തൃശൂര്‍: പറമ്പിക്കുളം-ആളിയാര്‍ കരാര്‍വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 600 കോടിയുടെ ജലനഷ്ടം. 1970ല്‍ ഒപ്പുവച്ച കരാര്‍പ്രകാരമുള്ള വെള്ളം ചുരുക്കം വര്‍ഷങ്ങളിലേ തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുള്ളൂ. ഇക്കാര്യത്തില്‍ തമിഴനാടിന് ഒത്താശ ചെയ്യുകയാണ് കേരളത്തിലെ ജലവിഭവ വകുപ്പും വൈദ്യുതി ഉല്‍പ്പാദന വിഭാഗവും. വന്‍ അഴിമതി ഇതിനുപിന്നിലുണ്ടെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.
അഴിമതിയാരോപണം ശക്തമായതോടെ 2012-13 വര്‍ഷത്തിലെ ജലനഷ്ടം മാത്രം കണക്കിലെടുത്ത് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചു. പ്രതിവര്‍ഷം വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ മാത്രം 500 കോടിയില്‍ കുറയാത്ത നഷ്ടം കരാര്‍ ലംഘനംമൂലം ഉണ്ടാകുമ്പോഴാണ് വെറും 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കരാറനുസരിച്ച് വര്‍ഷം 12,300 ദശലക്ഷം ഘന അടി (12.3 ടിഎംസി) വെള്ളം ഷോളയാര്‍ വഴി കേരളത്തിനു കിട്ടണം. ഓരോ ജലവര്‍ഷവും ജൂലൈ ഒന്നുമുതല്‍ വെള്ളം തന്നു തുടങ്ങണം. 2663 അടി സംഭരണശേഷിയുള്ള ഷോളയാര്‍ അണക്കെട്ടില്‍ അഞ്ചടി താഴെ ജലനിരപ്പ് എത്തുംവരെയാണ് വെള്ളം തരേണ്ടത്.
സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും അണക്കെട്ടിന്റെ സംഭരണശേഷി പൂര്ണമാകുംവരെയും വെള്ളം നിറയ്ക്കണം. വര്‍ഷത്തില്‍ മൊത്തം തരുന്ന വെള്ളം 12.3 ടിഎംസിയില്‍ കുറയരുതെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകള്‍ പൂര്‍ണമായി ഒരിക്കലും പാലിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഷോളയാര്‍ അണക്കെട്ടില്‍ രണ്ടു തവണ വെള്ളം നിറയ്ക്കുന്നതിന്റെ വ്യവസ്ഥകള്‍ പാലിച്ചുവെന്നു വരുത്താന്‍ ആസൂത്രിതമായ തന്ത്രങ്ങളാണ് ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തുന്നത്. സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും മുമ്പേ ദീര്‍ഘനാള്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുകയാണ് തന്ത്രങ്ങളിലൊന്ന്.
വൈദ്യുതി ഉല്‍പ്പാദനം നടക്കാത്തതിനാല്‍ ഡാമില്‍ ധാരാളം വെള്ളമുണ്ടാകും. അപ്പോള്‍ കരാര്‍പ്രകാരം ഡാം നിറയ്ക്കേണ്ട ദിവസങ്ങളില്‍ ചുരുങ്ങിയ തോതിലേ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടി വരൂ. സെപ്തംബര്‍മുതല്‍ ഫെബ്രുവരിവരെ ഷോളയാറിലെ പവര്‍ഹൗസ് അടച്ചിടുകയും പതിവാണ്. ഈ വര്‍ഷവും അടച്ചിട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2009, 2010, 2011 വര്‍ഷങ്ങളില്‍ കരാര്‍പ്രകാരമുള്ള വെള്ളം സെപ്തംബറിലും ഫെബ്രുവരിയിലും ലഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. മറ്റു വര്‍ഷങ്ങളില്‍ ഇത് പാലിച്ചിട്ടില്ല. മൊത്തത്തില്‍ ലഭിക്കണ്ട 12.3 ടിഎംസി വെള്ളം എപ്പോഴെങ്കിലും കിട്ടിയോയെന്നതിന് രേഖയുമില്ല.
കളമശേരി ആസ്ഥാനമായ വൈദ്യുതി ബോര്‍ഡിന്റെ ലോഡ് ഡെസ്പാച്ച് സെന്ററാണ് ഉല്‍പ്പാദനം നിയന്ത്രിക്കുന്നത്. അന്തര്‍സംസ്ഥാന നദീജല കരാര്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടത് ജലവിഭവ വകുപ്പാണ്. ഈ രണ്ടു വിഭാഗവും ഇതില്‍ വീഴ്ച വരുത്തുന്നു. ഷോളയാര്‍ അണക്കെട്ടിന്റെ സംഭരണശേഷിയുടെ (5.3 ടിഎംസി) ഇരട്ടിയിലേറെ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം വെള്ളം ലഭിക്കേണ്ടതാണ്. ഇതിന്റെ പകുതിയിലേറെ വെള്ളം തമിഴ്നാട് കൊള്ളയടിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. യൂണിറ്റിന് അഞ്ചു രൂപ കണക്കാക്കിയാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ മാത്രം പ്രതിവര്‍ഷം 600 കോടിയുടെ നഷ്ടം ഇതുമൂലം കേരളത്തിനുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് ദേശാഭിമാനിയോടു പറഞ്ഞു. ചാലക്കുടിപുഴ വഴി ലഭിക്കേണ്ട വെള്ളം കിട്ടാത്തിനാല്‍ കാര്‍ഷിക മേഖലയിലെ നഷ്ടവും കുടിവെള്ളക്ഷാമവുംമൂലമുള്ള നഷ്ടം വേറെയും.
വി എം രാധാകൃഷ്ണന് deshabhimani
No comments:
Post a Comment