പെട്രോള്‍വില കുത്തനെ വര്‍ധിപ്പിക്കുന്ന നടപടി ഇന്ത്യന്‍ ജനതയുടെ വിഷമകരമായ ജീവിതാവസ്ഥയ്ക്കു നേര്‍ക്കുള്ള ആക്രമണമാണ്. അഞ്ചുമാസത്തിനിടയില്‍ ആറാംതവണയുള്ള വര്‍ധനയാണ് ഇപ്പോള്‍ നടപ്പായിട്ടുള്ളത്. ഇത് പണപ്പെരുപ്പത്തിന്റെ തോത് വീണ്ടും വര്‍ധിപ്പിക്കുന്നതിനും ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നതിനും മാത്രമേ വഴിവയ്ക്കൂ.
മുന്‍ മാസങ്ങളിലുണ്ടായതിനെ അപേക്ഷിച്ച് ഏറ്റവും രൂക്ഷമായ വര്‍ധനയാണ് ഇത്തവണ പെട്രോള്‍വിലയില്‍ വരുത്തിയിട്ടുള്ളത്. ഒക്ടോബറില്‍ 27 പൈസയായിരുന്നു വര്‍ധനയെങ്കില്‍ സെപ്തംബറില്‍ 72 പൈസയായിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഒരു രൂപയുടെ വര്‍ധന. പിന്നീട് നവംബറില്‍ 32 പൈസയുടെ വര്‍ധന വന്നു. എന്നാല്‍, ഇപ്പോഴാകട്ടെ 2.95 രൂപയുടെ വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നു. ജനങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സര്‍ക്കാരിന് അനുവദിച്ചുകൊടുക്കാനാകാത്ത നിലയിലുള്ള വര്‍ധനയാണ് എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. യുപിഎ സര്‍ക്കാരാകട്ടെ ഇടപെടാന്‍ തങ്ങള്‍ക്ക് പഴുതില്ലെന്ന വാദവുമായി നിസ്സഹായത നടിക്കുന്നു.
എണ്ണക്കമ്പനികളുമായി ഒത്തുകളിച്ചുകൊണ്ട് യുപിഎ സര്‍ക്കാര്‍ സ്വയംവരിച്ചതാണ് ഈ നിസ്സഹായത. വിലനിര്‍ണയാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചുകൊടുത്തതിന്റെ ഫലമാണിത്. തോന്നുമ്പോള്‍ തോന്നുംപോലെ വിലകയറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരംകൊടുത്തിട്ട് തങ്ങള്‍ക്കിതില്‍ ഇടപെടാന്‍ അവസരമില്ലെന്നു വാദിക്കുന്നത് കാപട്യമല്ലാതെ മറ്റൊന്നുമല്ല.
പൊതുമേഖലാ എണ്ണക്കമ്പനികളെല്ലാം വന്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് പോയ വര്‍ഷങ്ങളിലെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍തന്നെ തെളിവുതരുന്നുണ്ട്. അന്താരാഷ്ട്ര എണ്ണക്കമ്പോളത്തിലെ എണ്ണവിലയെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന തോതിലാണ് ഇന്ത്യയിലെ എണ്ണവില. പാകിസ്ഥാന്‍, ബംഗ്ളാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിലവിലുള്ള വിലയേക്കാള്‍ ഏറെ ഉയര്‍ന്നത്. ഇത് ഈ വിധത്തിലാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുതന്നെയാണ്. അമിതമായി നികുതികയറ്റി ഇന്ത്യയില്‍ കൃത്രിമമായി എണ്ണവില ഉയര്‍ത്തിനിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളെക്കുറിച്ച് കരുതലുള്ളവര്‍ ഒരിക്കലും ചെയ്തുകൂടാത്തതാണിത്. എക്സൈസ് നികുതി കുറയ്ക്കല്‍ അടക്കം ഇടതുപക്ഷം മുമ്പോട്ടുവച്ച നിര്‍ദേശങ്ങളൊന്നും പരിഗണിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തതും ഈ സര്‍ക്കാരിന്റെ അടിസ്ഥാനപരമായ ജനവിരുദ്ധതകൊണ്ടുതന്നെ. പെട്രോളിനും ഡീസലിനും മേലുള്ള പരോക്ഷനികുതി കുത്തനെ കൂട്ടുന്നവിധത്തിലായിരുന്നു കഴിഞ്ഞ കേന്ദ്രബജറ്റ് എന്നതും ജനങ്ങളുടെ ജീവിതബുദ്ധിമുട്ടുകളോടുള്ള യുപിഎ സര്‍ക്കാരിന്റെ നിര്‍വികാരസമീപനത്തിനുള്ള തെളിവാണ്.
