പി മോഹനന്‍ ജയിലില്‍ കഴിഞ്ഞത് 573 ദിവസമാണ്. അതിനിടയില്‍, അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഭാര്യയെ കണ്ടതുപോലും വിവാദമായി. ചന്ദ്രശേഖരന്‍ കേസില്‍ വിധിപറഞ്ഞ പ്രത്യേക കോടതി മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടു. അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് വ്യാജ തെളിവാണെന്നും കള്ള സാക്ഷിമൊഴിയാണെന്നും വ്യക്തമാക്കിയാണ് ആ വിധിയുണ്ടായത്. ചന്ദ്രശേഖരന്‍വധവുമായി സിപിഐ എമ്മിനെ കൂട്ടിക്കെട്ടാന്‍ ആര്‍എംപിയും യുഡിഎഫും അന്വേഷകസംഘത്തിലൂടെ "കണ്ടെടുത്ത" കണ്ണിയാണ്, വിചാരണക്കോടതിവിധിയിലൂടെ പൊട്ടിപ്പോയത്.
പി മോഹനനെ എന്തിന് ജയിലിലിട്ടു, അപകീര്‍ത്തിപ്പെടുത്തി, കൊലയാളി എന്ന് വിളിച്ചു, കുടുംബാംഗങ്ങളെ പീഡിപ്പിച്ചു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്; പൊലീസിനുമുന്നിലുണ്ട്; ആര്‍എംപിക്ക് മുന്നിലുണ്ട്. കേസിന്റെ നേരായ അന്വേഷണവും വിചാരണയും തീര്‍പ്പുമല്ല അവരുടെ ആവശ്യം; തങ്ങള്‍ ഉദ്ദേശിക്കുന്നവരെ പ്രതിയാക്കി രാഷ്ട്രീയം കളിക്കലാണ്. പി മോഹനന്‍ കോഴിക്കോട്ട് പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: ""ടി പി ചന്ദ്രശേഖരന്‍ വധശ്രമക്കേസിന്റെ ചോദ്യംചെയ്യലിനിടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനും എതിരെ മൊഴിനല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. വധശ്രമക്കേസിലെ ഗൂഢാലോചനയില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് മൊഴിനല്‍കിയാല്‍ എന്റെ കേസ് ലഘുവാക്കി തരാമെന്ന് ചോദ്യംചെയ്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.""
മോഹനനില്‍നിന്ന് തെറ്റായ മൊഴി കിട്ടിയില്ല; മോഹനന്‍തന്നെ കുറ്റമുക്തനാക്കപ്പെടുകയുംചെയ്തു. അന്വേഷണഘട്ടത്തിലോ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴോ വിചാരണാവേളയിലോ വിധി വന്നപ്പോഴോ രമയ്ക്ക് പരാതിയുണ്ടായിരുന്നില്ല. അന്വേഷണം തൃപ്തികരമെന്ന് രമ പലവട്ടം പറഞ്ഞതാണ്. ആ രമ സെക്രട്ടറിയറ്റിനു മുന്നില്‍ ഉണ്ണാവ്രതമിരിക്കുമ്പോള്‍തന്നെയാണ്, അതിന് വിളിപ്പാടകലെ കെപിസിസി പ്രസിഡന്റുകൂടിയായ ആഭ്യന്തരമന്ത്രിയില്‍നിന്ന് അന്വേഷകസംഘം സംസ്ഥാന സര്‍ക്കാരിന്റെ ആദരവും അംഗീകാരവും ഏറ്റുവാങ്ങിയത്. ഒരുഭാഗത്ത് അന്വേഷണം തെറ്റെന്നു പറഞ്ഞ് സമരം, അതിന് സര്‍ക്കാര്‍ പിന്തുണ, പുതിയ കേസ്- മറുഭാഗത്ത് അന്വേഷകരെ ആദരിക്കല്‍. ഇതാണ് നാടകത്തിലെ ഒരു വൈരുധ്യം.
വിചാരണ നടത്തി വിധിപറഞ്ഞ കേസ് ഒരു "വിളി" വന്നാല്‍ പിന്നെയും അന്വഷിക്കാന്‍ വകുപ്പില്ല. ഭരണഘടനയുടെ അംഗീകാരവും അതിനില്ല. കേസന്വേഷണത്തില്‍ പിശകുവന്നു എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളിന്റെ ആശ്രിതര്‍ക്ക് കോടതിയെ സമീപിക്കാം. അതാണ് നിയമത്തിന്റെ വഴി. എനിക്ക് ആഗ്രഹമുണ്ട്, അതുകൊണ്ട് അന്വേഷണം വേണമെന്ന് പറഞ്ഞുചെന്നാല്‍ നടക്കുന്നതല്ല അത്. പുതിയ എന്തെങ്കിലും നിര്‍ണായകമായ തെളിവുവേണം- അത് നീതിപീഠത്തെ ബോധ്യപ്പെടുത്താനാകണം. ഇവിടെ അതൊന്നുമല്ല, കൊല്ലപ്പെട്ടയാളിന്റെ ഭാര്യയെ രണ്ടുമൂന്നു ദിവസം ഭക്ഷണം കൊടുക്കാതെ കിടത്തിയാല്‍ കാര്യം സാധിക്കാം എന്നാണ് കരുതുന്നത്.
