കെഎസ്ആര്‍ടിസി ഇന്നത്തെ അവസ്ഥയിലെത്തിയതിന് നിരവധി കാരണങ്ങളുണ്ട്. മൂലധനവിഹിതത്തിന്റെ അഭാവത്തില്‍ കടമെടുത്ത് ബസുകള്‍ വാങ്ങിയതും ബസ്സ്റ്റേഷനുകള്‍ നിര്‍മിച്ചതും അതില്‍പ്പെടും. സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാസൌജന്യങ്ങളുടെ ബാധ്യതമുഴുവന്‍ സ്വയം പേറേണ്ടിവരുന്നതുമൂലമുണ്ടാകുന്ന കടഭാരവുമുണ്ട്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വരുമാനം കണക്കിലെടുക്കാതെ ഓടിക്കേണ്ടിവരുന്ന സര്‍വീസുകള്‍ മുഖേനയുണ്ടാകുന്ന നഷ്ടം ഇതിനു പുറമെയാണ്. 1984ല്‍ രാഷ്ട്രീയതീരുമാനമെന്ന നിലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ കൊടുക്കാനുള്ള ബാധ്യതയും കെഎസ്ആര്‍ടിസിയുടെ ചുമലില്‍. (പ്രതിമാസം 20 കോടി രൂപവീതം യുഡിഎഫ് സര്‍ക്കാരും 27.5 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാരും നല്‍കിവരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായാണ് ഈ സഹായം ലഭിക്കുന്നത്). ഇതിനെല്ലാമുപരി മാനേജ്മെന്റുതലത്തില്‍ തുടര്‍ന്നുവരുന്ന കെടുകാര്യസ്ഥത സ്ഥാപനത്തിന്റെ പതനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി കണക്കാക്കണം. നിയമപരമായി സ്വയംഭരണ സ്ഥാപനമാണെങ്കിലും സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിനും നിര്‍ദേശത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടിവരുന്ന കോര്‍പറേഷനെന്ന നിലയില്‍ സര്‍ക്കാരിന്റെ നയമാണ് കെഎസ്ആര്‍ടിസിയിലും പ്രതിഫലിക്കുക. ഭരണത്തെ അഴിമതിയുടെ മേച്ചില്‍പ്പുറങ്ങളാക്കാന്‍ കച്ചകെട്ടിയ സര്‍ക്കാരുകള്‍ കെഎസ്ആര്‍ടിസിയെയും അതിനായി ഉപയോഗിക്കുക സ്വാഭാവികം. യുഡിഎഫ് സര്‍ക്കാരുകള്‍ കെഎസ്ആര്‍ടിസിയെയും ഈ ദിശയില്‍ പരമാവധി പ്രയോജനപ്പെടുത്തി. ഇതും കോര്‍പറേഷന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് നിദാനമായ കാരണങ്ങളിലൊന്നാണ്.
കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ആത്മാര്‍ഥശ്രമം പലതവണയുണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരുകള്‍മാത്രമാണ് ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിച്ചത്. പക്ഷേ, ഭരണത്തുടര്‍ച്ചയില്ലായ്മ കാര്യങ്ങള്‍ വീണ്ടും അവതാളത്തിലാക്കി. ഈ അവസ്ഥയില്‍നിന്ന് സ്ഥാപനത്തെ കരകയറ്റി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനംചെയ്തിട്ടുണ്ട്. അതിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ മാനേജ്മെന്റ് വിദഗ്ധനായ സുശീല്‍ഖന്നയെ സര്‍ക്കാര്‍ നിയോഗിച്ചു. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ ഇക്കുറിയും കെഎസ്ആര്‍ടി എംപ്ളോയീസ് അസോസിയേഷന്‍ കെഎസ്ആര്‍ടിസിയെ കടത്തിന്റെ നിലയില്ലാകയത്തില്‍നിന്ന് രക്ഷിക്കാനും സ്വന്തംകാലില്‍നില്‍ക്കുന്ന സ്ഥാപനമാക്കി മാറ്റാനും സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്വന്തം നിലയിലും ആര്‍ഹനുമന്തറാവു എന്ന പ്രശസ്ത ട്രാന്‍സ്പോര്‍ട്ട് വിദഗ്ധനെ ഉപയോഗപ്പെടുത്തിയും തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
2011 മെയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ കടം ഏകദേശം 26 കോടിരൂപ. 2006ല്‍ എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന 78 കോടിരൂപയുടെ പ്രതിമാസകടമാണ് 26 കോടിയായി കുറച്ചത്. കേരളത്തിലെ പൊതുഗതാഗതരംഗത്ത് കേവലം 13 ശതമാനമായിരുന്ന കെഎസ്ആര്‍ടിസി പ്രാതിനിധ്യം 27 ശതമാനമായി ഉയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഈ പ്രാതിനിധ്യം പടിപടിയായി 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന് ആ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നതും സ്മരണീയമാണ്. 2011ല്‍ ഉണ്ടായിരുന്ന 27 ശതമാനം പ്രാതിനിധ്യം 20 ശതമാനത്തില്‍ താഴെയാക്കുകയാണ് പിന്നീട് വന്ന യുഡിഎഫ് ചെയ്തത്.
