മേഖലാ സെക്രട്ടറിയുടെ ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. പൊലീസിന്റെ നിഷ്ക്രിയത്വമാണ് അക്രമികള്‍ക്ക് സൗകര്യമൊരുക്കുന്നതെന്ന് സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി പറഞ്ഞു. അന്വേഷണച്ചുമതലയുള്ള കൊടുങ്ങല്ലൂര്‍ സിഐ അക്രമികള്‍ക്ക് സൗകര്യം ഒരുക്കുന്നുണ്ടോ എന്ന് സംശയിക്കണമെന്ന് ഏരിയ കമ്മിറ്റി പറഞ്ഞു. ഏതാനും ദിവസം മുമ്പ് സിപിഐ എം അനുഭാവികളായ വാടാനപ്പള്ളി ഗണേശമംഗലം ചക്കാണ്ടന്‍ കിഷോര്‍, സൂഫിയാന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ശരീരമാസകലം വെട്ടേറ്റ കിഷോര്‍ ആശുപത്രിയിലാണ്. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ക്ഷേത്രത്തിലെ ഗരുഢ പ്രതിമ തകര്‍ത്തിട്ട് ഒരാഴ്ചയായി. അക്രമികളെക്കുറിച്ച് ഇതുവരെ പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. കയ്പമംഗലം പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും നടപടിയെടുത്തിട്ടില്ല.

എസ്എഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം ആക്രമിച്ചു

പൂച്ചാക്കല്‍: ഉത്സവം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചു. ചേര്‍ത്തല എന്‍എസ്എസ് കോളേജ് അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ പാണാവള്ളി അര്‍ച്ചന നിവാസില്‍ അശ്വജിത്തിനെയാണ് മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രി പത്തിന് നിലംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവമേളം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം. വള്ളി കുഞ്ചരം പുത്തന്‍വെളിയില്‍ അനിയാഞ്ചിയെന്ന് വിളിക്കുന്ന പ്രസീദ്, അരുണ്‍ നിവാസില്‍ അരുണ്‍, തോപ്പില്‍ ബാലുയെന്ന ശ്രീജയ്, പണിയ്ക്കംവീട് ബിനുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് പരിക്കേറ്റ അശ്വജിത്ത് പറഞ്ഞു. തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ അശ്വിജിത്തിന് നാട്ടുകാര്‍ ചേര്‍ത്തല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കി.

deshabhimani

No comments:

Post a Comment