കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധശ്രമക്കേസിന്റെ ചോദ്യം ചെയ്യലിനിടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനും എതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് പി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വധശ്രമക്കേസിലെ ഗൂഢാലോചനയില്‍ അവര്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് മൊഴി നല്‍കിയാല്‍ തന്റെ കേസ് ലഘുവാക്കി തരാമെന്ന് ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സിപിഐ എം കോഴിക്കോട് ജില്ല സെക്രട്ടറിയറ്റ് അംഗവും കേസില്‍നിന്ന് കുറ്റവിമുക്തനാകുകയും ചെയ്ത പി മോഹനന്‍ വെളിപ്പെടുത്തി.
കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായി. കോഴിക്കോട് നടന്ന പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ ജില്ല കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തകര്‍ കുറവായിരുന്നുവെന്നും അപ്പോഴാണ് ഗൂഢാലോചന നടന്നതെന്നും വരുത്തി തീര്‍ക്കുവാനാണ് ശ്രമിച്ചത്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു.
സിനിമാ സ്റ്റെലില്‍ അറസ്റ്റ് ചെയ്തശേഷം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത 12 ദിവസവും ശാരീരികമായി പീഡിപ്പിക്കപ്പെട്ടില്ലെങ്കിലും കടുത്ത മാനസിക പീഡനമാണുണ്ടായത്. കടുത്ത മാനസിക പീഡനത്തിലൂടെ തന്നില്‍നിന്നും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് ശ്രമിച്ചിരുന്നത്. ചോദ്യം ചെയ്യലിന്റെ ഒടുവിലെ ദിവസം 12 പേരടങ്ങുന്ന ഒരു സംഘം മുറിയില്‍ വരുകയും ഒന്നും മിണ്ടാതെ മുക്കാല്‍ മണിക്കൂറുകളോം തന്നെ തുറിച്ചുനോക്കുകയും ചെയ്തു. പിന്നെ ഒരാള്‍ കായിക അഭ്യാസങ്ങള്‍ എല്ലാം കാണിച്ചു. വീണ്ടും 12 പേര്‍ വന്ന് തുരുതുരാ ചോദ്യങ്ങള്‍ ചോദിച്ചു. വെള്ളപേപ്പറില്‍ ഒപ്പിട്ടുനല്‍കാന്‍ പറഞ്ഞു. എന്നാല്‍ അതിനൊന്നും താന്‍ വഴങ്ങിയില്ല.
12 ദിവസം 12 വര്‍ഷം പോലെയാണ് അനുഭവപ്പെട്ടത്. ഒരുതെറ്റും ചെയ്യാത്ത തന്നെ എന്തിനാണ് 19 മാസത്തോളം ജയിലിലടച്ചത്. കേസിന്റെ തുടക്കത്തില്‍ പൂക്കടയിലെ ഗൂഢാലോചനയാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. അത് പൊളിഞ്ഞു . കേസിന്റെ വിധിവന്നപ്പോള്‍ സിപിഐ എമ്മിനെതിരെ കെട്ടിയുയര്‍ത്തിയുണ്ടാക്കിയ ആരോപണങ്ങളെല്ലാം പൊളിഞ്ഞുപോയി.അതിന്റെ നിരാശയാണ് പുതിയ കേസിന് പിന്നില്‍ .സിപിഐ എമ്മിനെ കുടുക്കാന്‍ ആരെയെല്ലാം ചോദ്യം ചെയ്യണമെന്നുവരെ നിര്‍ദേശിച്ചതെല്ലാം ആരാണെന്ന് വ്യക്തമാണല്ലോ. അന്നത്തെ വേട്ടയാടല്‍ കഴിഞ്ഞിട്ടില്ലെന്ന് വേണം കരുതാനെന്നും പി മോഹനന്‍ പറഞ്ഞു.
പാര്‍ടിയുടെ നിരപരാധിത്വം തെളിയിക്കുവാനാണ് പാര്‍ടി ശ്രമിക്കുന്നതെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ച്ചയായി പാര്‍ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
deshabhimani
No comments:
Post a Comment