അഴിമതിയുടെ മേച്ചില്‍പ്പുറങ്ങള്‍
2011ല്‍ ഉണ്ടായിരുന്ന അഭിമാനകരമായ അവസ്ഥയില്‍നിന്ന് ഇപ്പോഴത്തെ പരിതാപകരമായ നിലയിലേക്ക് കെഎസ്ആര്‍ടിസിയെ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ്നേതൃത്വത്തിനാണ്. ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ സ്വര്‍ണനാണയങ്ങളുടെ കിലുകിലാരവമായിരുന്നുവെന്ന് ആര്‍ക്കാണറിയാത്തത്! ടഠഅഠ മുതല്‍ സുപ്രീംകോടതിവരെ നെടുനാള്‍ നീണ്ട നിയമയുദ്ധത്തിലൂടെ കെഎസ്ആര്‍ടിഇഎ (സിഐടിയു) നേടിയെടുത്ത ദേശസാല്‍കൃത റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്കുമാത്രം അവകാശപ്പെട്ടതാണെന്ന വിധിയാണ് ഒറ്റ ഉത്തരവിലൂടെ തിരുവഞ്ചൂര്‍ അട്ടിമറിച്ചത്. കോടതിവിധികളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി കെഎസ്ആര്‍ടിസിക്കുമാത്രമായി മാറ്റിവയ്ക്കപ്പെട്ട സൂപ്പര്‍ക്ളാസ് സര്‍വീസുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഉത്തരവിറക്കിയതും അസോസിയേഷന്‍ ഫയല്‍ചെയ്ത കേസില്‍ പ്രസ്തുത ഉത്തരവ് നിയമവിരുദ്ധമാണെന്ന ഹൈക്കോടതിവിധി മറികടക്കാന്‍ ആ റൂട്ടുകളില്‍ യഥേഷ്ടം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വീസുകള്‍ അനുവദിച്ചതും തിരുവഞ്ചൂരായിരുന്നു.
അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതാണെന്ന കോടതിവിധി അസോസിയേഷന്‍ കേസ് നടത്തി നേടിയെടുത്തതാണ്. അതിനെ ചോദ്യംചെയ്തുള്ള കേസില്‍ ഹാജരാകാതെ സ്വകാര്യമുതലാളിമാര്‍ക്ക് അനുകൂല വിധിയുണ്ടാക്കാന്‍ അരുനിന്നത് തിരുവഞ്ചൂര്‍ മുന്‍കൈ എടുത്ത് നിയമനം നല്‍കിയ കെഎസ്ആര്‍ടിസിയുടെ നിയമവിഭാഗം മേധാവിയാണ്. കെഎസ്ആര്‍ടിസിക്കു മാത്രമായി യാത്രക്കൂലി കുറച്ചതും, കെഎസ്ആര്‍ടിസി ബസുകളില്‍മാത്രം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൌജന്യം അനുവദിച്ചതും അതിന്റെ ബാധ്യത കോര്‍പറേഷന്‍തന്നെ വഹിക്കണമെന്ന് ആജ്ഞാപിച്ചതും അദ്ദേഹമായിരുന്നു.
