Tuesday, February 7, 2017

ലോ അക്കാദമി : മന്ത്രിയെ പഴിചാരുന്നത് മറ്റൊന്നും പറയാനില്ലാതെ

തിരുവനന്തപുരം > ലോ അക്കാദമി ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ വാളോങ്ങുന്നത് മറ്റൊന്നും പറയാനില്ലാതായപ്പോള്‍. മന്ത്രി അല്‍പ്പംകൂടി മനസ്സ് വച്ചിരുന്നെങ്കില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സമരം തീരുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി യുഡിഎഫ് കണ്‍വന്‍ഷനില്‍ കുറ്റപ്പെടുത്തിയത്. മറ്റു ചില കേന്ദ്രങ്ങളും ഇതേ വാദവുമായി രംഗത്തു വന്നതും യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കാനാണ്.

വിദ്യാര്‍ഥി സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടായിട്ടും ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടും ചര്‍ച്ച അലങ്കോലപ്പെടുത്തിയത് ഒരുവിഭാഗം വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളാണ്. ഇത് മൂടിവച്ച് മന്ത്രിയെ കുറ്റപ്പെടുത്തി തടിതപ്പാനാണ് ശ്രമം. മന്ത്രി പരമാവധി ശ്രമിച്ചാണ് ധാരണയിലെത്തുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയത്. അപ്പോള്‍ പൊടുന്നനെ എല്ലാം അട്ടിമറിച്ചത് ഒരു വിദ്യാര്‍ഥി സംഘടനാ നേതാവിന്റെ ദുര്‍വാശിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതാണ്. എന്നിട്ടും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബിജെപിയും മന്ത്രിയെ പഴിചാരുന്നുവെന്ന് മാത്രം.

വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും വസ്തുതകളും പരിശോധിക്കുന്ന ഏതൊരാള്‍ക്കും മന്ത്രി യാഥാര്‍ഥ്യ ബോധത്തോടെയും ഗുണപരമായുമാണ് ഇടപെട്ടതെന്ന് വ്യക്തമാണ്. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ നീക്കിയിട്ടും അവര്‍ രാജിവയ്ക്കണമെന്നായിരുന്നു ചില സംഘടനകളുടെ ആവശ്യം. അതിനു കാരണമായി പറഞ്ഞത് ലക്ഷ്മി നായരെ നീക്കിയതിന് വിശ്വാസ്യതയില്ലെന്നാണ്. തിരുവനന്തപുരം എഡിഎം നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഞായറാഴ്ച തന്റെ ചേംബറില്‍ മാനേജ്മെന്റ്, വിദ്യാര്‍ഥി പ്രതിനിധികളുടെ ചര്‍ച്ച നടന്നത്. എഡിഎമ്മുമായി ചര്‍ച്ച നടത്തിയാല്‍ പോരെന്നും മന്ത്രി തന്നെ ചര്‍ച്ച നടത്തണമെന്നും ചില കേന്ദ്രങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്.

ലക്ഷ്മി നായരെ നീക്കിയതിന്റെ മിനിറ്റ്സ് കാണണമെന്നായിരുന്നു എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ ഒരുവിഭാഗം വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം. എസ്എഫ്ഐക്ക് മാത്രം എഴുതിക്കൊടുത്തതില്‍ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു ഇത്. മാനേജ്മെന്റ് മിനിറ്റ്സ് ഹാജരാക്കിയപ്പോഴാണ് എഡിഎമ്മുമായി ചര്‍ച്ചയ്ക്കില്ല, മന്ത്രിയുമായി ചര്‍ച്ച വേണമെന്ന ആവശ്യമുയര്‍ന്നത്. ഈ ചര്‍ച്ചയാണ് വിവാദമാക്കുന്നത്. മന്ത്രിതല ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ നീക്കിയ മിനിറ്റ്സ് സംഘടനാ പ്രതിനിധികളെ മാനേജ്മെന്റ് പ്രതിനിധികള്‍ കാണിച്ചു. അപ്പോഴാണ് പകരം പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയ വൈസ് പ്രിന്‍സിപ്പലിന് യോഗ്യത ഇല്ലെന്ന് വിമര്‍ശനമുന്നയിച്ചത്. അങ്ങനെയെങ്കില്‍ സര്‍വകലാശാല മാനദണ്ഡപ്രകാരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയെന്ന നിലയില്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. സര്‍വകലാശാലാ മാനദണ്ഡ പ്രകാരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും മാനേജ്മെന്റ് സമ്മതിച്ചു.

