സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ സമാപനറാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറുന്നു
രോഹിത് വെമുല മഞ്ച് (കൊച്ചി) > സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ലിംഗവിവേചനത്തിനും എതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ഡിവൈഎഫ്ഐ 10-ാം അഖിലേന്ത്യാസമ്മേളനം ആഹ്വാനംചെയ്തു. സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും വര്‍ധിക്കുകയാണ്. ബലാത്സംഗവും സ്ത്രീധനമരണവും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ പീഡനവും വര്‍ധിക്കുന്നു. ബലാത്സംഗമാണ് രാജ്യത്ത് വേഗത്തില്‍ വ്യാപിക്കുന്ന കുറ്റകൃത്യമെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നു. 1971നും 2011നും ഇടയില്‍ രാജ്യത്ത് രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസുകള്‍ 873.3 ശതമാനം വര്‍ധിച്ചു.
വലിയതോതില്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടില്‍ രാജ്യത്ത് 1.2 കോടി പെണ്‍ ഭ്രൂണഹത്യ നടന്നെന്നാണ് കണക്ക്. പോഷകാഹാരക്കുറവും അനീമിയയും സ്ത്രീകള്‍ക്കിടയില്‍ സാധാരണമാണ്. ഗ്രാമീണമേഖലയിലെ തൊഴിലാളികളില്‍ 70 ശതമാനവും ദളിതും ആദിവാസികളുമാണ്. ഇവര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, ഒരേ ജോലി ചെയ്യുന്ന പുരുഷന്മാരെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നതും. 20 വര്‍ഷത്തിനിടയില്‍ സംഘടിതമേഖലയിലെ സ്ത്രീകളുടെ തൊഴില്‍ലഭ്യത എട്ടില്‍നിന്ന് രണ്ടു ശതമാനമായി കുറഞ്ഞു. 96 ശതമാനം സ്ത്രീകളും നിയമസുരക്ഷയില്ലാത്ത അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്.
നവ ഉദാരവല്‍ക്കരണത്തിന്റെ ഈ കാലത്ത് സ്തീപദവിയിലും ഇടിവുണ്ടായി. പ്രത്യേകിച്ച് ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍. മുതലാളിത്തത്തിന്റെ കണ്ണില്‍ സ്ത്രീ ലൈംഗിക ഉപകരണവും കുറഞ്ഞ വേതനക്കാരുമാണ്. ഫ്യൂഡല്‍ ശേഷിപ്പുകള്‍ക്കും മുതലാളിത്ത ആഗോളവല്‍ക്കരണത്തിനും എതിരെ ഉത്തരവാദിത്തത്തോടെ പോരാടുന്ന ശക്തികള്‍ക്കു മാത്രമെ ലിംഗസമത്വത്തിന്റെ വിഷയം ഉയര്‍ത്താനാകൂ. ലിംഗസമത്വത്തിലധിഷ്ഠിതമായ രാജ്യമാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള യുവജനമുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം ആഹ്വാനംചെയ്തു.
സ്ത്രീധനം സാമൂഹ്യവിപത്ത്
സ്ത്രീധനസമ്പ്രദായത്തെ ഉന്മൂലനംചെയ്യാന്‍ സമ്മേളനം ആഹ്വാനംചെയ്തു. ഇതിനായി ഡിവൈഎഫ്ഐ പ്രചാരണം ശക്തിപ്പെടുത്തും. 21-ാം നൂറ്റാണ്ടിലും സ്ത്രീധനം സ്വീകാര്യമായ സാമൂഹ്യാചാരമായി തുടരുന്നത് ലജ്ജാകരമാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. സ്ത്രീധനം നല്‍കാനില്ലാത്തതിന്റെ പേരില്‍ അവിവാഹിതരായി തുടരുന്ന യുവതികളുണ്ട്. സ്ത്രീധനത്തിന് പണം സ്വരൂപിക്കുന്നതിനുവേണ്ടി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമടക്കം പരിമിതപ്പെടുത്തുന്ന പ്രവണതയുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ മണിക്കൂറില്‍ ഒരു സ്ത്രീവീതം മരിക്കുന്നുവെന്നാണ് കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹവേദികളില്‍തന്നെ സ്ത്രീധനവസ്തുക്കളായി വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. സ്ത്രീധനത്തിനു പുറമെ, വിവാഹശേഷം പ്രസവച്ചെലവും വന്ധ്യതയുണ്ടെങ്കില്‍ അതിനുള്ള ചികിത്സാച്ചെലവും അടക്കം പെണ്‍കുട്ടികളുടെ വീട്ടുകാര്‍ വഹിക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നു. സ്ത്രീധന നിരോധ നിയമം പ്രാബല്യത്തിലുള്ളപ്പോഴും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടുന്നില്ല. സ്ത്രീധനമില്ലാതെ വിവാഹിതരാകുന്ന യുവതീയുവാക്കള്‍ പ്രതീക്ഷയാണെന്നും പ്രമേയം അഭിപ്രായപ്പെട്ടു.
Read more: http://www.deshabhimani.com/news/kerala/dyfi-all-india-conference-kochi/621884
No comments:
Post a Comment