ഡിസംബര്‍ 13നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. തൊട്ടുപിറ്റേന്നുതന്നെ പെട്രോള്‍ വിലവര്‍ധന ഏര്‍പ്പെടുത്തുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ ജനപ്രതിനിധിസഭയോട് പുലര്‍ത്തുന്ന അവജ്ഞയുടെ ദൃഷ്ടാന്തംകൂടിയാകുന്നുണ്ട് ഇത്. ഇപ്പോഴത്തെ പെട്രോള്‍വിലവര്‍ധനയ്ക്ക് തൊട്ടുപിന്നാലെ ഡീസല്‍വിലയില്‍ ലിറ്ററിന് രണ്ടുരൂപ കണ്ട് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിലവര്‍ധന അവശ്യവസ്തുക്കളുടെ വിലയില്‍ശൃംഖലിതമായ വര്‍ധനയാകും ഉണ്ടാക്കുക. കടുത്ത ഭക്ഷ്യപണപ്പെരുപ്പത്തിന്റെ ഘട്ടത്തില്‍ രാജ്യത്തിന് താങ്ങാവുന്നതല്ല ഭക്ഷ്യവസ്തുക്കളുടേതടക്കം വില ഇനിയും ക്രമാതീതമായ തോതില്‍ വര്‍ധിപ്പിക്കുന്ന ഈ നടപടി.
എണ്ണക്കമ്പനികളുമായി ചേര്‍ന്നുള്ള ഒരു ഗൂഢാലോചനയുടെ ഫലമായാണ് അഡ്മിനിസ്റേര്‍ഡ് വിലനിയന്ത്രണ സംവിധാനം എടുത്തുകളഞ്ഞത്. ഇതാകട്ടെ രണ്ടുവിധത്തില്‍ യുപിഎ സര്‍ക്കാരിന് പ്രയോജനപ്പെട്ടു. പെട്രോള്‍വില കുത്തനെ വര്‍ധിപ്പിക്കുന്നത് തങ്ങളല്ല, എണ്ണക്കമ്പനികളാണെന്നു പറഞ്ഞ് വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാം എന്നതാണ് ഒന്ന്. എണ്ണക്കമ്പനി ഉടമകളുടെ പ്രീതി സമ്പാദിക്കുക എന്നതാണ് മറ്റൊന്ന്. ഈ കള്ളക്കളി ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുകയാണ് ജനാധിപത്യകക്ഷികള്‍ ഇന്ന് ചെയ്യേണ്ടത്.
അന്താരാഷ്ട്രവിപണിയിലെ അടിസ്ഥാനവിലയുടെ മൂന്നരമുതല്‍ നാലുവരെ ഇരട്ടിവിലയ്ക്കാണ് ഇവിടെ പെട്രോളും ഡീസലും വില്‍ക്കുന്നത്. ഇതിലൂടെ ഒന്നേകാല്‍ ലക്ഷം കോടി രൂപ വര്‍ഷന്തോറും നികുതിയിനത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കുന്നു. ഈ നികുതിനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. ഇങ്ങനെ ലഭിക്കുന്ന നികുതിയുടെ ഒരു ഓഹരിയെങ്കിലും ഉപഭോക്തൃസബ്സിഡിയാക്കി വിലകുറയ്ക്കാനും സര്‍ക്കാര്‍ സന്നദ്ധമല്ല.