അവിടെ തീരേണ്ടതായിരുന്നു സമരം. തുടര്‍ന്ന് സംസാരിച്ച കെഎസ്യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. അപ്പോഴാണ് ഒരു വിദ്യാര്‍ഥി സംഘടനാ പ്രതിനിധി ചര്‍ച്ച വഴിതിരിച്ചുവിട്ടത്്. ഈ പ്രതിനിധി അപമര്യാദയായി പെരുമാറിയിട്ടും മന്ത്രി സംയമനം പാലിക്കുകയും സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി ഇടപെടുകയും ചെയ്തു. ഒരു സംഘടന മാത്രം വാശി തുടര്‍ന്നപ്പോള്‍ എസ്എഫ്ഐ ഒഴിച്ചുള്ള മറ്റു സംഘടനകളും അവരോടൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

രണ്ടു മണിക്കൂറിലധികമാണ് ചര്‍ച്ച നടത്തിയത്. എന്നിട്ടും ഈ സംഘടനകള്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് യോഗം അവസാനിപ്പിച്ചതായി മന്ത്രി അറിയിച്ചത്. ഉദ്യോഗസ്ഥരും മാനേജ്മെന്റ് പ്രതിനിധികളും പോയശേഷവും ചില വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ മന്ത്രിയുടെ ചേംബറില്‍ ഇരുന്ന് ബഹളമുണ്ടാക്കാനാണ് ശ്രമിച്ചത്. ഇതൊന്നും കാണാതെ ഗൂഢരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വളംവച്ചുകൊടുക്കുന്ന പ്രതികരണമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായത്.

ലക്ഷ്‌മി നായരുടെ ബിരുദ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തും; ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം സിന്‍ഡിക്കേറ്റ് തള്ളി

തിരുവനന്തപുരം > ലോ അക്കാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി‌ നായരുടെ ബിരുദ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേരളസര്‍വകലാശാല തീരുമാനം. ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദം സംബന്ധിച്ച് പ്രത്യേക പരീക്ഷാ സമിതി അന്വേഷിക്കുവാന്‍ തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഒരേ സമയം കേരള സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദവും ആന്ധ്രയിലെ സര്‍വകലാശാലയില്‍ നിന്ന് പിജി ബിരുദവും നേടി എന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് സിന്‍ഡിക്കറ്റ് ഉപസമിതി പ്രത്യേക അന്വേഷണം നടത്തുക.

ലോ അക്കാദമി  അഫിലിയേഷന്‍ റദ്ദാക്കണമെന്ന യുഡിഎഫ് അംഗങ്ങളുടെ പ്രമേയം സിന്‍ഡിക്കേറ്റ് വോട്ടിനിട്ട് തള്ളി. ആകെ എട്ട് അംഗങ്ങളാണ് അഫിലിയേഷന്‍ റദ്ദാക്കുന്നതിനെ അനുകൂലിച്ചത്. സിപിഐഎം നോമിനികളായ സിന്‍ഡിക്കറ്റ് അംഗങ്ങളും  സര്‍ക്കാര്‍ പ്രതിനിധികളും അഫിലിയേഷന്‍ റദ്ദാക്കണമെന്ന പ്രമേയത്തെ എതിര്‍ത്തു. സിപിഐ അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.

ഭാവി മരുമകള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയ സംഭവം സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.  മാര്‍ക്ക് ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെയാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ചുമതലപ്പെടുത്തിയത്. സിന്‍ഡിക്കറ്റ് യോഗം അവസാനിച്ചതിന് പിന്നാലെ കെഎസ് യു, എഐഎസ്എഫ് എംഎസ്എഫ്പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറി ബഹളം വെച്ചു.

ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും നീക്കിയെന്ന് കാണിച്ച് ലോ അക്കാദമി മാനേജ്മെന്റ് രേഖാമൂലം നല്‍കിയ കത്ത് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തിങ്കളാഴ്ച അംഗീകരിച്ചു. പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

ലോ അക്കാദമി സമരം : ഓരോ ദിവസം ഓരോ ആവശ്യം; പിന്നില്‍ ബാഹ്യശക്തികള്‍

എം രഘുനാഥ്

തിരുവനന്തപുരം > ലോ അക്കാദമി ലോ കോളേജിന് മുന്നിലെ സമരക്കാര്‍ ആവശ്യങ്ങള്‍ അടിക്കടി മാറ്റുന്നതിനുപിന്നില്‍ ബാഹ്യശക്തികളുടെ സമ്മര്‍ദം. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ പുതിയത് ഉയര്‍ത്തി വഴുതിമാറുന്നവരെ നിയന്ത്രിക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ ബാഹ്യശക്തികള്‍. ഞായറാഴ്ച വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച അലങ്കോലമാക്കിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെപേരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും ഇതേ ഗൂഢശക്തികളാണ്.

പാമ്പാടി നെഹ്റുകോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് ജനുവരി ഒമ്പതിന് കോളേജില്‍ എസ്എഫ്ഐ ക്യാമ്പയിന്‍ നടത്തിയിരുന്നു. 11ന് കെഎസ്യുവും എഐഎസ്എഫും പ്രകടനത്തിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. അതിനെതിരെയായിരുന്നു അവരുടെ സമരം. അപ്പോഴൊന്നും ഈ സംഘടനകള്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചില്ല. കോളേജ് ഭരിക്കാനറിയാത്ത പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക, അല്ലെങ്കില്‍ പുറത്താക്കുക എന്നതുള്‍പ്പെടെ 17 ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐ നിരാഹാരസമരം തുടങ്ങി. അതിനിടെ, സിന്‍ഡിക്കറ്റ് ഉപസമിതി തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കി.