കേസുകള്‍ സിബിഐക്ക് വിടുന്നതിന്റെ മാനദണ്ഡം സംബന്ധിച്ച് ഈ ജനുവരി 22ന് നിയമസഭയില്‍ നാല് സിപിഐ എം എംഎല്‍എമാരുടെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ മറുപടി പ്രസക്തമാണ്. ""സംസ്ഥാന പൊലീസ് അന്വേഷിച്ച് കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ പുതിയതായി ലഭിക്കുന്ന തെളിവുകള്‍ കണക്കിലെടുത്തും അതതു കേസുകളുടെ സ്വഭാവം പരിഗണിച്ചും ഒരു സ്വതന്ത്ര ഏജന്‍സി തുടരന്വേഷണം നടത്തേണ്ടതാണെന്ന് ബോധ്യപ്പെട്ടാല്‍ സിആര്‍പിസി 173 (8) വകുപ്പുപ്രകാരം തുടരന്വേഷണം നടത്താന്‍ അത്തരം കേസുകള്‍ സിബിഐക്ക് വിടാറുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവവും കേസുകളുടെ സ്വഭാവവും കേസ് അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്ന തെളിവുകളുടെയും ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെയും വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് കേസുകള്‍ തരംതിരിക്കുന്നത്. ഇത് പുതിയതായി ലഭിച്ച തെളിവുകളുടെയും അതാതുകാലത്തെ സുപ്രീംകോടതി/ ഹൈക്കോടതി വിധികളെ അടിസ്ഥാനമാക്കിയുമാണ്"" എന്നാണ് അതില്‍ പറയുന്നത്. "കൂടാതെ കണ്ടാര്‍ ബാലന്‍, രാമഭദ്രന്‍, സത്നംസിങ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായെങ്കിലും ടി ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിക്കുകയുണ്ടായി" എന്നും അതില്‍ ചെന്നിത്തല പറയുന്നു.
അതിനുംമുമ്പ്, ഡിസംബര്‍ 10ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഐ എം അംഗം രാജു എബ്രഹാമിന് സഭയില്‍ നല്‍കിയ ഉത്തരത്തില്‍, "ടി പി ചന്ദ്രശേഖരന്റെ ഭാര്യ ശ്രീമതി കെ കെ രമ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചാണ് സിബിഐ അന്വേഷണം വേണോ എന്ന വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുള്ളത്" എന്ന് വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണം സത്യസന്ധമായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല എന്നും അന്വേഷണസംഘം ഇക്കാര്യത്തില്‍ ശുപാര്‍ശയൊന്നും സമര്‍പ്പിച്ചിട്ടില്ല എന്നും ആ മറുപടിയിലുണ്ട്. ചന്ദ്രശേഖരന്‍ ഒരിക്കലേ കൊല്ലപ്പെട്ടിട്ടുള്ളൂ. ആ കേസ് കോടതി വിചാരണചെയ്ത് തീര്‍പ്പുകല്‍പ്പിച്ചു. ഇനി തുടര്‍പരിശോധന നടക്കേണ്ടത് മേല്‍കോടതികളിലാണ്. പക്ഷേ, തെരഞ്ഞെടുപ്പ് നോക്കികളായ മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന് അതുപോരാ. അവര്‍ക്ക് തങ്ങള്‍ നിശ്ചയിക്കുന്ന ആളുകള്‍ പ്രതിസ്ഥാനത്തുവരണം. മാതൃഭൂമി അത് മറയില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നു: ""ടി പി കേസ് അന്വേഷണം പിണറായിയിലേക്കും കോടിയേരിയിലേക്കും പി ജയരാജനിലേക്കും"" എന്ന്. യുഡിഎഫ് ഘടകകക്ഷിനേതാവും വടകരയില്‍ ലോക്സഭാ സീറ്റ് കൊതിക്കുന്നയാളുമായ എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന മാധ്യമമാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത് എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. 2012 മെയ് നാലിനാണ് ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്. രണ്ടുകൊല്ലമാകാന്‍ പോകുന്നു. ഇപ്പോള്‍ ബോധോദയവും പുതിയ കേസും വരുന്നു. ആ കേസില്‍ ആരുടെയും പേരില്ല. പക്ഷേ, വീരേന്ദ്രകുമാറിന്റെ ചാനലിന് മൂന്നു പേര് "കിട്ടുന്നു". കേസ് ജനിക്കുമ്പോള്‍ ഇങ്ങനെ ഉണ്ടാകുന്ന വെളിപാടിന്റെ രസതന്ത്രം പരിശോധിക്കേണ്ടതാണ്. ചന്ദ്രശേഖരന്റെ മാതാവിനെ ക്യാമറയ്ക്കുമുന്നില്‍ "പിണറായി വിജയനറിയാതെ ഒന്നും നടക്കില്ല" എന്ന് പറയിച്ചതുകൊണ്ടോ രമയെ മഹാത്മാഗാന്ധിയോട് ഉപമിച്ചതുകോണ്ടോ സാധൂകരിക്കാനാവുന്നതല്ല ഈ നെറികെട്ട നീക്കങ്ങള്‍.