എണ്ണവിലയ്ക്ക് അന്താരാഷ്ട്രവിപണിയില്‍ വര്‍ധനയില്ലാതിരുന്ന ഘട്ടത്തില്‍പ്പോലും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച ചരിത്രമാണ് യുപിഎ സര്‍ക്കാരിനുള്ളത്. പെട്രോള്‍വിലയില്‍ കഴിഞ്ഞ ആറുതവണ വര്‍ധന ഏര്‍പ്പെടുത്തിയപ്പോഴും അന്താരാഷ്ട്രവിപണിയില്‍ വില മാറ്റമില്ലാതെ നില്‍ക്കുകയോ കുറയുകയോ ആയിരുന്നു എന്നതും ഓര്‍ക്കണം. ബാരലിന് 140 മുതല്‍ 150 വരെ ഡോളര്‍ വിലയുണ്ടായിരുന്നത് 70 മുതല്‍ 75 വരെയായി അന്താരാഷ്ട്ര കമ്പോളത്തില്‍ കുറഞ്ഞ സന്ദര്‍ഭത്തില്‍ യുപിഎ സര്‍ക്കാര്‍ മൂന്നിരട്ടികണ്ട് വില വര്‍ധിപ്പിച്ചു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ട് സ്രോതസ്സാണ് സ്വകാര്യ എണ്ണക്കമ്പനികള്‍. ഒന്നാം യുപിഎ സര്‍ക്കാര്‍ ലോക്സഭയില്‍ അവിശ്വാസപ്രമേയം നേരിട്ട ഘട്ടത്തില്‍ എംപിമാരെ 50 കോടിവരെ കൊടുത്ത് കാലുമാറ്റിയെടുക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് ഒരു വന്‍കിട എണ്ണക്കമ്പനിയുടെ ഉടമസ്ഥനും അയാളുടെ ദല്ലാളായ ഒരു രാഷ്ട്രീയനേതാവുമായിരുന്നു എന്നത് പകല്‍വെളിച്ചംപോലെ വ്യക്തമായിരുന്നു. എണ്ണക്കമ്പനികളില്‍നിന്ന് വന്‍ തുകകള്‍ തെരഞ്ഞെടുപ്പുവേളയിലും മറ്റും പറ്റുകയും അതിന്റെ പല ഇരട്ടികള്‍ ജനങ്ങളെ പിഴിഞ്ഞ് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ വിലനിര്‍ണയാധികാരം അവരെത്തന്നെ ഏല്‍പ്പിക്കുകയും ചെയ്ത ഭരണമാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റേത്.
