Sunday, December 12, 2010

റാഡിയ ചാരവൃത്തി: കേന്ദ്രം കണ്ണടച്ചു

കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്ക് വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന് ഉയര്‍ന്ന പരാതി കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കാതെ പൂഴ്ത്തിവച്ചു. രാഷ്ട്രീയ-കോര്‍പറേറ്റ് വൃത്തങ്ങളില്‍ ഉന്നത ബന്ധങ്ങളുള്ള റാഡിയ ചാരപ്പണി നടത്തുന്നതായി 2007 നവംബര്‍ 16ന് പരാതി ലഭിച്ചിട്ടും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യക്തമായി. സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റാഡിയക്കെതിരെ മൂന്നുവര്‍ഷംമുമ്പുതന്നെ പരാതി ലഭിച്ചതായി കേന്ദ്രം അറിയിച്ചത്.

ആദായനികുതിവകുപ്പിന് ലഭിച്ച പരാതിയില്‍ അനധികൃത സ്വത്തുസമ്പാദനം, ചാരപ്പണി, രാജ്യദ്രോഹ പ്രവര്‍ത്തനം എന്നീ ആക്ഷേപങ്ങളുണ്ട്. ഇതില്‍ സ്വത്തുസമ്പാദന ആക്ഷേപംമാത്രമാണ് അന്വേഷിച്ചത്. അതും പരാതി ലഭിച്ച് ഒമ്പതു മാസത്തിനുശേഷം. ആദായനികുതിവകുപ്പിന് പരാതി ലഭിച്ച ഘട്ടത്തില്‍ത്തന്നെ സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ആ വിവരം റാഡിയക്ക് ചോര്‍ന്നുകിട്ടിയിരുന്നു. ചാരപ്പണി നടത്തിയെന്ന പരാതിയോട് പ്രതികരിച്ച് ശനിയാഴ്ച റാഡിയ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാണ്. ആക്ഷേപങ്ങള്‍ 2007 നവംബറില്‍ത്തന്നെ നിഷേധിച്ചിരുന്നതായി റാഡിയ പറയുന്നു. നിക്ഷിപ്ത താല്‍പ്പര്യക്കാരായിരുന്നു പരാതിക്ക് പിന്നില്ലെന്നും താനോ കമ്പനിയോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും റാഡിയ അവകാശപ്പെട്ടു.

2007ല്‍ റാഡിയക്കെതിരെ പരാതി ലഭിച്ചെങ്കിലും ആദായനികുതിവകുപ്പ് ഫോണ്‍ ചോര്‍ത്തലിന് അനുമതി തേടി ആഭ്യന്തരവകുപ്പിനെ സമീപിച്ചത് 2008 ആഗസ്തില്‍മാത്രം. റാഡിയയുടെയും സഹായികളുടെയും 14 ഫോണ്‍ ലൈനുകള്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി. ആഗസ്ത് 20 മുതല്‍ 60 ദിവസവും പിന്നീട് 2008 ഒക്ടോബര്‍ 19 മുതല്‍ 60 ദിവസവും ഫോണ്‍ ചോര്‍ത്തി. അഞ്ചുമാസത്തിനുശേഷം 2009 മേയില്‍ വീണ്ടും ഫോണ്‍ ചോര്‍ത്തലിന് ആദായനികുതിവകുപ്പ് അനുമതി തേടി. റാഡിയയുടെ ആറു ഫോണ്‍ ചോര്‍ത്താനാണ് രണ്ടാംഘട്ടത്തില്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. മെയ് 11 മുതല്‍ 60 ദിവസമായിരുന്നു രണ്ടാമത്തെ ചോര്‍ത്തല്‍. ഈ ഘട്ടങ്ങളിലെല്ലാം റാഡിയയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതിവകുപ്പിന്റെ അന്വേഷണംമാത്രമാണ് നടന്നത്. ചാരപ്പണി സംബന്ധിച്ച ആക്ഷേപം അന്വേഷിച്ചതേയില്ല. സ്പെക്ട്രം അഴിമതിയില്‍ റാഡിയക്കുള്ള പങ്ക് പുറത്തുവന്ന ശേഷവും അന്വേഷണം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തില്ല. 2009 നവംബറില്‍മാത്രമാണ് സിബിഐ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് റാഡിയ നടത്തിയ സംഭാഷണങ്ങള്‍മാത്രമാണ് സിബിഐ ആദായനികുതിവകുപ്പിനോട് ആവശ്യപ്പെട്ടത്. ചാരപ്പണി നടത്തുന്നെന്ന ആക്ഷേപത്തിലേക്ക് സിബിഐയും കടന്നില്ല.
(എം പ്രശാന്ത്)

ദേശാഭിമാനി 121210

2 comments:

  1. കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്ക് വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന് ഉയര്‍ന്ന പരാതി കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കാതെ പൂഴ്ത്തിവച്ചു. രാഷ്ട്രീയ-കോര്‍പറേറ്റ് വൃത്തങ്ങളില്‍ ഉന്നത ബന്ധങ്ങളുള്ള റാഡിയ ചാരപ്പണി നടത്തുന്നതായി 2007 നവംബര്‍ 16ന് പരാതി ലഭിച്ചിട്ടും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യക്തമായി. സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റാഡിയക്കെതിരെ മൂന്നുവര്‍ഷംമുമ്പുതന്നെ പരാതി ലഭിച്ചതായി കേന്ദ്രം അറിയിച്ചത്.

    ReplyDelete
  2. കോര്‍പ്പറേറ്റ് ഇടനിലക്കാരി നിര റാഡിയ ചാരപ്പണി നടത്തുന്നതായി ആരോപിക്കുന്ന പരാതിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുടെ ഏജന്റാണ് റാഡിയ എന്ന് അറിയിച്ചുകൊണ്ട് 2007 നവംബര്‍ 16 ന് യുപിഎ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് റാഡിയയുടെ ഫോണുകള്‍ ചോര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. റാഡിയ ടേപ്പുകള്‍ ചോര്‍ന്നതിനെതിരെ രത്തന്‍ ടാറ്റ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് റാഡിയ്ക്കെതിരായ പരാതിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്. മുദ്രവെച്ച കവറില്‍ പരാതിയുടെ പകര്‍പ്പ് കൈമാറാന്‍ കോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വാദത്തിനായി ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. (ദേശാഭിമാനി 141210 വെബ്)

    ReplyDelete