തുടര്‍ന്ന് വിദ്യാര്‍ഥിസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായത്. പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്ന് മാറ്റുമെങ്കിലും ഫാക്കല്‍റ്റിയായി തുടരുമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ഇതംഗീകരിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് മാറ്റണമെന്ന് മറ്റ് സംഘടനകളും ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷത്തേക്ക് അധ്യാപികയായിപോലും വരില്ലെന്നതുള്‍പ്പെടെ എസ്എഫ്ഐ ഉന്നയിച്ച 17 ആവശ്യങ്ങളും അംഗീകരിച്ചതോടെ എസ്എഫ്ഐ സമരം പിന്‍വലിച്ചു. എന്നാല്‍ വഴുതിമാറിയ മറ്റ് സംഘടനകള്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നായി. മാനേജ്മെന്റ് നീക്കിയ പ്രിന്‍സിപ്പല്‍ രാജിവയ്ക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ എസ്എഫ്ഐക്ക് കൊടുത്ത ഉറപ്പില്‍ വിശ്വാസമില്ലെന്നും മിനിറ്റ്സ് കാണണമെന്നും ആവശ്യമുയര്‍ന്നു. മാനേജ്മെന്റ് മിനിറ്റ്്സ് ഹാജരാക്കിയപ്പോള്‍ ചര്‍ച്ച എഡിഎം നടത്തിയാല്‍ പോരാ, മന്ത്രിതന്നെ വേണമെന്നായി. നേരത്തെ മന്ത്രി നടത്തിയ ചര്‍ച്ച അലങ്കോലമാക്കിയ സംഘംതന്നെയാണ് വീണ്ടും മന്ത്രി ചര്‍ച്ചനടത്തണമെന്ന് ആവശ്യമുന്നയിച്ചത്.

ഞായറാഴ്ച മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ നീക്കിയുള്ള മിനിറ്റ്സ് മാനേജ്മെന്റ് കാണിച്ചപ്പോള്‍ പകരം ചുമതല കൊടുത്തയാള്‍ക്ക് യോഗ്യത ഇല്ലെന്നായി. അങ്ങനെയെങ്കില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന മന്ത്രിയുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. അപ്പോഴാണ് അതൊന്നും പോരാ രാജിതന്നെ വേണമെന്ന് ഒരു സംഘടനമാത്രം നിലപാടെടുത്തത്. ഈ സംഘടനയുടെ പ്രതിനിധി അപമര്യാദമായി പെരുമാറിയിട്ടും മന്ത്രി സംയമനം പാലിച്ചു. ചര്‍ച്ച അവസാനിപ്പിച്ചശേഷവും മന്ത്രിയുടെ ചേംബറില്‍ ബഹളംവച്ചു. തുടര്‍ന്നാണ് മന്ത്രി യോഗം ബഹിഷ്കരിച്ചെന്ന കഥ മെനഞ്ഞത്.
ലോ അക്കാദമി ഭൂമിവിഷയത്തിലും ബാഹ്യശക്തികള്‍ ഇതേ കള്ളക്കളി തുടരുന്നു.  നടരാജപിള്ളയുടെ കുടുംബം ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്. ഭൂമി തിരിച്ചുനല്‍കുന്നതിന്റെ നിയമതടസ്സമാണ് സൂചിപ്പിച്ചത്. ഒരു പിള്ളയുടെ ഭൂമി  എന്ന പരാമര്‍ശത്തിനും അടുത്ത ദിവസംതന്നെ വിശദീകരണം നല്‍കി. എന്നിട്ടുംകുത്തിത്തിരിപ്പ് തുടരുകയാണ്.

സര്‍ സി പിയുടെ കാലത്താണ് ഭൂമി കണ്ടുകെട്ടിയത്. സിപിഐ നേതാവ് എം എന്‍ ഗോവിന്ദന്‍നായര്‍ കൃഷിമന്ത്രിയായിരിക്കെ ഭൂമി ലോ അക്കാദമി ട്രസ്റ്റിന് പാട്ടത്തിന് നല്‍കി. പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പാട്ടക്കാലാവധി 30 വര്‍ഷമാക്കി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കമ്പോളവില കണക്കാക്കി ഭൂമി പതിച്ചുനല്‍കി പട്ടയഭൂമിയാക്കി. അത് തിരിച്ചുപിടിക്കുന്നതിലെ നിയമതടസ്സങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യമല്ല. വിദ്യാര്‍ഥികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായിട്ടും പുതിയ ആവശ്യങ്ങളും ഭൂമിപ്രശ്നവും ഉന്നയിച്ച് പുകമറ സൃഷ്ടിച്ച് തുടരുന്ന സമരത്തിലെ അജന്‍ഡ എല്‍ഡിഎഫ് സര്‍ക്കാരിനെ താറടിക്കല്‍മാത്രം.

No comments:

Post a Comment