ജനദ്രോഹകരമാംവിധം പെട്രോള്‍വില 2.95 രൂപകണ്ട് ഉയര്‍ത്താന്‍ തീരുമാനിച്ചതിനു തലേന്നാണ് വന്‍കിട കമ്പനികളുടെ കോര്‍പറേറ്റ് നികുതിനിരക്കുകള്‍ ഗണ്യമായി കുറച്ചുകൊടുക്കാനുള്ള നിര്‍ദേശം യുപിഎ സര്‍ക്കാര്‍ രൂപപ്പെടുത്തിയതും. കോര്‍പറേറ്റ് ലോബി കുറെക്കാലമായി ഉന്നയിച്ചുപോന്ന ആവശ്യമായിരുന്നു ഇത്. കുറഞ്ഞ നിരക്കിലാണ് കോര്‍പറേറ്റ് നികുതിയെങ്കില്‍ എല്ലാ കോര്‍പറേറ്റ് സ്ഥാപനങ്ങളും കൃത്യമായി നികുതി അടച്ചുകൊള്ളുമെന്നതാണ് മന്‍മോഹന്‍സിങ്ങിന്റെ ന്യായവാദം. വന്‍കിട കോര്‍പറേറ്റുകളുടെ ഭാഗത്തുനിന്ന് ഖജനാവിലേക്ക് വരേണ്ട ആറരലക്ഷം കോടിരൂപ പാര്‍ലമെന്റില്‍ ഒരു പ്രഖ്യാപനത്തിലൂടെ എഴുതിത്തള്ളിയതും ഈ സര്‍ക്കാരാണ്. ആരുടെ താല്‍പ്പര്യമാണ് ഈ സര്‍ക്കാര്‍ നിര്‍വഹിച്ചുകൊടുക്കുന്നത് എന്നത് ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നുണ്ട്. ഇപ്പോള്‍, ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരംകൂടി കൈയൊഴിയാനുള്ള പുറപ്പാടിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. അപകടകരവും ജനവിരുദ്ധവുമായ മറ്റൊരു നീക്കമാണത്. ഇത്തരം നീക്കങ്ങളും നടപടികളും തിരുത്തിക്കാന്‍ ജനതാല്‍പ്പര്യത്തിനുള്ള രാഷ്ട്രീയശക്തികളുടെ സംയുക്തപോരാട്ടമാണ് ഉണ്ടാകേണ്ടത്. ജനങ്ങള്‍ ആവശ്യപ്പെടുന്നതും അതാണ്.
deshabhimani editorial 161210
പെട്രോള്‍വില കുത്തനെ വര്‍ധിപ്പിക്കുന്ന നടപടി ഇന്ത്യന്‍ ജനതയുടെ വിഷമകരമായ ജീവിതാവസ്ഥയ്ക്കു നേര്‍ക്കുള്ള ആക്രമണമാണ്. അഞ്ചുമാസത്തിനിടയില്‍ ആറാംതവണയുള്ള വര്‍ധനയാണ് ഇപ്പോള്‍ നടപ്പായിട്ടുള്ളത്. ഇത് പണപ്പെരുപ്പത്തിന്റെ തോത് വീണ്ടും വര്‍ധിപ്പിക്കുന്നതിനും ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നതിനും മാത്രമേ വഴിവയ്ക്കൂ.
ReplyDeleteരാജ്യ പുരോഗതിക്ക് ഇന്ധനവില കൂട്ടണമെന്ന് അലുവാലിയ
ReplyDeleteന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ധനവില വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. വര്‍ധിച്ച ഇന്ധനവിലയ്ക്കനുസരിച്ച് ജീവിക്കാന്‍ ജനം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് സംഘടിപ്പിച്ച യോഗത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പെട്രോളിയം വില വര്‍ധനയെ ന്യായീകരിച്ച് ആസൂത്രണ കമീഷന്‍ രംഗത്തെത്തിയത്. സാമ്പത്തിക രംഗത്തിന്റെ ത്വരിത വളര്‍ച്ചയ്ക്ക് അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഇന്ധനങ്ങളുടെ വില നിശ്ചയിക്കണമെന്ന് അലുവാലിയ പറഞ്ഞു. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക പുരോഗതി കൈവരിക്കാനാകില്ല. ഇന്ധന വിലവര്‍ധന സാമ്പത്തിക വളര്‍ച്ചയെ ഒരുതരത്തിലും ബാധിക്കില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിലനിയന്ത്രണം നീക്കുന്നതിനെ മാത്രമല്ല, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ ചുമത്തുന്ന അമിത നികുതിയെയും ന്യായീകരിച്ചു. വരുമാനമാണ് പ്രധാനമെന്നും ഇന്ധനങ്ങളുടെ നികുതി കുറച്ചാല്‍ മറ്റു തീരുവകള്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്നും അലുവാലിയ പറഞ്ഞു.