ഭരണതല അഴിമതി
കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സ്ഥലംമാറ്റത്തിലും മറ്റ് ഡ്യൂട്ടികള്‍ (അദര്‍ഡ്യൂട്ടി) അനുവദിക്കുന്നതിലും ഉള്‍പ്പെടെ യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതികള്‍ അന്വേഷണവിധേയമാക്കേണ്ടതാണ്. 10,000 രൂപയും ഭരണകക്ഷി നേതാവുമുണ്ടെങ്കില്‍ എവിടേക്കും സ്ഥലംമാറ്റം എന്നതായി കെഎസ്ആര്‍ടിസിയിലെ നിയമം. ഏറാന്‍മൂളികളെ വിജിലന്‍സിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച് അച്ചടക്കനടപടികളും അഴിമതിക്കുള്ള അവസരമാക്കി മാറ്റി. ലീഗല്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ സമയത്ത് നിയമത്തില്‍ ബിരുദാനന്തരബിരുദമുണ്ടെന്ന് സത്യവാങ്മൂലം നല്‍കി ബോണസ് മാര്‍ക്ക് വാങ്ങി നിയമനം തരപ്പെടുത്തുകയും നാളിതുവരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുകയും ചെയ്തയാളിന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം വേണ്ട എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയില്‍ പ്രസ്തുത ബിരുദം ഇല്ലാതിരുന്നിട്ടും പോസ്റ്റിങ് നല്‍കാന്‍ നിര്‍ബന്ധം പിടിച്ചത് തിരുവഞ്ചൂരായിരുന്നല്ലോ.
മന്ത്രി കല്‍പ്പിക്കുന്നതെന്തും അണുവിട വ്യത്യാസമില്ലാതെ ആ ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയും അഴിമതിയുടെ കൂടാരമായി കെഎസ്ആര്‍ടിസിയെ മാറ്റുകയും ചെയ്തു. കെഎസ്ആര്‍ടിസിക്കുവേണ്ടി ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസ് നടത്തുന്നതും കെഎസ്ആര്‍ടിസിക്കെതിരെ കേസ് നടത്തുന്നതും ഇയാളാണെന്ന അപൂര്‍വ ബഹുമതിക്കും സ്ഥാപനം സാക്ഷ്യംവഹിച്ചു. മൊട്ടുസൂചികള്‍മുതല്‍ ബസുകള്‍വരെ വാങ്ങിയതിലുണ്ടായ അഴിമതി ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. ഒരന്വേഷണവും ഉണ്ടായില്ല. അഴിമതി നടത്തിയതില്‍ ചിലര്‍ ലാവണമൊഴിഞ്ഞു. മറ്റ് ചിലര്‍ പൂര്‍വാധികം ശക്തിമാന്മാരായി ഇപ്പോഴും കെഎസ്ആര്‍ടിസിയിലുണ്ട്.
ബസ് വാങ്ങിയാലും ഇല്ലെങ്കിലും കോഴ
യുഡിഎഫ് ഭരണത്തില്‍ സമയബന്ധിതമായി ബസുകള്‍ പുറത്തിറക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. അതിന്റെ ഫലമായി രണ്ടു ദോഷങ്ങളാണുണ്ടായത്. (1) വാഹനസഞ്ചയം നവീകരിക്കപ്പെട്ടില്ല. അത് കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചു. സര്‍വീസ് റദ്ദാക്കല്‍ വര്‍ധിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. (2) സ്ക്രാപ്പ് ചെയ്യപ്പെട്ട ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ ഫലമായും സര്‍വീസ് റദ്ദാക്കല്‍ വ്യാപകമായുണ്ടായി. ഇങ്ങനെ റദ്ദാക്കപ്പെടുന്ന റൂട്ടുകളില്‍ സ്വകാര്യബസുകള്‍ നിര്‍ബാധം ഓടി. അതിന് പ്രത്യേക പാരിതോഷികം മന്ത്രിമന്ദിരത്തിലും ഭരണകക്ഷി നേതാക്കളുടെ വീടുകളിലും എത്തി, വണ്ടി വാങ്ങാത്തതിനു ലഭിച്ച കോഴ!