സിബിഐ കേസെടുക്കില്ല എന്ന് നിയമത്തിന്റെ പ്രാഥമിക പാഠമറിയാവുന്നവര്‍ക്ക് മനസ്സിലാകും. രമയെ പട്ടിണിക്കിട്ടതിന് "ഫലം" കണ്ടെത്താന്‍ പൊലീസ് സംഘത്തെ നിയോഗിക്കുന്നുവെന്നാണ് ഒടുവിലത്തെ വലതുപക്ഷ വിലാസം ചാനലുകളുടെ റിപ്പോര്‍ട്ട്. കാഴ്ചക്കാരുടെ ബുദ്ധിശക്തിയെയും തിരിച്ചറിവിനെയും പരിഹസിക്കുന്ന നാടകമാണ് അരങ്ങേറുന്നത്. അതിന് നാണംകെട്ട പശ്ചാത്തല സംഗീതമൊരുക്കുകയാണ് ചില മാധ്യമങ്ങള്‍. ചന്ദ്രശേഖരന്റെ ജഡംകൊണ്ടും രമയുടെ വിരഹദുഃഖംകൊണ്ടും രാഷ്ട്രീയ സദ്യയൊരുക്കി മൃഷ്ടാന്നം ഭുജിക്കാനുള്ള ഹീനമായ മാനസികാവസ്ഥയിലാണ് വലതുപക്ഷം. പട്ടിയെ കൊന്ന് പരിശീലിക്കുകയും മനുഷ്യനെ പച്ചയ്ക്ക് വെട്ടി നുറുക്കി "മാതൃക" കാട്ടുകയും ചെയ്ത എസ്ഡിപിഐക്കാരന്‍ ഈ സമരത്തിന്റെ പിന്തുണക്കാരനാണ്. ഗുജറാത്ത് നരമേധത്തിന്റെ ചോരപുരണ്ട കൈകളും ഇടതുവായാടികളും തീവ്രവാദികളും വര്‍ഗീയഭ്രാന്തന്മാരും യുഡിഎഫും ചേര്‍ന്ന മഹാസഖ്യം രമയുടെ ഉണ്ണാവ്രതംകൊണ്ട് സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഉല്‍പ്പന്നമായി ഒരു വിചിത്ര കേസും വന്നു. ഇവരില്‍നിന്ന് മാന്യമായ എന്തെങ്കിലും പ്രതീക്ഷിക്കാനാകാത്തതുകൊണ്ട് ഒന്നിലും അത്ഭുതപ്പെടാനില്ല. എന്നാല്‍, ഇങ്ങനെയുള്ള കേസുംകൊണ്ട് ഒരു ജനകീയ പ്രസ്ഥാനത്തെ ആക്രമിക്കാന്‍ വന്നാല്‍, അതിന് തയ്യാറാകുന്നവര്‍ നല്‍കേണ്ടിവരുന്ന വില ചെറുതായിരിക്കില്ല. മോഹനന്‍ മാസ്റ്ററെ പീഡിപ്പിച്ച മാതൃകയില്‍ മറ്റു പലരെയും പീഡിപ്പിച്ചുകളയാം എന്ന് കരുതിയാണ് ഈ നാടകങ്ങളെങ്കില്‍, കേരളീയന്റെ പ്രതികരണത്തിന്റെ ചൂട് അറിയാനുള്ള സന്നദ്ധതകൂടി ഈ നാടകത്തിന്റെ അണിയറ ശില്‍പ്പികള്‍ക്കുണ്ടാകേണ്ടിവരും. മനുഷ്യന്റെ ചിന്താശേഷിയും ജുഡീഷ്യറിയും നിയമവ്യവസ്ഥയും വ്യഭിചാരത്തിനിരയാകേണ്ടതല്ല എന്ന് തിരിച്ചറിയുന്ന ഒരു ജനത ഇവിടെയുണ്ട് എന്ന് മറക്കുന്നത് യുഡിഎഫിന് താല്‍ക്കാലികമായ നേട്ടംപോലുമുണ്ടാക്കില്ല. ഇത് അപകടകരമായ കളിയാണ്. ഗുരുതരഭവിഷ്യത്തിലക്കുള്ള പോക്കാണ്. കൂട്ടിലടച്ച തത്തയെ കിട്ടിയില്ലെങ്കില്‍ സ്വന്തം പൊലീസിനെക്കൊണ്ട് ചീട്ടെടുപ്പിക്കാമെന്ന് കരുതുന്നവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്തവരാണ് കേരളത്തിലെ ജനങ്ങളെന്ന് ധരിച്ചുപോയവരെ പമ്പരവിഡ്ഢികളേ എന്നുമാത്രം വിളിക്കട്ടെ.
പി എം മനോജ് deshabhimani
No comments:
Post a Comment