Tuesday, May 11, 2021

കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ച- മന്ത്രി എ കെ ബാലന്‍ എഴുതുന്നു

അക്ഷരാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ചയാണ് കെ ആര്‍ ഗൗരിഅമ്മ. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി  ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്നത്. 'കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും, പറ്റൂലാ ഇനി പറ്റൂലാ കുടിയിറക്ക് ഇനി പറ്റൂലാ, കിട്ടൂലാ ഇനി കിട്ടൂലാ പാട്ടവും വാരവും കിട്ടൂലാ'. ഇത് കുട്ടികളുടെ മനസ്സിനെയടക്കം സ്വാധീനിച്ച മുദ്രാവാക്യമാണ്. അതിന്റെ ഉടമയായ ഗൗരിഅമ്മയെ കാണുകയെന്നത് ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. അവര്‍ മന്ത്രിയായ ഘട്ടത്തില്‍ പ്രതിപക്ഷത്തിരിക്കാനുള്ള അവസരം കിട്ടി. ഞാന്‍ പാലക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍,  സിബിഐയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ഹരിയേട്ടനൊപ്പം ഗൗരിഅമ്മയെ പോയി കണ്ട് ഒരു നിവേദനം നല്‍കി. എ പി പിമാര്‍ക്ക് അന്ന് പ്രൊമോഷനില്ല. എ പി പി യായി കയറിയാല്‍ എ പി പി യായി പിരിയാം.  അവര്‍ക്ക് ഒരു പ്രൊമോഷന്‍ വേണമെന്ന് പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ന തസ്തിക അങ്ങനെ ഉണ്ടാക്കിയതാണ്. രണ്ട് മാസം കൊണ്ട് ഉത്തരവായി.  ആദ്യം ഒന്ന് പൊട്ടിത്തെറിക്കും. പിന്നെ തണുക്കും.

ഗൗരിയമ്മ എ കെ ബാലന്റെ വിവാഹച്ചടങ്ങില്‍

ഗൗരിഅമ്മയുടെ കഴിഞ്ഞ ജന്മദിനത്തിന് ഞാനും ഭാര്യയും പോയി കണ്ടിരുന്നു. ഗൗരിഅമ്മയ്ക്ക് മധുരം വളരെ ഇഷ്ടമായിരുന്നു. ഞങ്ങളെ അടുത്തിരുത്തി ഭക്ഷണം കഴിച്ചു.  എന്റെ വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിച്ചത് അവരാണ്. ഭാര്യാപിതാവ് സ. പി കെ കുഞ്ഞച്ചനുമായി നല്ല ബന്ധമായിരുന്നു. ജമീലയെ മകളെപ്പോലെ കരുതി. 'എന്താ മോളേ' എന്നാണ് ചോദിക്കുക. 

ഇത്ര നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം ചരിത്രത്തില്‍ വിരളമായേ സംഭവിച്ചിട്ടുള്ളൂ. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഗൗരിഅമ്മ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സുപ്രധാന പങ്കു വഹിച്ചു. കേരളത്തെ മാറ്റിമറിച്ച നിയമനിര്‍മാണ രംഗങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ഒരു ഘട്ടത്തില്‍ പാര്‍ട്ടി വിട്ടുപോയി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഗൗരിഅമ്മയുടെ കാല്‍പ്പാടുകള്‍ ഒരിക്കലും മായില്ല.

ഗൗരിഅമ്മയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത കേരളത്തിന് നികത്താന്‍ കഴിയില്ല. കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

എ കെ ബാലന്‍

No comments:

Post a Comment