പരിമിതമായി ബസുകള്‍ വാങ്ങിയപ്പോഴാകട്ടെ പര്‍ച്ചേസ് മാന്വലിലെ വ്യവസ്ഥ ലംഘിച്ചു. ഓണ്‍ലൈന്‍ ടെന്‍ഡര്‍ എന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. മാത്രമല്ല, കൂടുതല്‍ കാര്യക്ഷമത തെളിയിച്ച കമ്പനിയെ മനഃപൂര്‍വം ഒഴിവാക്കുകയും കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യത വരുത്തിയതുമൂലം കരിമ്പട്ടികയില്‍പ്പെടുത്താന്‍ ആലോചിച്ച ഒരു പ്രത്യേക കമ്പനിയില്‍നിന്ന് ബസ് വാങ്ങാന്‍ തീരുമാനിക്കുകയുംചെയ്തു. ഇതിലും വന്‍ അഴിമതിയുണ്ട്. അയ്യായിരത്തി എണ്ണൂറിലധികം ഷെഡ്യൂളുകളുള്ള ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി ഏതാനും ലക്ഷ്വറി ബസുകള്‍ വാങ്ങുന്നതിനെ ആരും കുറ്റംപറയുകയില്ല, എന്നുമാത്രമല്ല അത് ആവശ്യമാണുതാനും. എന്നാല്‍, 'ഇല്ലാത്ത റൂട്ടിനുവേണ്ടി വല്ലാത്ത വിലയുള്ള ബസുകള്‍ വാങ്ങുക' എന്ന പ്രതിഭാസം കെഎസ്ആര്‍ടിസിയിലല്ലാതെ മറ്റെങ്ങുമുണ്ടാകില്ല. കേരളത്തില്‍നിന്ന് മുംബൈ, ഗോവ, ഹൈദരാബാദ്, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓടിക്കാനായി 20 കോടി രൂപ കൊടുത്ത് 10 സ്കാനിയ ബസ് വാങ്ങിയത് ഈ റൂട്ടുകളിലേക്കുള്ള പെര്‍മിറ്റുകളെക്കുറിച്ച് ആലോചിക്കുന്നതിനുമുമ്പാണ്. കേരളത്തിന് തമിഴ്നാടും കര്‍ണാടകവുമായി മാത്രമേ ബസുകളോടിക്കുന്ന റൂട്ടുകള്‍ സംബന്ധിച്ച അന്തര്‍സംസ്ഥാന കരാറുള്ളൂ.
ആന്ധ്ര, തെലുങ്കാന, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി കരാറുണ്ടാക്കാതെ അവിടേക്ക് ബസുകള്‍ ഓടിക്കാന്‍ കഴിയുകയില്ലെന്നതൊന്നും മന്ത്രിയെയും കെഎസ്ആര്‍ടിസി മാനേജ്മെന്റിനെയും തെല്ലും അലോസരപ്പെടുത്തിയില്ല. സ്വന്തക്കാരനെത്തന്നെ ഇടനിലക്കാരനാക്കി ബസുകള്‍ വാങ്ങി. കമീഷന്‍ കൃത്യമായി കീശയിലെത്തി. ബസ് വാങ്ങിക്കഴിഞ്ഞാണ് ഓടിക്കാന്‍ റൂട്ട് പെര്‍മിറ്റ് വേണമെന്നറിയുന്നത്. അന്തര്‍സംസ്ഥാന കരാറുകളുണ്ടാക്കാന്‍ കടമ്പകളേറെയുണ്ടെന്നും അന്യസംസ്ഥാനങ്ങളില്‍ ബസോടിക്കുന്ന അതേ ദൂരം തിരിച്ച് കേരളത്തിലേക്കും ബസോടിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനത്തിന് അനുമതി നല്‍കണമെന്നും കമീഷന്‍ കൈപ്പറ്റുന്ന തത്രപ്പാടിനിടയില്‍ അധികാരികള്‍ ഓര്‍ത്തില്ല. ഫലമോ ബസുകള്‍ മാസങ്ങളോളം വര്‍ക്ഷോപ്പുകളില്‍ വിശ്രമിച്ചു. 15 ശതമാനം പലിശക്ക് കടംവാങ്ങിയ പണമുപയോഗിച്ച് വാങ്ങിയ ബസുകളാണ് തിരുവനന്തപുരം നഗരത്തില്‍ ഇങ്ങനെ കടല്‍ക്കാറ്റേറ്റ് നശിക്കാന്‍ അനുവദിച്ചത്. ഒടുവില്‍ അസോസിയേഷന്‍ പ്രക്ഷോഭവുമായെത്തിയപ്പോഴാണ് നിലവില്‍ കരാറുള്ള കര്‍ണാടകത്തിലേക്കും കേരളത്തിലെ ഇതര സ്ഥലങ്ങളിലേക്കും ഈ ബസുകള്‍ ഓടിച്ചത്.
(അവസാനിക്കുന്നില്ല)
കെ കെ ദിവാകരന്‍
Tuesday Feb 7, 2017
(http://www.deshabhimani.com/articles/ksrtc/621932)
No comments:
Post a Comment