Sunday, April 28, 2013

കുടുംബശ്രീ ഇനി നിര്‍മാണമേഖലയിലും

ഹഡ്കോ കുടുംബശ്രീ മുഖേന നിര്‍മാണഗ്രൂപ്പുകള്‍ രൂപീകരിക്കും. എറണാകുളം ജില്ലയില്‍ 10 ഗ്രൂപ്പ് രൂപീകരിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറെടുക്കുന്നത്. ഇവരുടെ മേല്‍നോട്ടത്തിലാകും ഇനി ജില്ലയിലെ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുക. സ്വകാര്യ കെട്ടിടങ്ങള്‍ നിര്‍മിക്കാനും ഇവര്‍ തയ്യാറാണെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.

പരിശീലനം, സ്റ്റൈപ്പന്റ്, ഉപകരണങ്ങള്‍ വാങ്ങാനുള്ള തുക എന്നിവയ്ക്കായി ഹഡ്കോ ഒരുകോടി രൂപ ചെലവിടും. മൂന്നു മാസത്തേക്കാണ് പരിശീലനം. ജില്ലയില്‍ 10 വീതം സിവില്‍ എന്‍ജിനിയര്‍മാര്‍ക്കും സിവില്‍ ഡിപ്ലോമ ലഭിച്ച സൂപ്പര്‍വൈസര്‍മാര്‍ക്കും 15 വീതം പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്മാര്‍, അറ്റകുറ്റപ്പണി നടത്തുന്നവര്‍, വിവിധ രംഗങ്ങളില്‍ നിര്‍മാണവൈദഗ്ധ്യം ലഭിച്ചവര്‍ എന്നിവര്‍ക്കും 120 സാധാരണ തൊഴിലാളികള്‍ക്കും പരിശീലനം നല്‍കും. ഇതില്‍ എന്‍ജിനിയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനത്തിന്റെ ആവശ്യമില്ല. ബാക്കിയുള്ള 180 പേര്‍ക്കാണ് പരിശീലനം. ഇവര്‍ക്ക് ഈ കാലയളവില്‍ ദിവസവും 350 രൂപ സ്റ്റൈപ്പന്റ്നല്‍കും. പരിശീലനം നല്‍കേണ്ട കമ്പനികളെ തെരഞ്ഞെടുക്കാന്‍ ഹഡ്കോ മുന്‍കൈ എടുക്കും. ഇതിനകം 10 ഏജന്‍സികള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സിഡിഎസ് മുഖാന്തിരമോ ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേനയോ മെയ് ആറിനകം അപേക്ഷ നല്‍കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു.

deshabhimani

No comments:

Post a Comment