Wednesday, May 12, 2021

നിയമമായ വാക്കുകൾ; ജീവിതത്തിലെ അനുസ്‌മരണീയ ദിനം

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ്  തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു. 1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ്  ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി.  ആദ്യ മന്ത്രിസഭയിൽ അംഗമായ  ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: ''57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു  ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല.

സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും  പാർടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം  രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്‌. 11ന്  ഓർഡിനൻസ്‌.  കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും  ഏൽപിച്ച പ്രഹരമായിരുന്നു  ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം''. 1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയിൽ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാർടി പ്രവർത്തകരിൽ മുൻനിരയിലുണ്ടായ അവർ 1994ൽ സിപിഐഎമ്മിൽനിന്ന് പുറത്തായി. തുടർന്ന്‌ ജെ എസ് എസ് രൂപീകരിച്ച യുഡിഎഫിൽ  ചേർന്നു.  അവസാനം യുഡിഎഫുമായി സ്വരചേർച്ചയില്ലാതായി. ആ മുന്നണി വിട്ടു.

പ്രണയം കലഹം വേർപിരിയൽ; ടി വി തോമസും ഗൗരിയമ്മയും

ടി വി തോമസും ഗൗരിയമ്മയും ‐ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടി ചരിത്രത്തി ൽ സ്ഥാനംപിടിച്ച ദമ്പതികൾ. പ്രശസ്തരും പ്രഗൽഭരുമായ അവർ തലമുറകളിൽ ഇരിപ്പിടംനേടി. ആരെയും കൂസാത്ത, തലകുനിക്കാത്ത ഇഛാശക്തിയുള്ള വ്യക്തിത്വങ്ങളായിരുന്നു ഇ രുവരും. ഒന്നിച്ച് പ്രവർത്തിക്കുന്നതിനിടയിൽ  പ്രണയബദ്ധരായി. തുടർന്ന് വിവാഹം. കുറച്ചുകാലത്തിനുശേഷം വേർപിരിയൽ. പ്രണയവും കൂടിച്ചേരലും ഏറെ ചർച്ചചെയ്യപ്പെട്ടു. ഗൗരിയമ്മ മഹാരാജാസിൽ ഇന്റർമീഡിയറ്റിന് (1936‐38) പഠിക്കുമ്പോഴാണ് ടി വിയെ ആദ്യം കാണുന്നത്. മൂന്നു വർഷം മുമ്പ് അദ്ദേഹം അവിടെ ഇന്റർമീഡിയറ്റിനുണ്ടായിരുന്നു.മികച്ച ഫുട്ബോളറായും അറിയപ്പെട്ടു.

പഠിപ്പുകഴിഞ്ഞ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായ കാലം. ടി വിയുടെ സഹോദരി ത്രേസ്യാമ്മ ഗൗരിയുടെ സഹപാഠി. കോളേജിലെത്തിയ ടി വിയെ അവൾ ഗൗരിയ്ക്ക് പരിചയപ്പെടുത്തി. ത്രേസ്യാമ്മയുടെ സഹോദരൻ എന്നതിൽ കവിഞ്ഞൊന്നും തോന്നിയില്ല. പക്ഷേ അന്നത്തെ വസ്ത്രധാരണം; തവിട്ടുനിറത്തിൽ ലൈനുള്ള ഖദർ ജൂബ്ബ ‐ ഓർമിക്കുന്ന ടി വി യുടെ ആദ്യചിത്രം. ഗൗരി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ആദ്യം ട്രേഡ്യൂണിയൻ. താമസിയാതെ കമ്യൂണിസ്റ്റ് പാ ർടി അംഗം (1948).  തിരു‐കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ ചേർത്തല ദ്വയാംഗ മണ്ഡലത്തിൽനിന്ന് മത്സരിച്ചു തോറ്റു. പിന്നീട് ടി വി മൽസരിച്ചപ്പോൾ ഗൗരിയായിരുന്നു തെരഞ്ഞെടുപ്പ് ഏജന്റ്. തുടർന്ന് 1951ലും 54ലും ഇരുവരും  ജയിച്ചു. സഭയ്ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ  അടുത്തു. താമസിയാതെ വിവാഹ നിശ്ചയം (1955). വിവാഹം പല കാരണങ്ങളാൽ നീണ്ടു. ഒടുവിൽ പാർടി മുൻകൈയെടുത്ത് തീയതി കണ്ടു‐ 1956 മെയ് 24. തിരക്കുകൾക്കിടെ ടി വിയുടെ സൗകര്യാർഥം മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഒടുവിൽ പാളയംകോട്ട് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് നിയമപ്രകാരം വിവാഹ തയ്യാറെടുപ്പ്‌. ടി വിക്കും ഗൗരിയമ്മക്കും പുറമെ സാക്ഷികളായ ബി എസ് കൃഷ്ണൻ, ടി കെ വർഗീസ് വൈദ്യൻ, പരമേശ്വരൻപിള്ള എന്നിവരും. ഒരുമാസം മുമ്പ് നോട്ടീസ് കൊടുത്തേ രജിസ്റ്റർ പറ്റൂവെന്ന തടസ്സം. നോട്ടീസ് കൊടുത്തു വിവാഹം നടത്താതെ  മടങ്ങി.1957 ഏപ്രിലിൽ ഇരുവരും ഇ എം എസ് മന്ത്രിസഭയിൽ. അപ്പോഴായിരുന്നു വിവാഹം. ഇണക്കവും പിണക്കവുമായി 1967വരെ ദാമ്പത്യം തുടർന്നു.

1964ൽ പാർടി പിളർന്നപ്പോൾ രണ്ടു തട്ടിലായി‐ടി വി സിപിഐയിലും ഗൗരിയമ്മ സിപിഐഎമ്മിലും. 1967 ലെ ഇ എം എസ് മന്ത്രിസഭയിൽ രണ്ട് പേരും മന്ത്രിമാരായി. തൊട്ടടുത്ത മന്ദിരങ്ങളിലായിരുന്നു താമസം. ഗൗരിയമ്മ ‘സാനഡു’വിലും ടി വി ‘റോസ്ഹൗസി’ലും. ടി വി 1977ൽ മരിച്ചു. അന്ത്യസമയത്ത് ഗൗരിയമ്മ അടുത്തുണ്ടായി. അകൽച്ചയ്ക്ക് കാരണം? അവർ പറഞ്ഞു: ‘‘അഭിപ്രായം വെവ്വേറെയായിപ്പോയി.ഞങ്ങളുടെയും പാർടിയുടെയും കുറ്റംകൊണ്ടല്ല. ഒന്നുപറയാം അദ്ദേഹം മരിക്കുമ്പോഴും എന്റെ ഭർത്താവാണ്. ഞങ്ങൾ വേറെ കല്യാണം കഴിച്ചില്ല.’’ പിന്നീടും ഗൗരിയമ്മ ഒറ്റക്ക് കഴിഞ്ഞു.

മഹാരാജാസിൽ ചങ്ങമ്പുഴയുടെ സഹപാഠി

ഗൗരിയുടെ  മഹാരാജാസ്  പഠനകാലത്ത് ചങ്ങമ്പുഴക്കവിത പഠിക്കാനുണ്ടായി. രമണൻ ഉയർത്തിയ പ്രണയകൊടുങ്കാറ്റിൽ  തീപടർന്ന കാലം. അപ്പോഴും ഭാഷാക്ലാസിൽ പിറകിലിരുന്ന മെലിഞ്ഞുനീണ്ട യുവാവ് ചങ്ങമ്പുഴയാണെന്ന് അറിഞ്ഞില്ല. ക്ലാസിലെ അവസാന നാളുകളിലാണ് തിരിച്ചറിഞ്ഞത്. അതും അധ്യാപകൻ കുറ്റിപ്പുഴ കൃഷ്ണപിള്ള  പറഞ്ഞപ്പോൾ. അദ്ദേഹം കവിയെ പരിചയപ്പെടുത്തവേ ഏവരും അത്ഭുതപ്പെട്ടു. നീണ്ടനാൾ ഒരുമിച്ച് പഠിച്ചിട്ടും ചങ്ങമ്പുഴയുമായി സൗഹൃദത്തിന് ഗൗരി ശ്രമിച്ചില്ലെങ്കിലും പരിചയപ്പെട്ടശേഷം പലപ്പോഴായി സംസാരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ പി കൃഷ്ണപിള്ളയെപ്പോലെ എഴുത്തുവഴിയിൽ ആത്മധൈര്യവുമായി ഒരാളുണ്ടായിരുന്നെങ്കിൽ ആ ജീവിതം പിന്നെയും മാറിയേനെ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തിയ ഗൗരിക്ക് ചെറുപ്പത്തിൽ കവിയാകാനായിരുന്നു ആഗ്രഹം.

മനസിലുള്ളത്‌  കടലാസിൽ പകർത്തിയെങ്കിലും പ്രസിദ്ധീകരിക്കാൻ ധൈര്യംവന്നില്ല. കുമാരനാശാന്റെയും മറ്റും കവിത ഹൃദിസ്ഥമാക്കി അദ്ദേഹത്തിന്റെ ആരാധികയായി.  അതാണ് കവയത്രിയെന്ന മോഹത്തിന് വഴിവെച്ചത്. എഴുതിയവ പ്രസിദ്ധീകരണങ്ങൾക്ക് അയക്കാനും മറ്റൊരാളെ കാണിക്കാനുമുള്ള ധൈര്യം ഇല്ലാതിരുന്നതാണ് എഴുത്തുവഴിയിൽ മുരടിക്കാൻ ഇടയാക്കിയത്. കവയത്രിയാകാനുള്ള ആഗ്രഹത്തെക്കുറിച്ചും ധൈര്യമില്ലാത്തതിനാൽ എഴുത്ത് നിലച്ചതും ആത്മകഥയിലുണ്ട്. കൈയെത്തും ദൂരെഅർഹമായ അംഗീകാരങ്ങൾ ഗൗരിയെ തൊടാതെപോയി. ജനങ്ങളുടെ അംഗീകാരം വാരിക്കൂട്ടിയ അവർക്ക് വിദ്യാർഥി ജീവിതത്തിലെ സുവർണനേട്ടവും കൈമോശം വന്നു.

കോളേജ് പഠന കാലത്ത് സബ്ജക്ടിനുള്ള  സർവകലാശാലാ സ്വർണ മെഡലിന്  അർഹയായി. രണ്ടാം ലോക യുദ്ധമായതിനാൽ അധികൃതർ അത് നൽകിയില്ല; പകരം സർട്ടിഫിക്കറ്റ്. മെഡലിന്റെ പണം യുദ്ധ ഫണ്ടിലേക്കും.

ടി വി തോമസുമായുള്ള പ്രണയവും വിവാഹവും പിരിയലും ചരിത്രം. എന്നാൽ ഗൗരിയിൽ പൂവിടാതെപോയ മോഹങ്ങളിൽ പ്രണയവുമുണ്ട്‌. നായകരാവാൻ വന്നവരെ വകഞ്ഞുമാറ്റി പ്രണയത്തെ പരാജയപ്പെടുത്തിയ അവർ പക്ഷേ ടി വിയുടെ മുന്നിൽ ഒഴിവാകാൻ ശ്രമിച്ചില്ല. ആ ആദർശ ശുദ്ധിയും ധൈര്യവും പ്രസ്ഥാനത്തോടുള്ള ആത്മാർഥതയുമായിരുന്നു കാരണം.  പ്രണയ കഥകളിലെ നായകരുടെ പേരുകൾ ആത്മകഥയിലും വെളിപ്പെടുത്തിയില്ല.

പത്തിൽ പഠിക്കവേ  അവധിക്കാലത്ത് കാണാൻ വന്ന കോളേജ് കുമാരനായിരുന്നു ഒരാൾ. പ്രേമലേഖനവും ദന്ത നിർമിത ബ്രൂച്ചും നൽകി പ്രണയം അറിയിച്ചു. കത്തിന് മറുപടി ആവശ്യപ്പെട്ടു. അവനോട് സഹതാപത്തിനപ്പുറം ഒന്നുമുണ്ടായില്ല.  പ്രണയമില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളായി പിരിഞ്ഞു. കോളേജ് കാലത്ത് മറ്റൊരു കളിക്കൂട്ടുകാരനോട് അടുപ്പം തോന്നിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞ് ഇരുവരും ഒഴിഞ്ഞു. എങ്കിലും  കത്തുകളെഴുതി. ബിഎ പാസായ വിവരത്തോടൊപ്പം പ്രണയത്തെക്കുറിച്ചും അച്ഛനറിഞ്ഞത്പ്രശ്നമായി. അത് മകളെ വേദനിപ്പിച്ചു. അതിനിടെ മദ്രാസ് ക്യൂൻ മേരീസ് കോളേജിൽ അപേക്ഷ അയച്ചതറിഞ്ഞ അച്ഛൻ  വിയോജിച്ചു. അവിടേക്ക് വിടില്ലെന്നും വക്കീലാക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.   ബന്ധം തുടരില്ലെന്ന് വാക്കുനൽകി. വർഷങ്ങൾക്കുശേഷമാണ് ടി വിയുമായുള്ള അടുപ്പവും വിവാഹവും.  പുന്നപ്ര വയലാറിന് മുന്നേ ഇരുവരും പ്രണയിച്ചിരുന്നുവെന്നത് അപഖ്യാതിയായിരുന്നെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടിൽ വന്ന ഗുരുവും കുമാരനാശാനും

കെ ആർ ഗൗരിയുടേത്‌ സമ്പന്ന കുടുംബമായിരുന്നു. പട്ടിണി അറിഞ്ഞില്ലെന്നു മാത്രമല്ല, കഴിയുന്നത്ര മറ്റുള്ളവരുടെ വിശപ്പുമാറ്റി. അപ്പൂപ്പൻ വാങ്ങിയ പുരയിടത്തിനു പുറമെ ദേവസ്വക്കാരുടെ നിലവും പാടവും പാട്ടത്തിനെടുത്ത്‌ കൃഷിചെയ്തും പഴങ്ങാട്ടുചാൽ മത്സ്യപ്പാട്ടത്തിനു പിടിച്ചും വെള്ളക്കെട്ട് ലേലത്തിലെടുത്ത്‌ കൃഷിനിലമാക്കിയും നെൽകൃഷിയും ചിട്ടിയും നടത്തി അച്ഛൻ പ്രമാണിയെപ്പോലെ കഴിഞ്ഞു. ശ്രീനാരായണഗുരുവും കുമാരനാശാനും വീട്ടിലെത്തിയത്‌ സാമൂഹ്യപരിഷ്‌ക്കരണ പ്രവർത്തനങ്ങളോട്‌ ആമുഖ്യം വളർത്തി. ഗൗരിയിൽ രാഷ്ട്രീയം മുളപ്പിച്ചത് മൂത്ത സഹോദരൻ കെ ആർ സുകുമാരൻ. ചേർത്തല കയർ ഫാക്ടറി തൊഴിലാളി നേതാവ് സി ജി സദാശിവനുമായുള്ള ബന്ധമാണ് സുകുമാരനെ പാർടിയുമായി അടുപ്പിച്ചത്. പല തൊഴിലാളി സംഘടനകളുടെയും ഭാരവാഹിയായി. കർഷകത്തൊഴിലാളി പ്രവർത്തനത്തിലാണ് ശ്രദ്ധിച്ചത്. അച്ഛന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ക്രമേണ എതിർപ്പ് കുറഞ്ഞു.

സ്ഫോടനാത്മക സ്ഥിതിയായിരുന്നു അന്ന്. 'ദിവാൻ ഭരണം അവസാനിപ്പിക്കും', 'അമേരിക്കൻ മോഡൽ അറബിക്കടലിൽ', 'പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്' എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. തൊഴിലാളികൾക്കും കൃഷിക്കാർക്കും പാർടിക്കും എതിരായി ഗൂഢാലോചന ശക്തമായി. ജന്മി‐ ഗുണ്ടാആക്രമണവും. കുടികിടപ്പുകാരെ മർദിക്കുക, കുടിൽ പൊളിക്കുക, സ്ത്രീകളെ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള ഗുണ്ടായിസത്തിന്‌ പൊലീസ് പിന്തുണ. ജന്മിമാരാണ് സ്റ്റേഷനുകൾ ഭരിച്ചത്. ഭയചകിതരായ തൊഴിലാളികൾക്കിടയിലേക്ക് കർഷകത്തൊഴിലാളി യൂണിയൻ ചെന്നു. ഫാക്ടറി തൊഴിലാളികളുടെ ജീവിതത്തിലുണ്ടായ മാറ്റം കർഷകത്തൊഴിലാളികളെയും സംഘടിക്കാൻ പ്രേരിപ്പിച്ചു. കൂലിചോദിക്കാനും അനീതി ചെറുക്കാനും 'അടിയൻ' വിളി  അവസാനിപ്പിക്കാനും അവർ മുന്നിട്ടിറങ്ങി.

പുന്നപ്ര വയലാർ സമരത്തിന്റെ പശ്ചാത്തലം അതാണ്‌. മുഹമ്മയിലും കഞ്ഞിക്കുഴിയിലും കലവൂരിന് പടിഞ്ഞാറ് കാട്ടൂരും 1122 തുലാം 26 ന് വെടിവയ്പ്പ്. തുടർന്ന് പട്ടാളഭരണം. സർ സി പി പട്ടാളമേധാവിയായി ചുമതലയെടുത്തു.നിരോധന കാലത്താണ് ഗൗരി പ്രകടമായി പാർടിയോട് അടുത്തത്. അതിനുമുമ്പ് സഹോദരനോടൊപ്പം വീട്ടിലെത്തുന്ന സഖാക്കൾക്ക് ഭക്ഷണം നൽകിയും സാമ്പത്തികമായി സഹായിച്ചും തുടർന്ന ബന്ധം മാത്രം. പുന്നപ്ര‐വയലാർ സമരത്തെ തുടർന്ന് സഹോദരൻ വീട്ടിൽ വരാതായി. ചെലവു കാശിനായി  പ്രവർത്തകർ എത്തി. കൈവശമുണ്ടായ ആഭരണം പണയപ്പെടുത്തിയും പണം നൽകി. ഒരു ദിവസം രഹസ്യമായി വിതരണം ചെയ്യണമെന്ന് പറഞ്ഞ് കുറേ പ്രസ്താവന  അവർ ഗൗരിയെ ഏൽപ്പിച്ചു. ഒന്നെടുത്ത്‌ ബാക്കി കിടക്ക കവറിനകത്താക്കി, പുതപ്പ്  വിരിച്ചു.   പ്രവർത്തകർ എന്തുചെയ്യണമെന്ന നിർദേശമാണ് പ്രസ്താവനയിൽ. പാർടി നിയമവിരുദ്ധം. രാജഭക്ത സംഘം സജീ*വം. സിഐഡികളും രംഗത്ത്. പ്രസ്താവന വിതരണം ചെയ്തത് ബസ്സ്റ്റാൻഡിലെ യാചക കുട്ടികൾ. ദിവാകരൻ എന്ന കുട്ടി ചുമതല ഏറ്റെടുത്തു. കൂലി രണ്ടു രൂപ. രാത്രിയിൽ കടകളുടെ ഉള്ളിലും വീടുകളുടെ കോമ്പൗണ്ടിലും നോട്ടീസ് ഇടും. ആ കുട്ടികളും പാർടിയുടെ ഭാഗമായി.

കൃഷ്ണപിള്ളയും സി ജി സദാശിവനും സി കെ വിശ്വനാഥനുമെല്ലാം വീട്ടിൽ ഒളിവിൽ താമസിക്കാനെത്തും. കൃഷ്ണപിള്ളയാണ് ഗൗരിയെ പാർടി അംഗമാക്കിയത്.1948ലെ കോൺഗ്രസിൽ ചർച്ചചെയ്യാൻ തയ്യാറാക്കിയ  കരട്പരിപാടി അദ്ദേഹം നൽകി.  കൃഷ്ണപിള്ളയുടെ ഒപ്പം ഭാര്യ തങ്കമ്മയും. അവർ നല്ല പ്രാസംഗിക. അവരുമായുള്ള അടുപ്പം ഗൗരിയെ സജീവ രാഷ്ട്രീയക്കാരിയാക്കി. ചേർത്തലയിൽ മത്സരിക്കണമെന്ന് കൃഷ്ണപിള്ള അറിയിച്ചപ്പോൾ  നടുങ്ങിയെങ്കിലും നിഷേധിക്കാനായില്ല. പിന്നോട്ടില്ലെന്ന തീരുമാനം കൈക്കൊള്ളാൻ അനുഭവം കരുത്തുനൽകി. കേരളമറിയുന്ന കെ ആർ ഗൗരിയമ്മയുടെ ജനനം അവിടെ.

ഡോ. പി എസ് ശ്രീകല

No comments:

Post a Comment