Monday, February 1, 2021

സ്വകാര്യവത്കരണവും ഓഹരി വില്‍പനവും; കേന്ദ്രബജറ്റ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്‌തമല്ല-സിപിഐ എം

തിരുവനന്തപുരം > കോവിഡ് കാലത്ത്  രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല കേന്ദ്ര ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ ആസ്തി വില്‍പനയും(ഓഹരി വില്‍പന) സ്വകാര്യവല്‍ക്കരണവും മുന്നോട്ടുള്ള വഴിയായി കാണുന്നതാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പന വഴി നടപ്പുവര്‍ഷം 1,75,000 കോടി രൂപ ഖജനാവിലേക്ക് കണ്ടെത്താനാണ് ശ്രമിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും അടക്കം  അടുത്തവര്‍ഷം സ്വകാര്യവല്‍ക്കരിക്കും.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകളില്‍ കോര്‍പറേറ്റുകള്‍ക്ക് വമ്പന്‍ ഇളവുകള്‍ നല്‍കി. ഇതു തുടരുമെന്നാണ് ബജറ്റില്‍ പറയുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് വരുമാനം എത്തിക്കാനും ആശ്വാസം നല്‍കാനും പദ്ധതികള്‍ ഒന്നുമില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ജനങ്ങളെ വീണ്ടും പിഴിയുകയാണ്. അതിസമ്പന്നരുടെ വരുമാനത്തിനും ലാഭത്തിനും  അധിക നികുതി ചുമത്തി പ്രതിസന്ധി മറികടക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല.

പൊതുമേഖല ബാങ്കുകളും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാന്‍ നിര്‍ബന്ധിക്കുന്നു. വൈദ്യുതി, ഗതാഗത മേഖലകളുടെ സ്വകാര്യവല്‍ക്കരണം കേരളത്തിനു ഇരുട്ടടിയാകും. വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ഏതാനും അടിസ്ഥാന സൗകര്യ മേഖല പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നു. ദേശീയപാത വികസനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനാണ് നിര്‍ദേശം ദേശീയ തൊഴിലുറപ്പ് പദ്ധതിയെ സംബന്ധിച്ച് യാതൊരു പരാമര്‍ശവും ബജറ്റിലില്ല.   

രാജ്യത്തിന്റെ വികസനത്തേക്കാള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണാമായും ബജറ്റിനെ തരം താഴ്ത്തി. നിലവിലുള്ള പദ്ധതികള്‍ക്ക് കേന്ദ്രം സ്വാഭാവികമായും നല്‍കേണ്ട തുക വകയിരുത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ദേശീയപാതാ വികസനത്തിന്റെയും മെട്രോറെയിലിന്റെയും സ്ഥിതി ഇതാണ്. വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ലെങ്കിലും കൊച്ചിയില്‍ വാണിജ്യ തുറമുഖമായി വികസിപ്പിക്കുമെന്നത് മാത്രമാണ് പുതിയ പദ്ധതിയെന്ന് പേരിനെങ്കിലും പറയാവുന്നത്. കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന അതിവേഗ റെയില്‍പാതയെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ തന്നെ ശബരി റെയില്‍വെ പദ്ധതി, നഞ്ചന്‍കോട് റെയില്‍വെ പദ്ധതി, റബ്ബറിന്റെ താങ്ങുവില 200 രൂപ ഉയര്‍ത്താനുള്ള സഹായം, കേരളത്തില്‍ ഒരു എയിംസ് എന്നിവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.

കാര്‍ഷികമേഖല, തോട്ടംമേഖല എന്നിവ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റില്‍ ശ്രമിക്കുന്നില്ല. പ്രഖ്യാപനതട്ടിപ്പുകള്‍ മാത്രമാണ് നടത്തുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment